Featured Posts

Breaking News

ബാബരിയുടെ താഴികക്കുടത്തിൽ ആദ്യം വെട്ടിയ കർസേവകൻ; മരിക്കുമ്പോള്‍ 91ാ​മത്തെ പള്ളിയുടെ നിർമാണത്തിൽ


ഹൈദരാബാദ്​: ആർ.എസ്​.എസ്​ ശാഖയിൽനിന്ന്​ നിത്യവും കേൾക്കുന്ന മുസ്​ലിംവിദ്വേഷത്തിന്‍റെ പാരമ്യത്തിലായിരുന്നു ചെറുപ്പക്കാരനായ ചോരത്തിളപ്പുള്ള ബല്‍ബീര്‍ സിങ്​. പാനിപ്പത്ത്​ സ്വദേശിയായ ഇയാളെ ഫൈസാബാദിലെ ബാബരി മസ്​ജിദ്​ തകർക്കാനുള്ള കർസേവക സംഘത്തിൽ ഭാഗമാക്കാൻ പ്രേരിപ്പിച്ചതും ഈ വിദ്വേഷക്ലാസുകളായിരുന്നു.

ബാബരിയുടെ താഴികക്കുടങ്ങളിൽ ആദ്യം ആഞ്ഞുവെട്ടാൻ മത്സരിച്ച കാവിപ്പടയിൽ ബൽബീറിന്‍റെ മഴുവായിരുന്നു ലക്ഷ്യം കണ്ടത്​. സംഘ്​പരിവാറുകാർ ഈയൊരൊറ്റ കാരണത്താൽ ഇയാളെ വീരപുരുഷനായി കണ്ടു. പള്ളി തകർത്ത്​ നാട്ടിൽ തിരിച്ചെത്തിയപ്പോൾ ഗംഭീര സ്വീകരണ​െമാരുക്കി. എന്നാൽ, കാലം ബൽബീറിനെ മാറ്റിമറിച്ചു. പള്ളി തകർത്തതിന്‍റെ പ്രായശ്ചിത്തമായി മുഹമ്മദ്​ ആമിർ എന്ന പേര്​ സ്വീകരിച്ച്​ ഇസ്​ലാമിനെ പുൽകി. ബാബരിയുടെ താഴികക്കുടത്തിൽ ആദ്യം വെട്ടിയ തന്‍റെ കൈകൾ ​െകാണ്ട്​ 100 പള്ളികൾ നിർമിക്കാൻ രജപുത്ര സമുദായത്തിൽ ജനിച്ച ബൽബീർ പ്രതിജ്ഞ ചെയ്​തു. കഴിഞ്ഞ ദിവസം ഇദ്ദേഹം മരണപ്പെടു​േമ്പാൾ 91ാമത്തെ പള്ളിയുടെ നിർമാണത്തിലായിരുന്നു.

പാനിപ്പത്തിലെ ഗ്രാമത്തിലായിരുന്നു ബല്‍ബിര്‍ സിങ്ങിന്‍റെ ജനനം. പിതാവ് ഗാന്ധിയനും അധ്യാപകനുമായ ദൗലത്ത് റാം. ബാൽ താക്കറെയുടെ ആരാധകനായി മാറിയ ബൽബീർ ശിവസേന പ്രവർത്തകനായി​. പിന്നീട് പാനിപ്പത്തിലെ ശിവസേന നേതാവുമായി. ആര്‍എസ്എസ്​ ശാഖയിലെ നിത്യ സന്ദര്‍ശകനുമായിരുന്നു.

