ഇനി വീട്ടുനമ്പറും ഡിജിറ്റലാകും, വഴി റൂട്ട് മാപ്പില്‍...
വിലാസം പോലും ഇല്ലാതെ വീടിന്റെയും വീട്ടുടമയുടെയും വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ എത്തുന്ന ഡിജി ഡോര്‍ പിന്‍ കേരളത്തിലും എത്തുന്നു. ഇതോടെ സംസ്ഥാനത്തെ ഓരോ വീടിന്റെയും കെട്ടിടത്തിന്റെയും നമ്പര്‍ ഡിജിറ്റലാവും. കെട്ടിടങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ നല്‍കുന്ന സ്ഥിരം നമ്പറാണ് ഡിജി ഡോര്‍ പിന്‍. ഒമ്പതോ പത്തോ അക്കമുള്ള ഓരോ നമ്പറിലും കെട്ടിടവിവരങ്ങള്‍ ഒളിഞ്ഞിരിക്കും എന്നതാണ് പ്രത്യേകത.
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച ഈ സംവിധാനം കെ-സ്മാര്‍ട്ടിലൂടെയാണ് നടപ്പാക്കുന്നത്. ഈ സംവിധാനത്തില്‍ ഓരോ വീടും കെട്ടിടവും 'ഡോര്‍' എന്നാണ് അറിയപ്പെടുക. ഫ്‌ളാറ്റുകളിലും മറ്റും ഓരോ താമസക്കാരനെയും ഓരോ ഡോര്‍ ഉടമയായി കണ്ട് സ്ഥിരം പിന്‍ നമ്പര്‍ നല്‍കും. നമ്പര്‍ നോക്കിയും ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്തും ഏത് തദ്ദേശ സ്ഥാപനമാണെന്നത് അടക്കമുള്ള എല്ലാ കെട്ടിട വിവരങ്ങളും അറിയാന്‍ പറ്റും.
പുനര്‍നിര്‍ണയത്തിലൂടെ വാര്‍ഡോ, തദ്ദേശ സ്ഥാപനമോ, മാറിയാലും ഡിജി ഡോര്‍ പിന്‍ മാറില്ല. നമ്പറുണ്ടെങ്കില്‍ വഴിതെറ്റാതെ കെട്ടിടത്തിലെത്താം. ദുരന്തങ്ങള്‍ അപകടങ്ങള്‍ തുടങ്ങിയവ ഉണ്ടായാല്‍ വിലാസം ഇല്ലാതെ തന്നെ പോലീസിനും അഗ്നിരക്ഷാസേനയ്ക്കും സംഭവസ്ഥലത്തെത്താം. ഭക്ഷണവിതരണം ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങളും എളുപ്പമാകും. വീട്ടുടമ ഡിജി പിന്‍ നമ്പര്‍ അറിയിച്ചാല്‍ മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കില്‍ വഴി ചോദിച്ച് വലയേണ്ടിവരില്ല.
വ്യക്തിവിവരങ്ങള്‍ക്ക് സുരക്ഷാഭീഷണി ഉണ്ടാവില്ല എന്നതും ശ്രദ്ധേയമാണ്. ഒന്‍പതോ പത്തോ അക്കങ്ങളുള്ള ഡിജി ഡോര്‍ പിന്‍ നമ്പര്‍ ഫോണ്‍നമ്പര്‍ പോലെ ഓര്‍ത്തിരിക്കാം. ഇത്തവണത്തെ തദ്ദേശവാര്‍ഡ് പുനര്‍നിര്‍ണയം പൂര്‍ത്തിയാകുന്നതോടെ ഡിജി ഡോര്‍ പിന്‍ നല്‍കാനാകുമോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.