Featured Posts

Breaking News

പക്ഷിപ്പനി; ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു


ആലപ്പുഴ : ജില്ലയിലെ മുഹമ്മ, കോടംതുരുത്ത് എന്നിവിടങ്ങളി ലും കണ്ണൂരിലെ ഇരിട്ടിയിലും കാക്കകളിൽ പക്ഷിപ്പനി (എച്ച്5എൻ1) സ്ഥിരീകരിച്ചു. ഇതിനു പുറമേ എറണാകുളം ജില്ലയിൽ ദേശാടനപ്പക്ഷികളിലും കോട്ടയം ജില്ലയിൽ കോഴികളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 2024ലാണ് കാക്കകളിൽ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചത്. സ്വതന്ത്രമായി പറന്നു നടക്കുന്ന പക്ഷികളിലെ രോഗബാധ ഗുരുതര സ്ഥിതിയായാണു കണക്കാക്കുന്നത്. കള്ളിങ് (ശാസ്ത്രീയമായ കൊന്നൊടുക്കൽ) ഉൾപ്പെടെ നിയന്ത്രണ നടപടികൾ പ്രായോഗികമല്ല.

ആലപ്പുഴ മുഹമ്മ പഞ്ചായത്ത് 13ാം വാർഡിലും കോടംതുരുത്ത് പഞ്ചായത്ത് 13ാം വാർഡിലുമായി പതിനാറോളം കാക്കകൾ ചത്തുവീണതു പക്ഷിപ്പനി മൂലമാണെന്നു ഭോപാലിലെ അതിസുരക്ഷാ പക്ഷിരോഗ നിർണയ ലാബിൽ നടത്തിയ പരിശോധനയിലാണു വ്യക്തമായത്. ഇരിട്ടി എടക്കാനത്ത് ഒരു മാസം മുൻപ് കാക്കകൾ കൂട്ടത്തോടെ ചത്തതും പക്ഷപ്പനി മൂലമാണെന്ന സ്ഥിരീകരണം ഇന്നലെയെത്തി.എറണാകുളം രാമമംഗലം പഞ്ചായത്ത് 12ാം വാർഡിൽ ദേശാടനപ്പക്ഷികളിലും കോട്ടയം കാഞ്ഞിരപ്പള്ളി പഞ്ചായത്ത് നാലാം വാർഡിൽ കോഴികളിലും പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു.ആലപ്പുഴയിലും കോട്ടയത്തും കഴിഞ്ഞമാസം അവസാനത്തോടെയാണു പക്ഷിപ്പനി റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്. ആലപ്പുഴയിൽ മാത്രം 13 രോഗപ്രഭവകേന്ദ്രങ്ങളുണ്ട്.

No comments