ഉള്ളിലിരിപ്പ് അറിയിച്ച് മുഖ്യമന്ത്രി; വെട്ടിലായത് അന്വേഷണസംഘം..
തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത്കുമാറിനെ കൈവിടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി പ്രഖ്യാപിച്ചതോടെ, അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്ന ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും വിജിലൻസും വെട്ടിലായി.ആരോപണങ്ങൾ രേഖാമൂലം നൽകിയ ഭരണപക്ഷ എംഎൽഎ പി.വി.അൻവറിനെ തള്ളിപ്പറഞ്ഞതിലൂടെ മുഖ്യമന്ത്രി വ്യക്തമായ സന്ദേശമാണു പ്രത്യേക സംഘത്തിനു നൽകിയത്. ഡിജിപിയുടെ സംഘത്തിലെ ഒരു ഐജിയും ഡിഐജിയും അജിത്കുമാറിനു നേരിട്ടു റിപ്പോർട്ട് ചെയ്യുന്ന കീഴുദ്യോഗസ്ഥരാണ്. തുടക്കം മുതൽ മുടന്തി നീങ്ങിയ അന്വേഷണം അജിത്കുമാറിനു ക്ലീൻ ചിറ്റ് നൽകേണ്ട സ്ഥിതിയിലായേക്കാം.
അജിത്കുമാറിനെതിരെ അൻവർ ഡിജിപിയുടെ സംഘത്തിനു നൽകിയ മൊഴി പരിശോധിച്ചാണ് അതിലെ 5 ആരോപണങ്ങൾ അന്വേഷിക്കാൻ തീരുമാനിച്ചത്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ കാര്യമായ തെളിവു ലഭിച്ചില്ലെന്നാണു സൂചന. ആരോപണങ്ങളിൽ അവിഹിത സ്വത്തുസമ്പാദനവും വീടും ഭൂമിയും വാങ്ങിയതും ഡിജിപിയുടെ ശുപാർശപ്രകാരം മുഖ്യമന്ത്രി വിജിലൻസിനു കൈമാറി.
അതിന്റെ പ്രാഥമിക പരിശോധനയാണു നടക്കുന്നതെന്നും ആദ്യ റിപ്പോർട്ട് വരുമ്പോൾ എന്തെങ്കിലുമുണ്ടെങ്കിൽ അപ്പോൾ നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞതോടെ വിജിലൻസും ധർമസങ്കടത്തിലായി. എങ്കിലും ആരോപണവിധേയനായ അജിത്കുമാറിനെ അന്വേഷണം കഴിയുന്നതുവരെ തൽസ്ഥാനത്തുനിന്നു മാറ്റിനിർത്തണമെന്നു വിജിലൻസിന് ആവശ്യപ്പെടാം. വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അതിനു തയാറാകുമോയെന്നാണ് അറിയേണ്ടത്. മറ്റു സർക്കാർ ഉദ്യോഗസ്ഥരെ ഇത്തരത്തിൽ മാറ്റിനിർത്താറുണ്ട്.
മലപ്പുറത്തെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണം ക്രൈംബ്രാഞ്ചും അന്വേഷിക്കുന്നുണ്ട്. എന്നാൽ, അജിത്കുമാറിന്റെയും സുജിത്ദാസിന്റെയും നേതൃത്വത്തിൽ നടത്തിയ സ്വർണവേട്ടയുടെ കണക്കു നിരത്തി മുഖ്യമന്ത്രി ന്യായീകരിക്കുകയും അൻവറിനെ പരോക്ഷമായി ഉന്നമിട്ട് സ്വർണവേട്ട അട്ടിമറിക്കാൻ അനുവദിക്കില്ലെന്നു പറയുകയും ചെയ്തതോടെ ആ അന്വേഷണത്തിലും തീരുമാനമാകുന്ന സ്ഥിതിയാണ്.
അജിത്കുമാർ ആർഎസ്എസ് നേതാക്കളെ തൃശൂരിലും തിരുവനന്തപുരത്തു കണ്ടത് അന്വേഷിക്കുമെന്ന് ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി ഉറപ്പുനൽകിയെങ്കിലും അത് അന്വേഷിക്കാനുള്ള ഉത്തരവ് ഡിജിപിക്കു കൈമാറിയിട്ടില്ല. കൂടിക്കാഴ്ച രാഷ്ട്രീയമായിക്കണ്ട് അജിത്കുമാറിനെ ഉടൻ ക്രമസമാധാനച്ചുമതലയിൽനിന്നു മാറ്റണമെന്നു സിപിഐ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി അജിത്തിനെ പൂർണമായി സംരക്ഷിച്ച് സിപിഐയെ അവഗണിച്ചിരിക്കുകയാണ്.