Featured Posts

Breaking News

നിയമവിരുദ്ധ ടോൾ പിരിവ്; കുമ്പളയിൽ വൻ പ്രതിഷേധം; മഞ്ചേശ്വരം എംഎൽഎ എ കെ എം അഷറഫ് അറസ്റ്റിൽ...


കുമ്പള: ദേശീയപാത ചട്ടങ്ങളും ഹൈകോടതിയുടെ പരിഗണനയിലുള്ള ഹർജിയും അവഗണിച്ച് കുമ്പള ആരിക്കാടി ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിക്കാനുള്ള നീക്കം വൻ സംഘർഷത്തിൽ കലാശിച്ചു. 'നിയമവിരുദ്ധമായ' ടോൾ പിരിവ് തടയാനെത്തിയ മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷറഫ്, ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ, നാട്ടുകാർ എന്നിവരെ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

ദേശീയപാത അതോറിറ്റിയുടെ ചട്ടപ്രകാരം (NHAI Guidelines) ഒരേ പാതയിൽ രണ്ട് ടോൾ പ്ലാസകൾ തമ്മിൽ കുറഞ്ഞത് 60 കിലോമീറ്റർ ദൂരപരിധി ഉണ്ടായിരിക്കണം. എന്നാൽ, നിലവിൽ പ്രവർത്തിക്കുന്ന തലപ്പാടി ടോൾ പ്ലാസയിൽ നിന്നും വെറും 22 കിലോമീറ്റർ മാത്രം അകലെയാണ് ആരിക്കാടി ടോൾ പ്ലാസ സ്ഥാപിച്ചിരിക്കുന്നത്. ഇത് നഗ്നമായ ചട്ടലംഘനമാണെന്നും ജനങ്ങളെ പിഴിഞ്ഞ് സ്വകാര്യ കമ്പനിയെ സഹായിക്കാനുള്ള നീക്കമാണെന്നും എംഎൽഎ എ.കെ.എം അഷറഫ് ആരോപിച്ചു. 'ലാർക് ഇൻഫ്രാ' എന്ന സ്വകാര്യ കമ്പനിക്കാണ് ഇവിടെ ടോൾ പിരിവിനുള്ള കരാർ നൽകിയിരിക്കുന്നത്.

ടോൾ പിരിവിനെതിരെ ആക്ഷൻ കമ്മിറ്റി കഴിഞ്ഞ ഓഗസ്റ്റിൽ ഹൈകോടതിയിൽ ഹർജി നൽകിയിരുന്നു. ഈ കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്. കേസിൽ വിധി വരുന്നത് വരെ ടോൾ പിരിവ് ആരംഭിക്കില്ലെന്ന് ജില്ലാ കളക്ടറും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും നേരത്തെ സമരസമിതിക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഈ ഉറപ്പുകൾ ലംഘിച്ചുകൊണ്ട് തിങ്കളാഴ്ച രാവിലെ മുന്നറിയിപ്പില്ലാതെ ടോൾ പിരിവ് ആരംഭിക്കുകയായിരുന്നു. വലിയ നിരക്കുകളാണ് വാഹനങ്ങളിൽ നിന്ന് ഈടാക്കുന്നത്.

ടോൾ പിരിവ് ആരംഭിക്കുന്നതറിഞ്ഞ് എംഎൽഎയുടെ നേതൃത്വത്തിൽ എത്തിയ പ്രതിഷേധക്കാരെ തടയാൻ ജില്ലാ പോലീസ് മേധാവി വിജയ് ഭാന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. നാല് ഡിവൈഎസ്പിമാരടക്കമുള്ള സംഘമാണ് സുരക്ഷയൊരുക്കിയത്. കാര്യങ്ങൾ സംസാരിക്കാൻ ജില്ലാ പോലീസ് മേധാവിയെ കാണാൻ എംഎൽഎ ശ്രമിച്ചെങ്കിലും പോലീസ് അനുമതി നിഷേധിച്ചു. ഇതോടെ വാക്കേറ്റം രൂക്ഷമാവുകയും ഉന്തും തള്ളും ഉണ്ടാവുകയുമായിരുന്നു. തുടർന്നാണ് എംഎൽഎ അടക്കമുള്ളവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയത്.

സംഭവത്തിൽ പ്രതിഷേധിച്ച് മഞ്ചേശ്വരം മണ്ഡലത്തിൽ വ്യാപക പ്രതിഷേധത്തിന് സാധ്യതയുണ്ട്. നിയമവിരുദ്ധ ടോൾ പിരിവിനെതിരെ നിയമപോരാട്ടം തുടരുമെന്ന് ആക്ഷൻ കമ്മിറ്റി അറിയിച്ചു.


No comments