Featured Posts

Breaking News

കൂറാ തങ്ങൾ: ആരവമാഗ്രഹിക്കാത്ത പൂനിലവ്..

കർണ്ണാടക പുത്തൂരിൽ നിന്ന് 18കി.മീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്ന കുഗ്രാമമാണ് കൂറത്ത്. സയ്യിദ് ഫസൽ കോയമ്മ തങ്ങളുടെ ആഗമനത്തോടെ കൂറ എന്ന പേരിൽ പ്രസിദ്ധമായ ഈ നാടിൻ്റെ ആത്മീയ വെളിച്ചത്തിന് പിന്നിൽ മറ്റൊരു കഥയുണ്ട്.

കൂറത്തെ പ്രമാണിയും ദീനി സ്നേഹിയുമായ യൂസുഫ് ഹാജി നിരവധി മഹാരഥന്മാരുമായി അഭേദ്യബന്ധത്തിലാണ്. കുമ്പോൽ പാപ്പം കോയ തങ്ങൾ, കുമ്പോൽ ഫളൽ കോയ തങ്ങൾ, സി എം വലിയുല്ലാഹിൽ മടവൂർ തുടങ്ങിയവർ അതിൽ ചിലരാണ്. പലരും പലപ്പോഴായി യൂസുഫ് ഹാജിയുടെ വീട്ടിൽ താമസിച്ചിട്ടുണ്ട്...

ഒരിക്കൽ കൂറത്തെ യൂസുഫ് ഹാജിയുടെ വീട്ടിൽ എത്തിയ ശൈഖുന സി എം മടവൂർ പറഞ്ഞത്രെ " ഇവിടെ ഓർ വരും, ഇവിടെത്തെ മണ്ണും വെള്ളവും ഔഷധമാവും"..

പ്രസ്തുത പ്രവചനം മനസ്സിലാക്കാൻ അന്നവിടെത്തുകാർക്ക് സാധിച്ചില്ലെങ്കിലും പിന്നീട് വിശ്വ പ്രസിദ്ധമായെന്ന് സാരം.
പയ്യന്നൂർ എട്ടിക്കുളത്തെ നാലുരപ്പാട്ട് മoത്തിൽ തങ്ങൾ ഹൗസിൽ താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി തങ്ങളുടെയും പഴയങ്ങാടി ഏഴിമല തങ്ങളെന്ന പേരിൽ പ്രസിദ്ധമായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ മകൾ സയ്യിദത്ത് ഫാത്വിമ ബീവിയുടെയും മകനായി 1960 ലാണ് ഖുർറത്തുസ്സാദാത്ത് സയ്യിദ് ഫളൽ കോയമ്മ തങ്ങളുടെ ജനനം.

SSLC വരെ ഭൗതിക പoനം.അതോടൊപ്പം നാട്ടിൽ തന്നെ പ്രാഥമിക മതപഠനവും. ശേഷം സ്വപിതാവിൻ്റെ സേവന മണ്ഡലമായ ഉള്ളാൾ മദനി അറബിക്കോളേജിൽ മൂന്നാം ക്ലാസ്സിൽ ചേർന്നു.1988ൽ മദനി ബിരുദം നേടി സേവന ഗോഥയിലേക്ക്...
3 വർഷം മദനി കോളേജിൽ പിതാവിനൊപ്പം മുദരിസായി സേവനം ആരംഭിച്ചു.

അതിനിടയിൽ ഹജ്ജിന് പുറപ്പെട്ടു.ഹജ്ജും ബഗ്ദാദ് സിയാത്തും ചെയ്ത് തിരിച്ച് വന്നതിന് ശേഷം ഉള്ളാളിൽ നിന്നും സേവനം മാറാമെന്നാഗ്രഹം മനസ്സിൽ മൊട്ടിട്ടു.പ്രിൻസിപ്പളായ പിതാവിനോട് പറയാൻ മടി.അദബാണ് കാരണം.
സഹോദരി ഭർത്താവും ആത്മീയ കുലപതിയുമായ കുമ്പോൽ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളോട് തൻ്റെ ആഗ്രഹം പങ്കുവെച്ചു...
"ഹാ, നമുക്ക് വഴികാണാം". കുമ്പോൽ തങ്ങൾ പറഞ്ഞ് സമാധാനിപ്പിച്ചു...
താജുൽ ഉലമയുടെ ശിഷ്യന്മാരിൽ പ്രമുഖനും പുതിയാപ്പിളയുമായ കുമ്പോൽ തങ്ങൾ ശൈഖുന ഉള്ളാൾ തങ്ങളോട് കാര്യം ധരിപ്പിച്ചു..
"എന്നാ, പിന്നെ കോയമ്മയുടെ ആഗ്രഹം പോലെ നടക്കട്ടെ, നിങ്ങൾ ശരിയാക്കി കൊടുക്കൂ.. "


കുമ്പോൽ ആറ്റക്കോയ തങ്ങളുടെ പിതാവിൻ്റെ മുഹിബ്ബീങ്ങളായിരുന്നു കൂറത്തുകാർ.കൂറത്തെ പളളി വിപുലീകരണം നടത്തിയതും കുമ്പോൽ ഫസൽ തങ്ങളാണ്... പ്രസ്തുത പള്ളിയിലേക്ക് ഖതീബിനെ ആവശ്യമായി വന്ന നേരം.

