സമസ്തക്കെതിരെ വീണ്ടും ഒളിയമ്പുമായി പി എം എ സലാം...
കുവൈത്ത് സിറ്റി: ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിറകെ ജിഫ്രി മുത്തുകോയ തങ്ങൾക്കും സമസ്തക്കുമെതിരെ ഒളിയമ്പുമായി മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം. പാലക്കാട് മണ്ഡലം സ്ഥാനാർഥികളായ രാഹുൽ മാങ്കൂട്ടത്തിൽ, സരിന് എന്നിവരുടെ ഫലത്തെ കുറിച്ച് പറയുന്നതിനിടെയാണ് പി.എം.എ സലാം ജിഫ്രി തങ്ങൾക്ക് എതിരെ പരോക്ഷ പരാമർശം നടത്തിയത്.
രാഹുൽ മങ്കൂട്ടത്തെ തലയിൽ കൈവെച്ചു അനുഗ്രഹിച്ചത് പാണക്കാട് സദീഖലി ശിഹാബ് തങ്ങളാണ്. ഇടത് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്കു പോകുമ്പോൾ അദ്ദേഹത്തെ തലയിൽ കൈ വെച്ചു അനുഗ്രഹിച്ച മറ്റൊരു നേതാവ് ഉണ്ടായിരുന്നു. ആരുടെ കൂടെയാണ് കേരളീയ മുസ്‍ലിം സമൂഹം എന്ന് വ്യക്തമായി അംഗീകരിക്കപ്പെട്ട ഒരു സാഹചര്യമാണ് ഇത് എന്നായിരുന്നു പി.എം.എ. സലാമിന്റെ പ്രതികരണം.
സരിന് തെരെഞ്ഞെടുപ്പിന് മുൻപ് ജിഫ്രി തങ്ങളെ കണ്ടതും അനുഗ്രഹം നേടിയതിനും എതിരായ ഒളിയമ്പായി ഇതിനെ വ്യാഖ്യാനിക്കപ്പെട്ടു. മുസ്‍ലിം സമുദായത്തെ പ്രധിനിധീകരിക്കുന്ന പത്രങ്ങൾ ഏതാണ് എന്നും ഈ തെരഞ്ഞെടുപ്പോടെ വ്യകതമായിരിക്കുകയാണ് എന്നും സുപ്രഭാതത്തിലും സിറാജിലും വന്ന പരസ്യങ്ങളെ പരോക്ഷമായി സൂചിപ്പിച്ചു സലാം വ്യക്തമാക്കി. ഏതുപത്രം പറയുന്നതാണ് കേരളത്തിലെ മുസ്‍ലിം സമൂഹം അംഗീകരിക്കുന്നതെന്ന് കൂടി തെളിയിക്കപ്പെട്ട സാഹചര്യമാണ് എന്നും പി.എം.എ. സലാം പറഞ്ഞു.
കുവൈത്തിൽ കെഎംസിസി സമ്മേളനത്തിന് എത്തിയതായിരുന്നു പി.എം.എം. സലാം. ജിഫ്രി തങ്ങൾക്കും പത്രത്തിനും എതിരായ പരാമർശം കെ.എം.സി.സിയിൽ ഒരു വിഭാഗത്തിലും സമസ്തയിലും പ്രതിഷേധത്തിന് ഇടയാക്കി. സമസ്തയുടെ പ്രവാസി സംഘടനയായ കുവൈത്ത് ഇസ്‍ലാമിക് കൗൺസിൽ പ്രധിഷേധകുറിപ്പ് പുറത്തിറക്കി. സമൂഹ മാധ്യമങ്ങളിലും പി.എം.എ സലാമിന്റെ പരാമർശം ചോദ്യം ചെയ്യപ്പെട്ടു.
ഇതൊടെ താൻ ഉദ്ദേശിച്ചത് ജിഫ്രി തങ്ങളെ അല്ലെന്നും പിണറായി വിജയനെ ആണെന്നും രാത്രിയോടെ പി.എം.എ. സലാം തിരുത്തി. സാരിനെ മറ്റൊരാൾ അനുഗ്രഹിച്ചു എന്നതു പിണറായി വിജയനെ ഉദ്ദേശിച്ചു ആണ് എന്നത് വ്യക്തമല്ലേ എന്നായിരുന്നു സലാമിന്റെ വിശദീകരണം.