എന്റെ മകൾക്ക് എവിടെനിന്ന് ഞാൻ അമ്മയെകൊടുക്കും? ഒരുനിമിഷം കാർ നിർത്തിയിരുന്നെങ്കിൽ- കണ്ണീരോടെ പ്രദീപ്
മുംബൈ: കരഞ്ഞ് വിളിച്ചിട്ടും കാർ നിർത്താതെ പോയെന്ന് മുബൈയിൽ ബിഎംഡബ്ല്യൂ കാർ അപകടത്തിൽ മരിച്ച സ്ത്രീയുടെ ഭർത്താവ് പ്രദീപ് നഖ്വ. അമ്മയെവിടെ എന്ന് ചോദിച്ച് മകൾ കരയുന്നെന്നും ഞാൻ എവിടെ നിന്നാണ് അവൾക്ക് അമ്മയെ കൊടുക്കുക എന്നും കണ്ണീരോടെ പ്രദീപ് ചോദിക്കുന്നു.
കാറിന് പിന്നാലെ അരകിലോമീറ്ററോളം ദൂരം ഓടി. ഭാര്യയെ കണ്ടെത്താൻ കഴിഞ്ഞില്ല. കരഞ്ഞ് നിലവിളിച്ചു. അവർ വാഹനം നിർത്തിയില്ല, വേഗത്തിൽ ഓടിച്ചു പോയി. കാർ ഒന്ന് നിർത്തിയിരുന്നെങ്കിൽ ഒന്നും സംഭവിക്കില്ലായിരുന്നു- പ്രദീപ് നഖ്വ പറയുന്നു.
അമ്മയെവിടെ അമ്മയെവിടെ എന്ന് ചോദിച്ച് എന്റെ മകൾ കരയുകയാണ്. എവിടെ ചെന്ന് അവൾക്ക് അമ്മയെ കൊടുക്കും- കണ്ണീരോടെ പ്രദീപ് ചോദിച്ചു.
താൻ സാധാരണക്കാരനാണെന്നും പാവപ്പെട്ടവനെ ആര് ശ്രദ്ധിക്കാനെന്നും ചോദിച്ച പ്രദീപ്, പ്രതി ഉയർന്ന നിലയിലുള്ള ആളുടെ മകനാണെന്നും അയാൾക്ക് പ്രതിരോധം തീർക്കുകയാണെന്നും കൂട്ടിച്ചേർത്തു. സംസ്ഥാന ഭരണത്തിനെതിരേയും പ്രദീപ് ചോദ്യങ്ങളുന്നയിച്ചു. ആഭ്യന്തരമന്ത്രി എന്തു ചെയ്തുവെന്ന് ചോദിച്ച അദ്ദേഹം, പ്രതിയുടെ പിതാവ് മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെയുടെ അടുത്ത ആളായതുകൊണ്ടാണോ മൗനം തുടരുന്നതെന്നും ചോദിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ വര്‍ളിയിലാണ് അപകടമുണ്ടായത്.കാർ അപകടത്തിൽ സ്ത്രീ മരിച്ചതിന് പിന്നാലെ പ്രതി മിഹിർ ഷാ ഒളിവിൽ പോയിരുന്നു. 72 മണിക്കൂറുകൾക്ക് ശേഷം ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ശിവസേന ഷിന്ദെ വിഭാഗം നേതാവ് രാജേഷ് ഷായുടെ മകനാണ് മിഹിർ ഷാ.
മിഹിര്‍ ഷായാണ് ബി.എം.ഡബ്ല്യൂ കാര്‍ ഓടിച്ചിരുന്നത്. ഇവരുടെ ഡ്രൈവറും വാഹനത്തിലുണ്ടായിരുന്നു. അപകടത്തില്‍ മരിച്ച കാവേരിയും ഭര്‍ത്താവ് പ്രദീക്കും സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു. അമിതവേഗത്തിലെത്തിയ ബി.എം.ഡബ്ല്യൂ കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതിമാരെ ഇടിച്ചിടുകയായിരുന്നുടിയിൽ കുടുങ്ങിയ കാവേരിയുമായി ഒന്നരക്കിലോമീറ്ററോളം ദൂരമാണ് മിഹിര്‍ ഷാ വാഹനമോടിച്ചത്. ഇതിനുശേഷം വാഹനം നിര്‍ത്തിയ പ്രതി കാറില്‍നിന്നിറങ്ങി കുരുങ്ങികിടക്കുകയായിരുന്ന കാവേരിയെ റോഡിലേക്ക് കിടത്തി. തുടര്‍ന്ന് ഡ്രൈവറാണ് വാഹനമോടിച്ചത്. ഇയാള്‍ വാഹനം പിറകിലേക്കെടുത്ത് വീണ്ടും സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയെന്നും പോലീസ് പറയുന്നു.