150 ദിവസത്തേക്ക് ആഗോളതലത്തിൽ 10% താരിഫ്, സുപ്രീം കോടതി വിധി തള്ളി ട്രംപ്
വാഷിങ്ടൻ: വിവിധ രാജ്യങ്ങൾക്കെതിരെ ചുമത്തിയ പകരച്ചുങ്കം റദ്ദാക്കിയ യുഎസ് സുപ്രീം കോടതി വിധിക്കു പിന്നാലെ 150 ദിവസത്തേക്ക് ആഗോളതലത്തിൽ 10% പകരച്ചുങ്കം ഏർപ്പെടുത്തുമെന്നു പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിലവിലുള്ള തീരുവകൾക്കു പുറമേയാണ് ഇതെന്നും ട്രംപ് പറഞ്ഞു. 1974ലെ വ്യാപാര നിയമപ്രകാരമാണ് ഉത്തരവെന്നും വ്യക്തമാക്കി. ഇന്ത്യയ്‌ക്കു മേലുള്ള പകരച്ചുങ്കം 18 ശതമാനമായി തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. വൻ തീരുവ ചുമത്തുമെന്നു മുന്നറിയിപ്പു നൽകി ഇന്ത്യ–പാക്ക് യുദ്ധം ഉൾപ്പെടെ 5 യുദ്ധങ്ങൾ നിർത്തിച്ചെന്ന വാദം ട്രംപ് ആവർത്തിച്ചു. ഇന്ത്യയുമായും നരേന്ദ്ര മോദിയുമായും തനിക്കു നല്ല ബന്ധമാണെന്നും പറഞ്ഞു.
മറ്റു രാജ്യങ്ങളുടെ അന്യായമായ വ്യാപാര രീതികളിൽനിന്ന് യുഎസിനെ സംരക്ഷിക്കുന്നതിന് ട്രംപ് അന്വേഷണം പ്രഖ്യാപിച്ചു. വിധിയെ ഭയാനകം എന്നു വിശേഷിപ്പിച്ച ട്രംപ്, തനിക്കെതിരെ വോട്ട് ചെയ്ത ജഡ്ജിമാർ രാജ്യസ്നേഹമില്ലാത്തവരും യുഎസ് ഭരണഘടനയോടു കൂറില്ലാത്തവരുമാണെന്നും ആരോപിച്ചു.
