ഇനി ഡബ് ള്‍ സിം ഒഴിവാക്കേണ്ടിവരും..
സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ വയറ്റത്തടിച്ചുകൊണ്ട് ജിയോയുടെയും എയർടെലിന്റെയും മൊബൈൽ താരിഫ് വർധന ഇന്ന് മുതൽ നിലവിൽ വന്നു. ഇന്നലെ വരെ ഉപയോഗിച്ചിരുന്ന റീച്ചാർജ് പ്ലാനുകളല്ല ഇനി എയർടെൽ, ജിയോ വരിക്കാരെ കാത്തിരിക്കുന്നത്. അടിസ്ഥാന പ്രീപെയ്ഡ് പ്ലാനിന് ഉൾപ്പെടെ ഇന്നുമുതൽ കൂടിയ നിരക്ക് നൽകേണ്ടിവരും. ഈ നിരക്ക് വർധന ഏറ്റവും ദോഷകരമായി ബാധിക്കുക 1.5ജിബി വരെയുള്ള പ്രതിദിന ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ ഉപയോഗിച്ചിരുന്ന ജിയോ വരിക്കാരെയാണ്. കാരണം റീച്ചാർജിനായി ഇനി ഉയർന്ന നിരക്ക് നൽകണം എന്നത് മാത്രമല്ല, മുൻപ് ലഭ്യമായിരുന്ന അൺലിമിറ്റഡ് 5ജി ഡാറ്റ ഇനി അത്ര എളുപ്പത്തിൽ ലഭ്യമാകില്ല എന്നതും ഇവർക്ക് തിരിച്ചടിയാണ്.
റീച്ചാർജ് വർധന പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി പേർ ദീർഘകാല വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ലഭ്യമാകുന്ന പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്തിരുന്നു. ജിയോ ക്യൂ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനാൽ, നിലവിലുള്ള പ്ലാനിന്റെ വാലിഡിറ്റി തീരുന്ന മുറയ്ക്ക് പുതിയ പ്ലാൻ ആക്ടിവേറ്റ് ആകുന്നതിനാൽ അത്രയും നാളത്തേക്ക് പുതിയ കൂടിയ നിരക്ക് ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നത് ഒഴിവായിക്കിട്ടും. അതുവഴി നല്ലൈാരുതുക ലാഭിക്കാനും കഴിയുമായിരുന്നു.
ഇപ്പോൾ ജിയോയുടെയും എയർടെലിന്റെയും പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ പുതിയ നിരക്കുകളുടെ അടിസ്ഥാനത്തിലുള്ള പ്ലാനുകളാണ് കാണാൻ കഴിയുക. റീച്ചാർജ് ചെയ്യണമെങ്കിൽ ഇന്ന് മുതൽ ടെലിക്കോം വരിക്കാർ മുണ്ട് മുറുക്കിയുടുക്കേണ്ടിവരും. അതായത് മുൻപ് ഉണ്ടായിരുന്നതിനെക്കാൾ 50 രൂപ, 100 രൂപ, 200 രൂപ, 600 രൂപ വരെയൊക്കെ കൂടുതലായി നൽകിയാലേ പുതിയ പ്ലാനുകൾ ലഭ്യമാകൂ.
ഇഷ്ടം പോലെ ഡാറ്റ ഉപയോഗിച്ചിരുന്നവർ ഇനി ഡാറ്റ ഉപയോഗം കുറച്ച് കൺട്രോൾ ചെയ്യേണ്ടിവരും. കാരണം ടെലിക്കോം കമ്പനികൾ നിരക്ക് വർധനയ്ക്ക് ഒപ്പം അവതരിപ്പിച്ച ഒരു പ്രധാന മാറ്റം 2 ജിബി പ്രതിദിന ഡാറ്റയോ അതിൽ കൂടുതലോ ഉള്ള പ്ലാനുകളിൽ മാത്രമേ ഇന്ന് മുതൽ അൺലിമിറ്റഡ് 5G ഡാറ്റ ലഭിക്കൂ എന്നതാണ്.
239 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകൾക്ക് 5G ലഭിക്കുമെന്നായിരുന്നു പഴയ നിയമം. പുതിയ മാറ്റം വന്നതോടെ 1.5ജിബിയോ അതിൽ താഴെയോ ഉള്ള പ്ലാനുകൾക്കൊപ്പം അൺലിമിറ്റഡ് 5G ആസ്വദിച്ച് വന്നിരുന്നവർ തുടർന്നും അതേപോലെ ഡാറ്റ ഉപയോഗിക്കണമെങ്കിൽ 2ജിബി മുതലുള്ള പ്രതിദിന ഡാറ്റയിലെത്തുന്ന പ്രീമിയം പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യേണ്ട നില എത്തിയിരിക്കുന്നു.
ഫോൺ ഉപയോഗിക്കാത്ത അവസരങ്ങളിൽ ഡാറ്റ ഓഫ് ആക്കി വയ്ക്കുന്ന ഒരു ശീലം മുൻപ് പലർക്കും ഉണ്ടായിരുന്നു. ഇതുവരെ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഉപയോഗിച്ച് ഇഷ്ടം പോലെ ഡാറ്റ ഉപയോഗിച്ചിരുന്നവർ ഇനി ഉയർന്ന നിരക്കിന്റെ പ്ലാനുകൾ റീച്ചാർജ് ചെയ്യാൻ തയാറല്ലെങ്കിൽ ഉള്ള ഡാറ്റ പാഴായിപ്പോകാതിരിക്കാൻ ഫോൺ ഉപയോഗിക്കാത്ത അവസരങ്ങളിൽ ഡാറ്റ ഓഫ് ചെയ്തുവയ്ക്കുന്ന ശീലം വീണ്ടും തുടങ്ങേണ്ടിവരും.
പ്രതിമാസ പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർക്കാണ് പുതിയ നിരക്ക് വർധനകൊണ്ട് കൂടുതൽ നഷ്ടം ഉണ്ടാകാൻ പോകുന്നത്. ഇന്നലെ വരെ ജിയോയുടെ എൻട്രിലെവൽ പ്രീപെയ്ഡ് പ്ലാനിന് 155 രൂപയായിരുന്നു നിരക്ക്. എന്നാൽ ഇപ്പോൾ അത് 189 രൂപയായി വർധിച്ചിരിക്കുന്നു. അതേപോലെ എയർടെലിന്റെ 179 രൂപയുടെ പ്ലാനിന് ഇനി 199 രൂപ നൽകണം.
പ്രീപെയ്ഡ് പ്ലാനുകൾക്ക് മാത്രമല്ല ജിയോയുടെയും എയർടെലിന്റെയും പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ നിരക്കുകളും ഇന്ന് മുതൽ വർധിച്ചിട്ടുണ്ട്. 15-22 ശതമാനം വരെയാണ് എയർടെൽ പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. മറ്റൊരു സ്വകാര്യ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയയും റീച്ചാർജ് നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ട്. അത് ജൂലൈ 4 മുതലാണ് നിലവിൽ വരിക.