Featured Posts

Breaking News

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം, കേരളത്തിലുടനീളം 75 സീറ്റുകള്‍ നേടി വെല്‍ഫെയര്‍ പാര്‍ട്ടി


കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ 75 സീറ്റുകൾ സ്വന്തമാക്കി വെൽഫെയർ പാർട്ടി. 2020ലെ തെരഞ്ഞെടുപ്പിൽ 65 സീറ്റുകളായിരുന്നതാണ് 2025 ആയപ്പോൾ 75 ആയി ഉയർന്നത്. മൂന്ന് ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളിലും, 56 ഗ്രാമപഞ്ചായത്ത് സീറ്റുകളിലും 16 മുനിസിപ്പാലിറ്റി സീറ്റുകളിലുമാണ് വെൽഫെയർ പാർട്ടി വിജയം നേടിയത്.

മുക്കം മുനിസിപ്പാലിറ്റിയിൽ നാല് വാർഡുകളിൽ ഒറ്റയ്ക്ക് മത്സരിച്ചാണ് വെൽഫെയർ പാർട്ടി വിജയം സ്വന്തമാക്കിയത്. നേരത്തെ യുഡിഎഫ് സഖ്യത്തിലായിരുന്നു വിജയിച്ചിരുന്നത്. അന്ന് മൂന്നു സീറ്റുകളിൽ വിജയിച്ചിരുന്നെങ്കിലും ഇത്തവണ സഖ്യമുണ്ടായിരുന്നില്ല.

കണക്കുപറമ്പ് ഡിവിഷൻ 18ൽ വെൽഫെയർ പാർട്ടിയുടെ മുഹമ്മദ് നസീം വിജയിച്ചത് 108 വോട്ടുകൾക്കാണ്. നസീം 396 വോട്ടുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്ത് എത്തിയ സ്വതന്ത്ര സ്ഥാനാർഥി ശശീന്ദ്രൻ പി.സി 288 വോട്ടുകളാണ് നേടിയത്.

മംഗലശ്ശേരി 19 ഡിവിഷനിൽ നിന്നും വിജയിച്ച ശഫീഖ് മാടായിയാണ് വെൽഫെയർ പാർട്ടി ടിക്കറ്റിൽ വിജയിച്ച രണ്ടാമത്തെയാൾ. ഇവിടെ 191 വോട്ടുകൾക്കാണ് ശഫീഖ് മാടായി വിജയിച്ചത്. 464 വോട്ടുകളാണ് ശഫീഖ് നേടിയത്. രണ്ടാം സ്ഥാനത്ത് എത്തിയ മുസ്ലിം ലീഗിലെ അബ്ദുൽ ജബ്ബാർ 273 വോട്ടുകൾ നേടി. 124 വോട്ടുകൾ നേടി സിപിഎമ്മിന്റെ ഇംതിഹാസ് എൻ മൂന്നാമതായി.

ചേന്ദമംഗല്ലൂർ 20 ഡിവിഷനിലെ ബനൂജ.വിയാണ് വെൽഫെയർ പാർട്ടി ടിക്കറ്റിൽ വിജയിച്ച മൂന്നാമത്തെ സ്ഥാനാർഥി. 77 വോട്ടുകൾക്കാണ് ബനൂജ വിജയിച്ചത്. ബനൂജ 434 വോട്ടുകൾ നേടിയപ്പോൾ രണ്ടാമത് എത്തിയ കോൺഗ്രസിലെ ജസീല 357 വോട്ടുകൾ നേടി. വെൽഫെയർ പാർട്ടി പിന്തുണയോടെ മത്സരിച്ച പുൽപ്പറമ്പിൽ ജസീലയാണ് വിജയിച്ച നാലാമത്തെ സ്ഥാനാർഥി. 58 വോട്ടുകൾക്കാണ് ജസീല വിജയിച്ചത്. ജസീല 401 വോട്ടുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്ത് എത്തിയ സ്വതന്ത്ര സ്ഥാനാർഥി റംല ഗഫൂർ 343 വോട്ടുകളാണ് നേടിയത്.

No comments