Featured Posts

Breaking News

ഞാൻ പഠിപ്പിച്ച മക്കളും രക്ഷിതാക്കളുമാണ് മരിച്ചുവീണത്.. നെഞ്ചുപൊട്ടി ഉണ്ണിമാഷ്


ഇനി ഞാനെങ്ങനെ അവിടെ നിൽക്കും? ഞാൻ പഠിപ്പിച്ച എന്റെ മക്കളും അവരുടെ രക്ഷിതാക്കളും വേണ്ടപ്പെട്ടവരുമാണ് മരിച്ചുവീണതും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതും. സ്നേഹിക്കാൻ മാത്രം അറിയുന്ന മനുഷ്യരാണവർ. അവർക്കിടയിൽ കളിച്ചും ചിരിച്ചും പഠിപ്പിച്ചും കഴിഞ്ഞപ്പോൾ 17 കൊല്ലം പോയത് ഞാൻ അറിഞ്ഞിട്ടില്ല..’ -ഉണ്ണിമാഷ് ഇത് പറയുമ്പോൾ ശബ്ദമിടറുന്നുണ്ടായിരുന്നു.

വയനാട്ടി​ലെ ഉൾഗ്രാമമായ ചൂരൽമല വെള്ളാർമല ജി.വി.എച്ച്.എസ്.എസ് സ്കൂളിൽ 2006ൽ മലയാളം അധ്യാപകനായി എത്തിയതാണ് ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ സ്വദേശിയായ ഉണ്ണികൃഷ്ണൻ മാസ്റ്റർ. ചൂരൽമല നിവാസികളുടെ സ്നേഹത്തിനുമുന്നിൽ സ്വന്തം നാടിനെ പോലും ഉപേക്ഷിച്ച് 17 വർഷമായി ഇവിടെ തന്നെ സേവനം തുടരുകയാണ് അദ്ദേഹം. 26 അധ്യാപകരുള്ള ഈ വിദ്യാലയത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സർവിസുള്ളതും ഇദ്ദേഹത്തിനാണ്.

എല്ലാവരും എന്റെ വിദ്യാർഥികളാണ്. പഴയ ആ സ്കൂൾ ഇനി തിരിച്ചുകിട്ടില്ല. ഇനി ആര് അവിടെ താമസിക്കും... എങ്ങനെ അവിടെ പഠിപ്പിക്കും? ദുരന്തഭൂമിയല്ലേ അത്? വിദ്യാലയമല്ലല്ലോ...’ അദ്ദേഹം പറഞ്ഞു.
സ്കൂളിനടുത്ത് തന്നെ ഷീറ്റ് മേഞ്ഞ കെട്ടിടത്തിലായിരുന്നു ഉണ്ണിമാഷും രണ്ട് സഹപ്രവർത്തകരും താമസിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച കടുത്ത മഴ ആയതിനെ തുടർന്ന് സുരക്ഷയെ കരുതി മൂവരും താമസം സ്കൂളിലേക്ക് മാറ്റി. അതിനിടെ കഴിഞ്ഞ ദിവസം അമ്മയുടെ ചേച്ചി മരിച്ചതിനെ തുടർന്ന് ഇദ്ദേഹം നാട്ടിൽ പോയി.

കൂട്ടുകാർ താമസം മേപ്പാടിയിലേക്കും മാറ്റി. മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനാൽ നാട്ടിൽ തുടരുന്നതിനിടെയാണ് ഇന്ന് പുലർച്ചെ ദുരന്ത വാർത്ത അറിയുന്നത്. ഉടൻ ട്രെയിനിൽ വയനാട്ടിലേക്ക് തിരിക്കുകയായിരുന്നു.

14 കി.മി ചുറ്റളവിൽ ഞങ്ങളുടെ സ്കൂൾ മാത്രമാണ് ഉള്ളത്. ഗ്രാമത്തിലുള്ള എല്ലാവരെയും എനിക്ക് വ്യക്തിപരമായി അറിയാം. വൈകീട്ട് നാട്ടിലെ പുരുഷന്മാരെല്ലാം ചൂരൽമല അങ്ങാടിയിൽ വരും. ഏറെ നേരം സംസാരിച്ചിരിക്കും. ഒത്തിരി സ്നേഹമുള്ളവരായിരുന്നു അവർ... നല്ല മനുഷ്യന്മാർ... എല്ലാം ഒരു​രാത്രി കൊണ്ട് അവസാനിച്ചില്ലേ...’ -കണ്ഠമിടറിക്കൊണ്ട് ഉണ്ണിമാഷ് പറഞ്ഞു.

No comments