സയ്യിദ് ഫളൽ കോയമ്മ തങ്ങളെ അവിടേക്ക് നിയോഗിച്ചു.അങ്ങനെയാണ് 1991 തങ്ങൾ കൂറത്തെത്തിയത്.കൂറത്ത് ഫസൽ ജുമാ മസ്ജിദിൽ ഖതീബായി സേവനം ചെയ്തുവരുന്നതിനിടയിൽ ആരാധനനിരതനായി കഴിഞ്ഞു കൂടി.മാസത്തിലൊരിക്കൽ താമസ സ്ഥലമായ എട്ടിക്കുളത്ത് വരും. അത്യാവശ്യമുണ്ടെങ്കിൽ ചിലപ്പോൾ വന്ന് പോകും.മംഗലാപുരം റെയിൽവേ സ്റ്റേഷനിലിറങ്ങി പുത്തൂരിലേക്ക് ബസ് മാർഗ്ഗമെത്തും.

അവിടെന്ന് സുബ്രഹ്മണിയ റൂട്ടിൽ പോകുന്ന ഏതെങ്കിലും വാഹനത്തിൽ കയറി പള്ളിയിലെത്താലായിരുന്നു പതിവ്.സുക്ഷിച്ച ജീവിത സൗകര്യത്തിൽ വളർന്ന് വന്ന തങ്ങൾ എന്നും ഇലാഹി ചിന്തയിൽ കഴിഞ്ഞു കൂടി.
ഖുർആൻ പാരായണത്തിലും ദിഖ്റ് ഔറാദിലുമായി ജീവിതം ചിട്ടപ്പെടുത്തിയ തങ്ങളെ കാണാൻ കാലക്രമേണ പലരും വന്നു തുടങ്ങി.

പ്രശനങ്ങൾക്ക് പരിഹാരം തേടാനും രോഗശമനത്തിനുമായി അനുദിനം ജനങ്ങൾ കൂറത്ത് പള്ളിയിലേക്ക് ഒഴുകാൻ തുടങ്ങി... ഒടുവിൽ വർഷങ്ങൾക്ക് മുമ്പ് ശൈഖുന സി എം മടവൂർ(റ) പ്രവചിച്ചത് പുലർന്നു.കൂറത്തെ മണ്ണും വെള്ളവും ഔഷധമായി. എട്ടിക്കുളത്തെ സയ്യിദ് ഫളൽ കോയമ്മ തങ്ങൾ ഖുർറത്തുസ്സാദാത്ത് എന്ന അപരനാമത്തിലുള്ള കൂറാ തങ്ങളായി മാറി...

ഉമ്മയിൽ നിന്ന് പകർന്ന വെളിച്ചം.

താജുൽ ഉലമയുടെ വിദ്യാർത്ഥി ജീവിതത്തിലാണ് ഏഴിമല തങ്ങളുടെ മകൾ സയ്യിദത്ത് ഫാത്വിമ ബീവിയെ സഖിയായി സ്വീകരിച്ചത്. പിതാവായ ഏഴിമല തങ്ങളുടെ ആത്മീയ പ്രകാശം മകളിലും നിഴലിച്ചു.കൊച്ചു പ്രായത്തിൽ തന്നെ ദീനി ചിട്ടയും ഇബാദത്തുമായി കഴിഞ്ഞു കൂടി. കിതാബുകൾ പിതാവിൽ നിന്ന് ഓതിപ്പഠിച്ചു. ചിട്ടയാർന്ന ഈ ജീവിതം മക്കളുടെ ശിക്ഷണം ചിട്ടപ്പെടുത്താൻ നിമിത്തമായി.കൂറാ തങ്ങൾക്ക് ഖുർആൻ പാരയണവും സംസ്കരണ കിതാബുകളെല്ലാം (അശറ കുത്ബ്) ഉമ്മയാണ് ഓതിക്കൊടുത്തിരുന്നത്.ഉമ്മയുടെ ശിക്ഷണവും ഉപ്പയുടെ നിയന്ത്രണവും തങ്ങളെ ആത്മീയതയിലേക്ക് ഉയർത്തി.
ഖുർആൻ പാരായണത്തിനാണ് തങ്ങൾ ജീവിതത്തിൻ്റെ സിംഹഭാഗവും ചെലവഴിച്ചത്.
യാത്രയിലും വീട്ടിലും പള്ളിയിലുമെല്ലാം ഒഴിവു കിട്ടുമ്പോൾ ഖുർആൻ പാരായണത്തിലായി കഴിയും. വിശുദ്ധ റമളാനിൽ 20 ലേറെ തവണ ഖുർആൻ ഖത്മ് തീർത്തിരുന്ന തങ്ങൾ മറ്റ് പൊതുപരിപാടികൾ ഒഴിവാക്കുകയും ചെയ്തിരുന്നു.

