കുതിച്ചുയർന്ന് യുഡിഎഫ്; അടിതെറ്റി എൽഡിഎഫ്; ഇരട്ടി നേട്ടവുമായി എൻഡിഎ..

തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം. കോർപറേഷന്‍, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് ആധിപത്യം നേടി. ജില്ലാ പഞ്ചായത്തിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം. എൻഡിഎ പലയിടങ്ങളിലും നില മെച്ചപ്പെടുത്തി. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരത്തിന് അടുത്തെത്തി. നിലവിൽ 50 സീറ്റുകളാണ് എൻഡിഎ പിടിച്ചത്. 51 സീറ്റുകളാണ് അധികാരത്തിലെത്താൻ വേണ്ടത്.
തിരുവനന്തപുരം കോർപറേഷനിൽ 50 സീറ്റുകളിൽ എൻഡിഎ വിജയിച്ചു. യുഡിഎഫ് 19. എൽഡിഎഫ് 29. കൊല്ലം കോർപറേഷനിൽ 16 സീറ്റുകളിൽ എൽഡിഎഫ്, യുഡിഎഫ് 27, എൻഡിഎ 12. എറണാകുളം കോർപറേഷനിൽ എൽഡിഎഫ് 20, യുഡിഎഫ് 46, എൻഡിഎ 6. തൃശൂർ കോർപറേഷനിൽ യുഡിഎഫ് 33, എൽഡിഎഫ് 11, എൻഡിഎ 8. കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫ് 34, യുഡിഎഫ് 26, എൻഡിഎ 13. കണ്ണൂർ കോർപറേഷനിൽ എൽഡിഎഫ് 15, യുഡിഎഫ് 36, എൻഡിഎ 4.
2020-ൽ ഉണ്ടായിരുന്ന മേൽക്കൈ എൽഡിഎഫിന് ഇത്തവണ നഷ്ടമായി. ആറിൽ നാല് കോർപറേഷനുകളും യു.ഡി.എഫ് പിടിച്ചു. മുനിസിപ്പാലിറ്റികളിൽ 54 എണ്ണം, ജില്ലാ പഞ്ചായത്തുകളിൽ ഏഴെണ്ണം, ബ്ലോക്ക് പഞ്ചായത്തുകളിൽ 80 എണ്ണം, ഗ്രാമപഞ്ചായത്തുകളിൽ 500 എണ്ണം എന്നിങ്ങനെ യു.ഡി.എഫ് നേടി. എല്ലാ തലങ്ങളിലും എൽഡിഎഫിന് നഷ്ടങ്ങൾ മാത്രമാണ് ബാക്കി. എൻഡിഎയുടെ മുന്നേറ്റവും തദ്ദേശഫലം നൽകുന്ന വ്യക്തമായ സൂചനയാണ്. സംസ്ഥാനത്ത് ആദ്യമായി ഒരു കോർപറേഷൻ, തിരുവനന്തപുരം പിടിച്ചെടുക്കാൻ അവർക്ക് കഴിഞ്ഞു. പഞ്ചായത്തുകളുടെ എണ്ണം ഇരട്ടിയാക്കാനും (24) അവർക്കായി.
യുഡിഎഫിന്‍റെ കുതിപ്പ്; എൻഡിഎയുടെയും
കഴിഞ്ഞതവണ കണ്ണൂർ കോർപറേഷന്‍റെ മാത്രം ഭരണം ലഭിച്ച യുഡിഎഫിന് ഇക്കുറി എൽഡിഎഫിന്‍റെ കോട്ടയായ കൊല്ലം, കൊച്ചി, തൃശ്ശൂർ, കണ്ണൂർ കോർപറേഷനുകളുടെ ഭരണം പിടിക്കാൻകഴിഞ്ഞു. കോഴിക്കോട് കോർപറേഷൻ മാത്രമാണ് ഇത്തവണ എൽഡിഎഫിനൊപ്പം നിന്നത്. ഇതിൽ കൊല്ലത്ത് 13 സീറ്റുകൾ കൂടുതൽ പിടിച്ചാണ് കോൺഗ്രസ് ഭരണം ഉറപ്പിച്ചത്. കൊച്ചിയിൽ 15, തൃശ്ശൂർ ഒൻപത് എന്നിങ്ങനെ അധികസീറ്റുകൾ യുഡിഎഫ് പിടിച്ചു. കണ്ണൂരിലും സീറ്റ് നില കൂട്ടിയാണ് യുഡിഎഫ് വിജയത്തിന്റെ തിളക്കം കൂട്ടിയത്.
തിരുവനന്തപുരം കോർപറേഷനിൽ ചരിത്രപരമായ മുന്നേറ്റമുണ്ടാക്കാൻ ഇത്തവണ എൻഡിഎയ്ക്കായി. കഴിഞ്ഞതവണ 34 ഡിവിഷനുകൾ നേടി രണ്ടാം സ്ഥാനമുണ്ടായിരുന്ന എൻഡിഎ ഇത്തവണ പിടിച്ചത് 50 ഡിവിഷനുകളാണ്. 29 ഇടത്ത് എല്‍ഡിഎഫും 19 ഇടത്ത് യുഡിഎഫും വിജയിച്ചു. കഴിഞ്ഞതവണ 54 സീറ്റുകളുമായാണ് എല്‍ഡിഎഫ് തിരുവനന്തപുരം കോര്‍പറേഷന്‍ ഭരിച്ചത്. ഇതുകൂടാതെ സംസ്ഥാനത്തെ എല്ലാ കോർപറേഷനുകളിലും എൻഡിഎ മുന്നേറ്റമുണ്ടാക്കിയതായാണ് ഫലം വ്യക്തമാക്കുന്നത്. രണ്ടുമുതൽ 16 വരെ സീറ്റുകളാണ് വിവിധ കോർപറേഷൻ ഡിവിഷനുകളിൽ എൻഡിഎ കഴിഞ്ഞ തവണത്തേക്കാൾ അധികമായി പിടിച്ചത്.
2020-ൽ എറണാകുളം, വയനാട്, മലപ്പുറം ജില്ലാപഞ്ചായത്തുകൾ മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. അതില്‍ വയനാട് ടോസിലെ ഭാഗ്യത്തിലാണ് അന്ന് യുഡിഎഫിന് കിട്ടിയത്. ഇത്തണ കോഴിക്കോട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലാപഞ്ചായത്തുകൾക്കൂടി യുഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് 11-ൽനിന്ന് കുത്തനെ ഏഴിലേക്ക് വീണു.