18 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു
ഹൈദരാബാദ്: അത്യന്തം ദാരുണമായ സംഭവത്തിൽ ഹൈദരാബാദിലെ ജവഹർ നഗറിൽ 18 മാസം പ്രായമുള്ള ആൺകുട്ടിയെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു. ചൊവ്വാഴ്ച രാത്രി കുട്ടി വീടിന്റെ പുറത്തിറങ്ങിയപ്പോഴാണ് സംഭവം.
ഒരു നായ കുറച്ച് ദൂരത്തേക്ക് കുട്ടിയെ വലിച്ചിഴക്കുകയും പിന്നീട് തെരുവ് നായ്ക്കൾ കൂട്ടം ചേർന്ന് കടിച്ചു കീറുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
പിന്നീട് സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രാത്രി മരിച്ചുവെന്ന് ജവഹർ നഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. സിദ്ദിപേട്ട് ജില്ലയിൽ നിന്നുള്ള കുടുംബം രണ്ട് മാസം മുമ്പാണ് ജവഹർ നഗറിലേക്ക് താമസം മാറിയത്.