റസാഖിന്റെ വീട്ടിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമെന്ന് മന്ത്രി
കോഴിക്കോട്: കെഎസ്ഇബി സെക്ഷൻ ഓഫിസ് അക്രമിച്ചതിന് പിന്നാലെ തിരുവമ്പാടി സ്വദേശി റസാഖിന്റെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. മനുഷ്യാവകാശ കമ്മിഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തിൽ കെഎസ്ഇബിയോട് ഒരാഴ്ച്ക്കകം മറുപടി നൽകണമെന്നും കമ്മിഷൻ അധ്യക്ഷൻ ബൈജുനാഥ് ഉത്തരവിട്ടിട്ടുണ്ട്. പ്രഥമ ദൃഷ്ട്യാ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്ന് കമ്മിഷൻ കണ്ടെത്തി.
അതേസമയം, റസാഖിന്റെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം ഉടൻ പുനഃസ്ഥാപിക്കുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. വൈദ്യുതി പുനഃസ്ഥാപിക്കാൻ എത്തുന്ന ജീവനക്കാർക്ക് സുരക്ഷ ഒരുക്കാമെന്ന് തിരുവമ്പാടി പൊലീസിന്റെ ഭാഗത്തുനിന്ന് ഉറപ്പ് ലഭിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. കെഎസ്ഇബി ചെയർമാനുമായി വിഷയം ചർച്ച ചെയ്തതായി കെ.കൃഷ്ണൻകുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.
വൈദ്യുതി വിച്ഛേദിച്ചതിന് പിന്നാലെ ശനിയാഴ്ച രാത്രി റസാഖും ഭാര്യ മറിയമും തിരുവമ്പാടി സെക്ഷൻ ഓഫിസിലെത്തി മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ റസാഖിനെ രാത്രിയോടെ തിരുവമ്പാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ കഴിഞ്ഞെത്തിയതിന് പിന്നാലെ ഇന്നു രാവിലെയും റസാഖ് വീട്ടുമുറ്റത്ത് കുത്തിയിരുന്ന് പ്രതിഷേധം നടത്തിയിരുന്നു.
മക്കൾ ചെയ്ത കുറ്റത്തിന് തന്റെ വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചത് എന്തിനെന്ന് റസാഖ് നേരത്തെ ചോദിച്ചിരുന്നു. ജീവനക്കാരെ ആക്രമിച്ചതും ഓഫിസ് അടിച്ച് തകർത്തതും ചൂണ്ടിക്കാട്ടി കെഎസ്ഇബി ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ റസാഖിന്റെ മക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.