ബാബരി തകർക്കാൻ മഴുവുമായി ചാടിക്കയറി

രാജ്യത്തിന്‍റെ വിവിധ ഭാഗത്തുനിന്നുള്ള ആയിരക്കണക്കിന് സംഘ്​പരിവാറുകാർക്കൊപ്പം ബല്‍ബീറും 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദിലെത്തി. മസ്​ജിദ്​ തകർക്കാൻ ഒ​ാരോരുത്തരും ആവേശത്തിലായിരുന്നു. അത്രമാത്രം വിദ്വേഷം എല്ലാവരിലും കുത്തിവെച്ചിരുന്നു. പിന്നീട്​ ഇസ്​ലാം സ്വീകരിച്ച ശേഷം മുഹമ്മദ്​ ആമിർ (ബൽബീർ) തന്നെ അഭിമുഖത്തിൽ വിശദീകരിച്ചത്​ ഇങ്ങനെയായിരുന്നു: ''ഒന്നും നേടാതെ തിരിച്ചുവരരുതെന്നായിരുന്നു അയോധ്യയിലേക്ക് പുറപ്പെടുമ്പോൾ എന്‍റെ സുഹൃത്തുക്കള്‍ പറഞ്ഞത്. ഡിസംബര്‍ അഞ്ചിന് അയോധ്യ ആരവത്തിലായിരുന്നു. അയോധ്യയും ഫൈസാബാദും വിഎച്ച്പി പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞു. ആയിരക്കണക്കിന് കര്‍സേവകര്‍ക്കൊപ്പമായിരുന്നു ഞങ്ങള്‍. സിന്ധികളുടെ ദൈവമായ ജുലേലിനെയാണ് എൽ.കെ. അദ്വാനി ആരാധിച്ചിരുന്നത്. അതിനാല്‍ ഞങ്ങള്‍ക്ക് അദ്ദേഹം അത്ര പ്രധാനപ്പെട്ടയാളായിരുന്നില്ല. ഉമാ ഭാരതിയായിരുന്നു ഞങ്ങളുടെ നേതാവ്​. എന്‍റെ അടുത്ത സുഹൃത്ത് യോഗേന്ദ്ര പാലിനൊപ്പമായിരുന്നു ഞാൻ. മസ്​ജിദ്​ തകർക്കാൻ ഞങ്ങള്‍ അക്ഷമരായി കാത്തിരുന്നു. താനായിരുന്നു ബാബറി മസ്ജിദിന്‍റെ താഴികക്കുടത്തില്‍ ചാടിക്കയറി ആദ്യ പ്രഹരമേല്‍പ്പിച്ചത്​''.

അന്ന്​ ഞാൻ മൃഗത്തെ പോലെയായിരുന്നു

'ഞങ്ങളെ തടയാന്‍ നിരവധി പട്ടാളക്കാര്‍ ഉണ്ടാവും എന്ന ഭീതി ഉണ്ടായിരുന്നു. എങ്കിലും പള്ളി തകർക്കാൻ മാനസികമായി ഒരായിരം തവണ ഞങ്ങൾ തയ്യാറെടുത്തുകഴിഞ്ഞിരുന്നു. ആ ദിവസം ഞാനൊരു മൃഗത്തെപ്പോലെയായിരുന്നു. ഞങ്ങളെ ലക്ഷ്യമിട്ട് ഒരു ഹെലികോപ്ടര്‍ താഴ്ന്ന് പറക്കുന്നത് കണ്ട എന്‍റെയുള്ളില്‍ പേടിയും നിഴലിക്കാന്‍ തുടങ്ങി. എന്‍റെ പുറകിലുള്ളവര്‍ വലിയ ശബ്ദത്തോടെ ആര്‍ത്തലക്കുന്നത് മുഴങ്ങിക്കേട്ടു. ഞാന്‍ മഴു ഉറപ്പിച്ച് പിടിച്ച് പള്ളിക്ക് മുകളിലേക്ക് ചാടിക്കയറി മിനാരത്തിന് മുകളില്‍ സ്ഥാനമുറപ്പിച്ചു. താഴെ ശബ്ദം ഉച്ഛസ്​ഥായിയിലെത്തിയതോടെ താഴികക്കുടത്തില്‍ ആഞ്ഞുവെട്ടി'