ജഗവഗയില്ലാത്ത ജീവിതവും വഫാത്തും

സമസ്ത കേന്ദ്ര മുശാവറ അംഗമായും മഹല്ലുകളുടെ ഖാസി പദവി അലങ്കരിക്കുമ്പോഴെല്ലാം തൻ്റെ എളിമക്കോ ലാളിത്യത്തിനോ യാതൊരു ഭാവമാറ്റവുമുണ്ടായില്ല. കൂറത്തെ പള്ളി വരാന്തയിൽ സഹ അധ്യാപകർക്കൊപ്പം തറയിലിരുന്ന് ഭക്ഷണം കഴിച്ചിരുന്ന തങ്ങൾ വഫാത്ത് വരെ പതിവ് ശൈലിക്ക് മാറ്റം വരുത്തിയില്ല.പരിപാടികൾക്ക് നേതൃത്തിന് എത്തുമ്പോൾ ആയിരങ്ങൾ തിങ്ങി നിറയണമെന്ന നിർബന്ധമോ ആഗ്രഹമോ തങ്ങൾക്കുണ്ടായില്ല. ഒരുവനുണ്ടെങ്കിലും മതി. കൃത്യസമയത്ത് തങ്ങളെത്തും. പരിപാടി ആരംഭിക്കുമ്പോൾ പത്തുപേരുണ്ടാകുന്ന സദസ്സുകളിൽ തങ്ങൾ തുടങ്ങും. പകുതിയിലെത്തുമ്പോഴേക്കും സദസ്സ് ജനനിബിഢമാകുന്ന കാഴ്ചയായിരുന്നു പലേയിടത്തുമുണ്ടായിരുന്നത്.
മുഖസ്തുതിക്കോ കറാമത്ത് അവതരണങ്ങൾക്കോ തങ്ങൾ ചെവികൊടുത്തില്ല. ആരുമറിയാതെ വരാനും പോകാനുമായിരുന്നു അവിടുത്തെ ഇഷ്ടം. ഒടുവിൽ ആരുമറിയാതെ തങ്ങൾ മടങ്ങി.

നേതൃസ്ഥാനത്തേക്ക്

ഉള്ളാൾ ഖാസിയായിരുന്ന പിതാവ് താജുൽ ഉലമയുടെ വഫാത്തിനെ തുടർന്ന് ഉള്ളാളും പരിസ ജില്ലകളിലും ഖാസി സ്ഥാനം അലങ്കരിച്ചു. ശൈഖ് സ്വബാഹുദ്ധീൻ രിഫായി ബഗ്ദാദാണ് ഖാസി പട്ടം അണിയിച്ചത്.തുടർന്ന് ജാമിഅ സഅദിയ്യയുടെ ജന.സെക്രട്ടറി സ്ഥാനത്തേക്ക്. ശേഷം സമസ്ത കേന്ദ്ര മുശാവറയിലേക്കും.എട്ടിക്കുളം താജുൽ ഉലമ എജുക്കേഷൻ സെൻ്റർ ജന.സെക്രട്ടറി, അൽ മഖർ സാരഥി, കണ്ണൂർ ജില്ല സമസ്ത പ്രസിഡണ്ട് എന്നീ പദവികളിലിരിക്കുമ്പോഴാണ് വഫാത്ത്.

ഭാര്യ: പാപ്പിനശ്ശേരി സയ്യിദ് മുഹ്ളർ തങ്ങളുടെ മകൾ സയ്യിദത്ത് ആറ്റ ബീവി.
മക്കൾ: സയ്യിദ് മഷ്ഹൂദ് മുഈനി അൽ അസ്ഹരി തങ്ങൾ, സയ്യിദ് മുസ്അബ് തങ്ങൾ, സയ്യിദത്ത് സഫീറ ബീവി, സയ്യിദത്ത് റുഫൈദ ബീവി, സയ്യിദത്ത് സകിയ ബീവി, സയ്യിദത്ത് സഫാന ബീവി.

മരുമക്കൾ: സയ്യിദ് ആമിർ തങ്ങൾ, ഡോ. സയ്യിദ് ശുഹൈബ് തങ്ങൾ, സയ്യിദ് മിസ്ബാഹ് തങ്ങൾ
സഹോദരങ്ങൾ: സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങൾ, സയ്യിദത്ത് ബീ കുഞ്ഞിബീവി, സയ്യിദത്ത് മുത്ത് ബീവി, സയ്യിദത്ത് കുഞ്ഞാറ്റ ബീവി, സയ്യിദത്ത് ചെറിയ ബീവി, സയ്യിദത്ത് റംല ബീവി കുമ്പോൽ.

-ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച



No comments