Featured Posts

Breaking News

പൗരത്വ വിഷയം നയപ്രഖ്യാപന പ്രസംഗത്തിലെന്തിന്? സർക്കാരിനോട് വീണ്ടും ഇടഞ്ഞ് ഗവർണർ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനോട് വീണ്ടും ഇടഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ടാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് വീണ്ടും ഏറ്റുമുട്ടല്‍ ശക്തമാക്കാനൊരുങ്ങുന്നത്. നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയം ഉള്‍പ്പെടുത്തിയതാണ് ഗവര്‍ണറെ ചൊടിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പൗരത്വ ഭേദഗതി വിഷയം നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ എന്തിനാണത് നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയത് എന്നതാണ് രാജ്ഭവന്‍ ഉന്നയിക്കുന്ന ചോദ്യം.

പൗരത്വ വിഷയം എന്തിനാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയത് എന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് ചോദിച്ചേക്കും. സര്‍ക്കാര്‍ നടപടിയുടെ നിയമവശവും രാജ്ഭവന്‍ പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ട്. കോടതി പരിഗണിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട ഭാഗം നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് രാജ്ഭവന്‍ ആവശ്യപ്പെടാനും സാധ്യതയുണ്ട്.

നിയമസഭയില്‍ നടത്തേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കോപ്പി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രാജ്ഭവനിലേക്ക് അയച്ച് കൊടുത്തിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തെ പരാമര്‍ശിക്കുന്ന ഭാഗം നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ എന്ത് ചെയ്യാനാവും എന്ന കാര്യത്തിലും രാജ്ഭവന്‍ നിയമവശങ്ങള്‍ പരിശോധിക്കുന്നുണ്ട്. പൗരത്വ നിയമത്തിന് എതിരെ കേരള നിയമസഭ പ്രമേയം പാസ്സാക്കിയതിലും സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിലും ഗവര്‍ണര്‍ പരസ്യമായി ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ തിരുത്തല്‍ വരുത്താന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്ന് ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ പിഡിടി ആചാരി വ്യക്തമാക്കി. ഏത് നയമാണ് പുതുവര്‍ഷത്തില്‍ സ്വീകരിക്കേണ്ടത് എന്ന് സംസ്ഥാന സര്‍ക്കാരാണ് തീരുമാനിക്കുക. ഗവര്‍ണര്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ അത് സര്‍ക്കാരിനെ അറിയിക്കാം. എന്നാല്‍ തിരുത്ത് വേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്കില്‍ ഗവര്‍ണര്‍ അത് അംഗീകരിക്കണമെന്നാണ് ചട്ടമെന്നു പിഡിടി ആചാരി വ്യക്തമാക്കി.

No comments