നാട്ടിൽ വൻ സ്വീകരണം; വീട്ടിൽ നിന്ന്​ ആട്ടിയകറ്റി

സ്വദേശമായ പാനിപ്പത്തില്‍ തിരിച്ചെത്തിയപ്പോള്‍ വീരപരിവേഷമായിരുന്നു ബൽബീറിന്​. അയോധ്യയില്‍ നിന്ന് കൊണ്ടു വന്ന രണ്ട് ഇഷ്ടികകള്‍ പാനിപ്പത്തിലെ ശിവസേനാ ഓഫിസില്‍ സൂക്ഷിച്ചു. നാട്ടിൽ ഗംഭീര സ്വീകരണം. എന്നാൽ, ഉറച്ച മതേതര പാരമ്പര്യമുള്ള വീട്ടിൽ സ്​ഥിതി മറിച്ചായിരുന്നു. ബൽബീറിനെ ആക്ഷേപിക്കുകയും കർസേവയിൽ പ​ങ്കെടുത്തതിനെ തള്ളിപ്പറയുകയും ചെയ്തു.

''ഞാന്‍ കര്‍സേവകര്‍ക്കൊപ്പം ചേര്‍ന്നത് പൂര്‍ണ ബോധ്യത്തോടുകൂടിത്തന്നെയായിരുന്നു. പക്ഷേ, പിന്നീട് അത്​ വലിയ തെറ്റായിരുന്നെന്ന് എനിക്ക് മനസിലായി. ഞങ്ങളിലൊരാളേ ഇനി ആ വീട്ടില്‍ ഉണ്ടാവൂ എന്ന് അച്ഛന്‍ ഉറപ്പിച്ച് പറഞ്ഞു. വീട് വിട്ടിറങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ എന്‍റെ ഭാര്യയെ നോക്കി. അവള്‍ എന്നോടൊപ്പം നില്‍ക്കാന്‍ തയ്യാറായില്ല. അതോടെ ഞാന്‍ ഒറ്റയ്ക്ക് അവിടെനിന്നിറങ്ങി. രാജ്യമെമ്പാടും കലാപം പൊട്ടിപ്പുറപ്പെട്ടെന്ന വാര്‍ത്തയാണ് പിന്നീട് കേട്ടത്​' -ആമിർ ആ ദിവസങ്ങൾ ഓർത്തെടുത്തു.

പിന്നീട് അച്ഛന്‍ മരിച്ചു എന്നറിഞ്ഞതിന് ശേഷമാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്​. പക്ഷേ, സ്വീകരിക്കാന്‍ കുടുംബം തയ്യാറായില്ല. തന്‍റെ ശവസംസ്‌കാരത്തിന് ബൽബീറിനെ പങ്കെടുപ്പിക്കരുതെന്ന് പിതാവ് കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അതിനിടെ, ബാബരി തകര്‍ക്കാൻ ആമിറിനൊപ്പമുണ്ടായിരുന്ന ഉറ്റസുഹൃത്ത് യോഗേന്ദ്ര പാല്‍ ഇസ്​ലാം സ്വീകരിച്ചുവെന്ന വാർത്ത ബൽബീറിനെ ഞെട്ടിച്ചു. ഉടൻ യോഗേന്ദ്ര പാലിനെ സന്ദർശിച്ചു. ദീർഘനേരം സംസാരിച്ചു. അപ്പോഴാണ്​ താൻ ചെയ്​ത തെറ്റിന്‍റെ ആഴം മനസിലായതെന്ന്​ ആമിര്‍ പറയുന്നു.

