Featured Posts

Breaking News

ഒലിച്ചുപോയത് 50-ഓളം വീടുകള്‍, മഹാദുരന്തത്തില്‍ തകര്‍ന്ന്‌ ചൂരല്‍മല, മുണ്ടക്കൈ; വിലാപഭൂമിയായി വയനാട്


കല്പറ്റ: ചൂരല്‍മല, മുണ്ടക്കൈ- ഉരുള്‍ ഒന്നും ബാക്കിവെച്ചിട്ടില്ല ഇവിടെ. എല്ലാം കവര്‍ന്ന ദുരന്തത്തില്‍ ഒരു പ്രദേശമൊന്നാകെ ഒലിച്ചുപോയപ്പോള്‍ മരണനിരക്ക് (136 + ) അനുനിമിഷം വര്‍ധിക്കുകയാണ്. വയനാട് വിലാപഭൂമിയായി മാറുമ്പോള്‍ കേരളമൊന്നാകെ അതിന്റെ നടുക്കത്തിലാണ്‌. സംസ്ഥാനചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമായി ചൂരല്‍മലയും മുണ്ടക്കൈയും മാറുകയാണ്. വയനാട്ടിലാണ് ഉരുള്‍പൊട്ടിയതെങ്കില്‍ കിലോമീറ്ററുകള്‍ അകലെ ചാലിയാര്‍ പുഴയിലൂടെ മൃതദേഹങ്ങളും മൃതദേഹം അവശിഷ്ടങ്ങളും ഒഴുകിവരുന്നതാണ് നിലമ്പൂര്‍ പോത്തുകല്ല് നിവാസികള്‍ രാവിലെ കണ്ടത്. 

എത്ര മൃതദേഹങ്ങളാണ് ഇവിടെ ഒഴുകിയെത്തിയതെന്ന് ഔദ്യോഗികമായ കണക്കുകള്‍ വന്നിട്ടില്ല. കിലോമീറ്ററുകള്‍ ഒഴുകിയെത്തിയ മൃതദേഹങ്ങളില്‍ പലതിനും അംഗഭംഗം സംഭവിച്ചിട്ടുണ്ട്‌.
പോത്തുകല്ലില്‍ ഒഴുകിയെത്തിയതും ദുരന്തം നടന്ന ചൂരല്‍മലയുടെ പരിസരത്ത് നിന്നുമായി 80-ഓളം മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്. എന്നാല്‍ സമാനമായി ഉരുള്‍പൊട്ടിയ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് കടന്നെത്താനായത് ചൊവ്വാഴ്ച ഉച്ചയോടെ മാത്രമാണ്. കണ്ടെടുത്ത മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാനും ആയിട്ടില്ല.

എത്രപേര്‍ മരിച്ചുവെന്നോ എത്രപേര്‍ സുരക്ഷിതരാണെന്നോ പോലും അറിയാന്‍ കഴിയാത്ത സ്ഥിതിയിലാണ് മുണ്ടക്കൈ. ചൂരല്‍മലയിലെ ദുരന്തത്തിന്റെ തീവ്രതയാണ് പുറംലോകം അറിഞ്ഞതെങ്കില്‍ മുണ്ടക്കൈയിലേത് അതിലും വലുതാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

മുണ്ടക്കൈയേയും ചൂരല്‍മലയേയും ബന്ധിപ്പിക്കുന്ന പാലം തകര്‍ന്നതോടെ 300-ഓളം കുടുംബങ്ങളിലുള്ള ആയിരത്തോളം പേര്‍ ഏറക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. പലരും കുന്നിന്‍മുകളിലൊക്കെ അഭയം പ്രാപിച്ചിരിക്കുകയാണ്. എത്രവീടുകള്‍ ഒലിച്ചുപോയെന്നോ എത്രപേര്‍ മരിച്ചെന്നോ കാണാതായിട്ടുണ്ടെന്നോ കൃത്യമായ വിവരം പോലും ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല. തോട്ടംതൊഴിലാളികളുടെ 9 ലയങ്ങള്‍ ഒലിച്ചുപോയിട്ടുണ്ട്. ഇവിടങ്ങളില്‍ താമസിച്ചിരുന്നവരെക്കുറിച്ച് ഒരുവിവരവുമില്ല. ഉരുള്‍പൊട്ടിയെത്തിയ മലവെള്ളപ്പാച്ചിലില്‍ പുഴ ദിശമാറി ഒഴുകി ചൂരല്‍മലയെ തകര്‍ത്തെറിയുകയായിരുന്നു. എങ്ങും കൂറ്റന്‍ കല്ലുകളും ചെളിയും നിറഞ്ഞു.

സംസ്ഥാന-ദേശീയ ദുരന്ത നിവാരണ സേനകളും സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളും പോലീസും ഫയര്‍ഫോഴ്‌സും മറ്റു ഉദ്യോഗസ്ഥരും നാട്ടുകാരും ഒന്നടങ്കം ജീവനുവേണ്ടിയുള്ള തിരച്ചിലിലേര്‍പ്പെട്ടിരിക്കുകയാണ്. ഡ്രോണുകളും സൈന്യത്തിന്റെയും പോലീസിന്റെയും ഡോഗ് സ്‌ക്വാഡുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിത്തംവഹിക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും അമിത് ഷാ അടക്കമുള്ള കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കിയിട്ടുണ്ട്. തകര്‍ന്ന് കിടക്കുന്ന വീടുകളും മറ്റും പൂര്‍ണ്ണമായും പൊളിച്ച് പരിശോധിച്ചാല്‍ മരണസംഖ്യ കുതിച്ചുയരുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ഗതാഗത-ആശയവിനിമയ സംവിധാനം തകര്‍ന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് പ്രധാന തടസ്സമായിനില്‍ക്കുന്നത്.


No comments