Featured Posts

Breaking News

ബാറ്ററി മാറ്റിവയ്ക്കാം, തരംഗമാകാൻ ഹോണ്ട ആക്ടിവ ഇലക്ട്രിക്..


കാത്തിരിപ്പുകള്‍ അവസാനിപ്പിച്ച് ആക്ടിവയുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കി ഹോണ്ട. ആക്ടിവ ഇ എന്നു പേരിട്ട സ്‌കൂട്ടര്‍ എടുത്തുമാറ്റാവുന്ന ബാറ്ററികളോടെയാണ് എത്തിയിരിക്കുന്നത്. ബാറ്ററി സ്വാപിങും ഭാവിയില്‍ സബ്‌സ്‌ക്രിബ്ഷന്‍ മോഡലായി ബാറ്ററി അവതരിപ്പിക്കാനുള്ള നീക്കങ്ങളും സജീവമാണ്.

രണ്ട് വകഭേദങ്ങളിലായി എത്തുന്ന ആക്ടിവ ഇ ആദ്യഘട്ടത്തില്‍ ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നീ നഗരങ്ങളില്‍ മാത്രമാണ് വില്‍പനക്കെത്തുക. 2025 ജനുവരി ഒന്നു മുതലാണ് ആക്ടിവ ഇയുടെ ബുക്കിങ് ആരംഭിക്കുക. വാഹനത്തിന്റെ വിതരണം ഫെബ്രുവരിയില്‍ ആരംഭിക്കും.

എടുത്തു മാറ്റാവുന്ന രണ്ട് 1.5 kWh ബാറ്ററികളാണ് ആക്ടിവ ഇയുടെ കരുത്ത്. ഒറ്റ ചാര്‍ജില്‍ പരമാവധി 102 കിലോമീറ്ററാണ്(IDC) റേഞ്ച്. ഈ ബാറ്ററികളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോര്‍ 6kW കരുത്തും 22എന്‍എം ടോര്‍ക്കും പുറത്തെടുക്കും.

വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്റര്‍. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലേക്ക് 7.3 സെക്കന്‍ഡില്‍ ഹോണ്ട ആക്ടിവ ഇ കുതിക്കും.


സ്റ്റാന്‍ഡേഡ്, ഹോണ്ട റോഡ്‌സിങ്ക് ഡ്യുവോ എന്നിങ്ങനെ രണ്ട് വകഭേദങ്ങള്‍. ഭാരം യഥാക്രമം 118 കീ.ഗ്രാം, 119 കി.ഗ്രാം. 171 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുള്ള സ്‌കൂട്ടറിന്റെ മുന്നില്‍ 160എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 130എംഎം ഡ്രം ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്. മുന്നിലും പിന്നിലും 12 ഇഞ്ച് വീലുകള്‍.

സീറ്റിനടിയിലാണ് ആക്ടിവ ഇയുടെ രണ്ട് ബാറ്ററികള്‍ക്കുമുള്ള സ്ഥാനം. അതുകൊണ്ടുതന്നെ സ്റ്റോറേജ് സ്‌പേസ് ആക്ടിവ ഇയില്‍ പരിമിതമാണ്.


അപ്പോഴും മുന്നില്‍ രണ്ട് ചെറിയ സ്‌റ്റോറേജ് സ്‌പേസുകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ ഒന്നില്‍ യുഎസ്ബി ചാര്‍ജിങ് സൗകര്യവുമുണ്ട്. ആക്ടിവ പെട്രോളിലെ ഉയര്‍ന്ന വകഭേദത്തിലേതു പോലെ ആക്ടിവ ഇയിലും കീലെസ് സൗകര്യമുണ്ട്.

ഇകോ, സ്റ്റാന്‍ഡേഡ്, സ്‌പോര്‍ട് എന്നിങ്ങനെ മൂന്ന് റൈഡിങ് മോഡുകള്‍. റിവേഴ്‌സ് സൗകര്യവും ആക്ടിവ ഇയിലുണ്ട്. 5 ഇഞ്ചാണ് ടിഎഫ്ടി ഡിസ്‌പ്ലേ. ഉയര്‍ന്ന വകഭേദത്തില്‍ 7 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ. നാവിഗേഷന്‍ സൗകര്യവും നോട്ടിഫിക്കേഷന്‍ അലര്‍ട്ടുമുണ്ട്. ഇളം നീല, കടും നീല, വെള്ള, തവിട്ട്, കറുപ്പ് എന്നിങ്ങനെ അഞ്ച് നിറങ്ങളിലെത്തുന്നു.


കര്‍ണാടകയിലെ ഹോണ്ടയുടെ നര്‍സാപുര പ്‌ളാന്റിലാണ് ഹോണ്ട ആക്ടിവ ഇയുടെ നിര്‍മാണം. ബെംഗളൂരുവില്‍ മാത്രം 83 ഹോണ്ട പവര്‍ പാക്ക് ഇ ബാറ്ററി സ്വാപ്പിങ് സ്റ്റേഷനുകള്‍ ഹോണ്ട നിര്‍മിച്ചു കഴിഞ്ഞു. ഡല്‍ഹിയിലും മുംബൈയിലും ഹോണ്ടയുടെ സ്വാപ്പിങ് സ്റ്റേഷനുകള്‍ ഒരുങ്ങുന്നു.

2026 ആവുമ്പോഴേക്കും ബെംഗളൂരുവില്‍ 250 സ്‌റ്റേഷനുകളാണ് ലക്ഷ്യമിടുന്നത്. ഇത് സാധ്യമായാല്‍ ബെംഗളൂരുവില്‍ അഞ്ചു കിലോമീറ്ററിനുള്ളില്‍ ഒരു ബാറ്ററി സ്വാപിങ് സ്റ്റേഷന്‍ ഹോണ്ടക്കുണ്ടാവും. ആവശ്യത്തിന് സ്‌റ്റേഷനുകള്‍ തുടങ്ങിയ കഴിഞ്ഞാല്‍ ബാറ്ററി ആസ് എ സര്‍വീസ് ഓപ്ഷനായി നല്‍കാനും പദ്ധതിയുണ്ട്. ആക്ടിവ ഇക്കൊപ്പം ഹോണ്ട ക്യുസി1 എന്ന ഇലക്ട്രിക് സ്‌കൂട്ടറും പുറത്തിറക്കി.

No comments