ആശ്വാസമേകി കലീം സിദ്ധീഖി

വീട്ടുകാരുടെ സമീപനവും യോഗേന്ദ്രയുടെ മതംമാറ്റവും ബൽബീറിന്‍റെ കൂടുതൽ അസ്വസ്​ഥനാക്കി. ഒടുവിൽ, 1993ൽ യു.പി മുസഫർനഗറിലെ മൗലാന കലീം സിദ്ധീഖി എന്ന മതപണ്ഡിതന്‍റെ അരികിലെത്തി. ചെയ്​ത തെറ്റുകളും മനോവിഷമങ്ങളും ഏറ്റുപറഞ്ഞു. 'എന്നെ ഇസ്​ലാം മതത്തിലേക്ക് സ്വീകരിക്കുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ടായിരുന്നു. പക്ഷേ അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു. നിരവധി പള്ളികൾ നിര്‍മ്മിക്കാനും പരിപാലിക്കാനും താങ്കൾക്ക്​ ഇനിയും സഹായിക്കാമല്ലോ എന്നദ്ദേഹം പറഞ്ഞു. ഞാനവിടെയിരുന്ന് ഉറക്കെ കരഞ്ഞു. ഇസ്​ലാമിനെ കുറിച്ച്​ കൂടുതൽ പഠിച്ചു. 1993 ജൂൺ 1 ന് മൗലാന കലീം സിദ്ദിഖിയുടെ മുമ്പാകെ ഇസ്‌ലാം സ്വീകരിച്ചു.​ മുഹമ്മദ് ആമിര്‍ എന്ന പേരും സ്വീകരിച്ചു'' -മതംമാറ്റത്തെ കുറിച്ച്​ ആമിർ പറഞ്ഞു.

ഇസ്​ലാം സ്വീകരിച്ച്​ വീട്ടിലെത്തിയപ്പോൾ പിന്തുണയുമായി ഭാര്യയും ഇസ്​ലാം സ്വീകരിച്ചു. ഭാര്യയുടെ മരണ ശേഷം ആമിര്‍ ഒരു മുസ്​ലിം സ്ത്രീയെ വിവാഹം കഴിച്ചു. പിന്നീട് ഇസ്​ലാമിനെ കുറിച്ച്​ പഠിക്കാൻ സഹായിക്കുന്ന സ്​ഥാപനം തുടങ്ങി.

കലീം സിദ്ധീഖിയുടെ വാക്കുകളാണ്​​ 100 പള്ളികൾ നിർമിക്കാനുള്ള പ്രതിജ്ഞയെടുക്കാൻ പ്രചോദനം നൽകിയത്​. 26 വർഷത്തിനിടെ 91 പള്ളികൾ നിർമ്മിച്ചു. 59 എണ്ണം നിർമ്മാണത്തിലാണ്. 1994ൽ ഹരിയാനയിൽ മസ്ജിദെ മദീന എന്ന പള്ളിയാണ്​ ആദ്യം നിർമിച്ചത്​.

ഹൈദരാബാദിലെ തന്‍റെ 59ാമത്തെ പള്ളിയായ 'മസ്ജിദെ റഹിമിയ' നിർമിക്കാനാണ്​ അദ്ദേഹം കാഞ്ചൻബാഗ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹാഫിസ് ബാബ നഗറിൽ വാടകവീട്ടിൽ താമസമാക്കിയത്​. 2019 ഡിസംബർ ആറിനായിരുന്നു 'മസ്ജിദെ റഹിമിയ'യുടെ​ ശിലാസ്ഥാപനം നടത്തിയത്​. പ്രദേശത്തെ താൽക്കാലിക ഷെഡിലാണ്​ പ്രദേശവാസികൾ നമസ്​കാാരം നിർവഹിക്കുന്നത്​. 

പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ്​ കഴിഞ്ഞ ദിവസം ദുരൂഹസാഹചര്യത്തിൽ ആമിർ മരണപ്പെട്ടത്​. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. കാഞ്ചന്‍ബാഗ് പൊലീസ് എത്തി വീട്ടിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്​. മരണ കാരണം വ്യക്​തമല്ലെന്ന്​ കാഞ്ചന്‍ബാഗ് പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജെ വെങ്കട്ട് റെഡ്ഡി പറഞ്ഞു.

No comments