പണി നിർത്തിവെയ്പിച്ച പഞ്ചായത്ത് പ്രസിഡന്റിന് നിലപാട് മാറ്റം...
പത്തനംതിട്ട: മന്ത്രി വീണാ ജോർജിന്റെ ഭർത്താവിന്റെ കെട്ടിടത്തിനുമുന്നിൽ ഓട പണിയുന്നത് അശാസ്ത്രീയമാണെന്ന് ആരോപിച്ച് പണി നിർത്തിവെയ്പിച്ച സി.പി.എം. ജില്ലാ കമ്മിറ്റി അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റിന് നിലപാട് മാറ്റം.ഓടപണിയെ തുടർന്ന് പ്രതിരോധത്തിലായ സി.പി.എം., കഴിഞ്ഞദിവസം കൊടുമണ്ണിൽ വിളിച്ചുചേർത്ത വിശദീകരണ യോഗത്തിലാണ് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന് തന്റെ പഴയ നിലപാടിൽനിന്ന് പിന്നാക്കം പോകേണ്ടിവന്നത്. ലംഘനം ഉണ്ടായിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പ്രസംഗിച്ചതിനെ പൂർണമായും പിന്തുണയ്ക്കാൻ മാത്രമേ ശ്രീധരന് കഴിഞ്ഞുള്ളൂ.
മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ളതാണ് കൊടുമൺ പോലീസ് സ്‌റ്റേഷനു സമീപമുള്ള കെട്ടിടം. ഏഴംകുളം-കൈപ്പട്ടൂർ റോഡിന്റെ പണികളുടെ ഭാഗമായി ഓടപണിതപ്പോൾ ഈ കെട്ടിടത്തിനു മുന്നിൽ വളച്ചു പണിതത്, പഞ്ചായത്ത് പ്രസിഡന്റ് എത്തി തടഞ്ഞതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ജോർജ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതായുള്ള ആരോപണവും അദ്ദേഹം ഉന്നയിച്ചു.
എന്നാൽ ജില്ലാ സെക്രട്ടറിക്ക് ഈ നിലപാടല്ലായിരുന്നു. ലംഘനം ഒന്നും നടന്നിട്ടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. കോൺഗ്രസ് വിഷയം ഏറ്റെടുത്തതോടെ കൈവിട്ടുപോകുമെന്ന ഘട്ടം തിരിച്ചറിഞ്ഞപ്പോഴാണ് സി.പി.എം. വിശദീകരണ യോഗം വിളിച്ചത്.
റോഡ് അളന്ന് പുറമ്പോക്കു കണ്ടെത്തണമെന്നും മന്ത്രിയുടെ ഭർത്താവിന്റെ കെട്ടിടത്തിന് മുൻവശത്ത് ഓട വളച്ചത് ട്രാൻസ്‌ഫോർമർ നിൽക്കുന്നതിനാലാണെന്നും ജില്ലാസെക്രട്ടറി പറഞ്ഞു. അലൈൻമെന്റിൽ മാറ്റംവരുത്തിയിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ആവശ്യമെങ്കിൽ ട്രാൻസ്‌ഫോർമർ മാറ്റിസ്ഥാപിക്കണമെന്നും ഇതിനായി എസ്റ്റിമേറ്റ് പുതുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് വികസനവിരോധികൾ ആണെന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ കെട്ടിടം പുറമ്പോക്കിൽ ആണെങ്കിൽ അത് പൊളിക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.സി.പി.എമ്മിന്റെ കൊടുമൺ ലോക്കൽ കമ്മിറ്റി ഓഫീസ് കാവ് പുറമ്പോക്കിൽ ആണെന്നത് ശുദ്ധ നുണയാണെന്നും അദ്ദേഹം പറഞ്ഞു.