ബസ് ബൈക്കിനു മുകളിലേക്കു മറിഞ്ഞു; ബൈക്ക് യാത്രികൻ മരിച്ചു, ഒട്ടേറെപ്പേർക്കു പരുക്ക്...
കൊച്ചി: ട്രാഫിക് സിഗ്‌നലിൽ ഇടിച്ച സ്വകാര്യ ബസ് ബൈക്കിനു മുകളിലേക്കു മറിഞ്ഞ് ബൈക്ക് യാത്രികനു ദാരുണാന്ത്യം. വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യനാണ് (33) മരിച്ചത്. ബസ് യാത്രികരായ ഒട്ടേറെപ്പേർക്കു പരുക്കേറ്റു. കൊച്ചി മരടിനടുത്ത് മാടവനയിലാണ് അപകടം. ബാംഗ്ലൂരിൽനിന്ന് വർക്കലയിലേക്ക് പോവുകയായിരുന്ന എൻഎൽ 01 ജി 2864 റജിസ്ട്രേഷനുള്ള കല്ലട ബസ്സാണ് അപകടത്തിൽ പെട്ടത്. ദേശീയപാതയ്ക്ക് കുറുകെയാണ് ബസ് മറിഞ്ഞത്.
റെഡ് സിഗ്‍നൽ വന്നതോടെ ബസ് നിർത്താനുള്ള ശ്രമത്തിൽ സഡൻ ബ്രേക്കിട്ടതാണ് അപകടത്തിനു കാരണമായത്. ഇതോടെ നിയന്ത്രണം നഷ്ടമായ ബസ് സമീപം നിർത്തിയിട്ട ബൈക്കിനു മുകളിലേക്ക് മറയുകയായിരുന്നു. നിരവധി പേരെ സാരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച ബൈക്ക് യാത്രികൻ മരണത്തിനു കീഴടങ്ങി.
മറിഞ്ഞ ബസിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ രക്ഷാപ്രവർത്തകർ പുറത്തെടുത്ത് ആശുപത്രിയിലേക്കു മാറ്റി. ഏഴു പേരെ മരട് ലേക്ക്ഷോർ ആശുപത്രിയിലേക്കും മറ്റുള്ളവരെ സമീപ ആശുപത്രികളിലേക്കുമാണ് മാറ്റിയിരിക്കുന്നത്. അഗ്‌നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് ബസ് നീക്കിയ ശേഷമാണ് ബൈക്ക് യാത്രക്കാരനെ പുറത്തെടുത്തത്.