സിപിഎം–ബിജെപി ‘സംയുക്ത ഇന്നോവ’ എത്തിയേക്കും; ക്വട്ടേഷൻ സുരേന്ദ്രൻ വക, ഓടിക്കുന്നത് എം.ബി.രാജേഷ്’
പാലക്കാട്: സിപിഎമ്മിനെയും ബിജെപിയെയും കടന്നാക്രമിച്ച് കോൺഗ്രസിലെത്തിയ സന്ദീപ് വാരിയർ. തന്നെ കൊല്ലാൻ സിപിഎമ്മും ബിജെപിയും ചേർന്ന് ഇന്നോവ അയച്ചേക്കുമെന്ന് സന്ദീപ് വാരിയർ പറഞ്ഞു. പാണക്കാട്ട് സന്ദർശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം–ബിജെപി ‘സംയുക്ത ഇന്നോവ’ തന്നെ കൊല്ലാനായി അയയ്ക്കുമോ എന്ന് ഭയപ്പെടുകയാണെന്ന് സന്ദീപ് പറഞ്ഞു. ആ ഇന്നോവ ഓടിക്കുന്നത് മന്ത്രി എം.ബി.രാജേഷ് ആണെങ്കിൽ ക്വട്ടേഷനുമായി വരുന്നത് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനായിരിക്കും. ഈ രണ്ടു കൂട്ടരുമാണ് കേരളത്തിലെ രാഷ്ട്രീയം മുഴുവൻ നടത്തികൊണ്ടിരിക്കുന്നത്. പാലക്കാട്ടെ തിരഞ്ഞെടുപ്പും അതുപോലെയാണ് നടക്കുന്നത്. കേരളത്തിലെ ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ട്. തന്നെ എന്തൊക്കെ ആക്ഷേപിച്ചാലും അത് സിപിഎമ്മിലേക്കും ബിജെപിയിലേക്കും തന്നെ ചെന്നെത്തും.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഫാക്ടറിയിൽ പ്രവർത്തിച്ച് മനസ്സു മടുത്താണ് കോൺഗ്രസിലേക്ക് വന്നത്, അധികാരം മോഹിച്ചല്ല. വിശ്വസിച്ച പ്രത്യയ ശാസ്ത്രത്തെ എന്നെന്നേക്കുമായി ഉപേക്ഷിച്ചാണ് വന്നിരിക്കുന്നത്. സന്ദീപിന് കോൺഗ്രസ് പാർട്ടിയിൽ വലിയ കസേര കിട്ടട്ടെ എന്നാണ് കെ.സുരേന്ദ്രൻ പറയുന്നത്. ഞാൻ ഇരിക്കുന്ന കസേരയുടെ മഹത്വം സുരേന്ദ്രന് അറിയില്ല. കൊടപ്പനയ്ക്കൽ തറവാട്ടിൽ ലഭിച്ച കസേരയെ ഞാൻ വലുതായി കാണുന്നു.’’– സന്ദീപ് പറഞ്ഞു.