കുലുങ്ങാതെ ചെങ്കോട്ട; ചേലക്കരയിൽ യു ആർ പ്രദീപ്...
ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്. തുടക്കം മുതൽ അവസാനം വരെ എതിരാളികൾക്ക് മുന്നേറാൻ അവസരം നൽകാതെ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ്. 12,122 വോട്ടുകളുടെ ലീഡിനാണ് യു ആർ പ്രദീപ് ജയിച്ചത്. യു.ആർ. പ്രദീപ് 64259 വോട്ടുകളാണ് നേടിയത്. രമ്യ ഹരിദാസിന് 52137 വോട്ടുകളാണ് നേടിയത്. ചെങ്കോട്ടയായ ചേലക്കര പിടിച്ചെടുക്കാമെന്ന യുഡിഎഫിന്റെ ആഗ്രഹം മങ്ങി. രമ്യ ഹരിദാസിലൂടെ മണ്ഡലം തിരിച്ചു പിടിക്കാനായിരുന്നു കോൺഗ്രസ് നീക്കം.
രാഷ്ട്രീയ വിജയം ഉണ്ടാകണേൽ ചേലക്കര പിടിക്കണമെന്ന യുഡിഎഫിന്റെ ആഗ്രഹങ്ങൾക്ക് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കോൺഗ്രസിന്റെ കുത്തക മണ്ഡലമായിരുന്നു ചേലക്കര 96ൽ വിദ്യാർത്ഥി സംഘടന രംഗത്തെ യുവ നേതാവ് കെ രാധാകൃഷ്ണനിലൂടെ ചേലക്കര ഇടത്തേക്ക് ചാഞ്ഞു. രാധാകൃഷ്ണൻ പിന്നീട് ചേലക്കരക്കാരുടെ രാധേട്ടനായപ്പോൾ മണ്ഡലം ഇടതു കോട്ടയായി. 2016 ൽ രാധാകൃഷ്ണന് പകരക്കാരനായി യു ആർ പ്രദീപ് കളത്തിലിറങ്ങി. പിന്നീട് രാധാകൃഷ്ണന് വേണ്ടി വഴിമാറി.
ഇപ്പോൾ യുആർ പ്രദീപ് വീണ്ടും ചേലക്കരയുടെ തലവനായി വരുന്നു. 1996-ന് ശേഷം മണ്ഡലത്തിൽ എൽഡിഎഫ് തോൽവി അറിഞ്ഞിട്ടില്ല. കഴിഞ്ഞ നിയമഭ തിരഞ്ഞെടുപ്പിൽ 39,400 വോട്ടിനായിരുന്നു കെ രാധാകൃഷ്ണന്റെ ജയം. 9 പഞ്ചായത്തുകളിലും ഭൂരിപക്ഷം എൽഡിഎഫിനായിരുന്നു.