Featured Posts

Breaking News

പ്രസിഡന്റ് ട്രംപ് പണിതുടങ്ങി; പുടിനെ വിളിച്ച് യുക്രെയ്ൻ യുദ്ധം ചർച്ചചെയ്ത് ട്രംപ്..


വാഷിംഗ്‌ടൺ ഡിസി: യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയത്തിന് ദിവസങ്ങൾക്ക് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രെയ്ൻ യുദ്ധം വഷളാക്കരുതെന്ന് ആവശ്യപ്പെട്ടതായും റഷ്യയുമായി യുഎസ് ചർച്ചകൾ പുനഃസ്ഥാപിക്കാനും ട്രംപ് താത്പര്യം പ്രകടിപ്പിച്ചതുമായാണ് റിപ്പോർട്ട്.

ഫ്ലോറിഡയിലെ മാർ ഇ ലാഗോ എസ്റ്റേറ്റിൽ നിന്നാണ് ട്രംപ് പുടിനുമായി സംസാരിച്ചത്. ചർച്ചയിൽ യുഎസിന് യൂറോപ്പിലുള്ള സൈനിക വിന്യാസത്തിന്റെ വലുപ്പം എന്തെന്ന് ട്രംപ് പുടിനെ ഓർമിപ്പിച്ചു. യുക്രെയ്‌നുമായുള്ള സംഘർഷം ഒരു തീരുമാനവും ആകാതെ നിൽക്കുന്ന സാഹചര്യത്തിൽ, ചർച്ചകൾക്ക് മധ്യസ്ഥം നിൽക്കാനും ട്രംപ് താത്പര്യം പ്രകടിപ്പിച്ചു. ഇതോടെ ബൈഡന് സാധിക്കാതെ വന്നത് ട്രംപിന് സാധിക്കുമോ എന്നത് ഉറ്റുനോക്കുകയാണ് ലോകം.

നേരത്തെ, പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും ട്രംപുമായി ചർച്ച നടത്തിയിരിക്കുന്നു. കൂടെ ഇലോൺ മസ്കും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ട്രംപുമായുള്ള സംഭാഷണത്തെ മികച്ചതെന്ന് വിശേഷിപ്പിച്ച സെലൻസ്കി, യുക്രെയ്‌നുമായി നിരന്തരം ബന്ധം പുലർത്താൻ ട്രംപിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞിരുന്നു.

അതേസമയം, ട്രംപിന്റെ തിരിച്ചുവരവിനെ റഷ്യ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. പ്രചാരണകാലയളവിലെല്ലാം റഷ്യ യുക്രെയ്ൻ സംഘർഷം പരിഹരിക്കുമെന്ന് തന്നേയായിരുന്നു ട്രംപിന്റെ വാദം. ഇപ്പോൾ പുടിനുമായുള്ള ചർച്ചയും 'പോസിറ്റീവ് സിഗ്നൽ' തരുന്നുവെന്നാണ് റഷ്യൻ അധികൃതരുടെ നിരീക്ഷണം.

No comments