Featured Posts

Breaking News

ഷോർട്ട് കട്ടിന്റെ രാഷ്ട്രീയത്തിന് ഷോർട്ട് സർക്യൂട്ട്, കോൺ​ഗ്രസിന് തോൽവിയിൽ ഡബിൾ ഹാട്രിക്: മോദി


ന്യൂഡല്‍ഹി: ഡല്‍ഹിയെ ജനങ്ങള്‍ ദുരന്തത്തില്‍നിന്ന് മോചിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹി നിയമസഭാ തിരഞ്ഞെപ്പില്‍ ബി.ജെ.പി. വിജയത്തിന് പിന്നാലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയിലെ ജനങ്ങള്‍ ബി.ജെ.പിയോട് കാണിച്ച സ്‌നേഹം വികസനത്തിന്റെ രൂപത്തില്‍ ഇരട്ടിയായി തിരിച്ചുതരുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ഡല്‍ഹിയില്‍ ആവേശവും ആശ്വാസവുമുണ്ട്. ബി.ജെ.പിയുടെ വിജയത്തിലാണ് ആവേശം. ഡല്‍ഹിയെ ദുരന്ത(ആപ്ദാ)ത്തില്‍നിന്ന് മുക്തമാക്കിയതിലാണ് ആശ്വാസം. മോദി ഗ്യാരന്റിയില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പറയുന്നു, തലകുമ്പിടുന്നു. ഞങ്ങളോട് കാണിച്ച സ്‌നേഹം വികസനത്തിന്റെ രൂപത്തില്‍ ഇരട്ടിയായി തിരിച്ചുതരും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹി ഒരിക്കലും തന്നെ നിരാശപ്പെടുത്തിയിരുന്നില്ല. 2014-ലും 2029-ലും 2024-ലും ഡല്‍ഹിയിലെ ജനങ്ങള്‍ ബി.ജെ.പി.യെ ഏഴ് സീറ്റിലും വിജയിപ്പിച്ചു. ഇന്നത്തെ വിജയം ചരിത്രപരമാണ്. ഇത് സാധാരണ വിജയമല്ല. ഡല്‍ഹിയിലെ ജനങ്ങള്‍ ദുരന്തത്തെത്തൂത്തെറിഞ്ഞു. ഡല്‍ഹി ദുരന്തത്തില്‍നിന്ന് മോചനം നേടി, മോദി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഹരിയാണയില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചു. മഹാരാഷ്ട്രയിലും പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. ഇപ്പോള്‍ ഡല്‍ഹിയിലും പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ജനം ഷോര്‍ട്ട്കട്ട് രാഷ്ട്രീയത്തിന് അന്ത്യംകുറിച്ചു. രാഷ്ട്രീയത്തില്‍ ഷോര്‍ട്ട് കട്ടുകള്‍ക്കും നുണകള്‍ക്കും സ്ഥാനമില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്. ഡല്‍ഹിയിലെ ജനങ്ങള്‍ ഷോര്‍ട്ട് കട്ടിന്റെ രാഷ്ട്രീയത്തെ ഷോര്‍ട്ട് സര്‍ക്യൂട്ടടിച്ചു, മോദി കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധത്തിന്റേയും ഏറ്റുമുട്ടലിന്റേയും ഭരണപരമായ അനിശ്ചിതത്വത്തിന്റേയും രാഷ്ട്രീയം ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വലിയ ദോഷം വരുത്തി. ഇന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ വികസനത്തിലെ പ്രധാനതടസ്സം നീക്കി. എവിടെയെല്ലാം എന്‍.ഡി.എയ്ക്ക് അധികാരം ലഭിച്ചോ, ആ സംസ്ഥാനങ്ങളെയെല്ലാം പുതിയ ഉയരങ്ങളിലെത്തിച്ചു. അതുകൊണ്ടാണ് ബി.ജെ.പി. തുടര്‍ച്ചയായി വിജയിക്കുന്നത്. ആദ്യ നിയമസഭാ സമ്മേളനത്തില്‍ തന്നെ സി.എ.ജി. റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആരൊക്കെ കൊള്ളയടിച്ചോ അവര്‍ക്കത് തിരികെ നല്‍കേണ്ടിവരും. കോണ്‍ഗ്രസ് ഡല്‍ഹിയില്‍ ഡബിള്‍ ഹാട്രിക് അടിച്ചു. കഴിഞ്ഞ ആറുതവണയായി രാജ്യത്തെ പ്രായമേറിയ പാര്‍ട്ടിക്ക് ഒരുസീറ്റുപോലും ജയിക്കാന്‍ സാധിച്ചിട്ടില്ല. തോല്‍വിയില്‍ അവര്‍ സ്വയം സ്വര്‍ണ്ണമെഡല്‍ നല്‍കുകയാണ്, മോദി പറഞ്ഞു

No comments