രാത്രിയും പകലും വീടിനുമുകളിലേക്ക് കല്ലുമഴ, ആരും എറിയുന്നതല്ല
ഉപ്പുതറ: വീടിൻറെ മേൽക്കൂരയിലേക്ക് ചറപറ കല്ലുകൾ വന്നുവീഴുന്നു. ആരെങ്കിലും മനഃപൂർവം എറിയുന്നതാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ, പിന്നീട് മനസ്സിലായി, ഭൂമിയുടെ ഉപരിതലത്തിൽനിന്നു കല്ലുകൾ തെറിച്ച് വീടുകൾക്കു മുകളിൽ വീഴുകയാണ്.
പുളിങ്കട്ട പാറവിളയിൽ സുരേഷിന്റെയും സെൽവരാജിന്റെയും വീടിനു മുകളിലേക്കാണ് കല്ലുകൾ വീഴുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായുള്ള ഭൗമപ്രതിഭാസം ഇപ്പോഴും തുടരുകയാണ്. അതിനിടെ വീടിന്റെ ഭാഗത്തെ ഭൂമി ചെറിയതോതിൽ ഇടിഞ്ഞുതാഴുകയും ചെയ്തു.
കഴിഞ്ഞ രണ്ടാംതീയതി രാത്രിയിലാണ് ആദ്യം വീടിനുമുകളിൽ രണ്ടുതവണ കല്ലുവീണത്. കുറേദിവസം രാത്രിയിൽ ഇത് തുടർന്നു. പിന്നീട് പകൽ സമയവും കല്ലുകൾ വീഴാൻ തുടങ്ങി. ആസ്ബസ്‌റ്റോസ് ഷീറ്റുകൾ പൊട്ടുകയും ചെയ്തു. മനഃപൂർവം ആരോ എറിയുന്നതാണെന്നു കരുതി വീട്ടുകാർ വാഗമൺ പോലീസിൽ പരാതി നൽകി. സി.ഐ.യുടെ നേതൃത്വത്തിൽ പോലീസ് എത്തി പരിശോധിക്കുന്നതിന് ഇടയിലും വീടിനുമുകളിലും, മുറ്റത്തും കല്ലുകൾ വന്നുവീണു. വീണകല്ലുകൾ ശേഖരിച്ച് പോലീസ് മടങ്ങി. വിവരമറിഞ്ഞ് ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.െജയിംസും പഞ്ചായത്തംഗങ്ങളും എത്തിയപ്പോഴും കല്ലുകൾ വീടിനു മുകളിലും മുറ്റത്തുംവന്നു പതിച്ചു.
കുട്ടികൾ അടക്കമുള്ളവർക്ക് ഭീഷണിയാകുന്നവിധം രാപകലില്ലാതെ കല്ലുകൾ തെറിച്ചുവീഴുന്നത് വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയിലാക്കി. തുടർന്ന് സംസ്ഥാന ഭൗമശാസ്ത്രവിഭാഗവുമായി പഞ്ചായത്ത് പ്രസിഡന്റ് ബന്ധപ്പെട്ടു. ഭൂമിക്കുള്ളിൽ ജലസമ്മർദംമൂലം ഉണ്ടാകുന്ന പ്രതിഭാസമാെണന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. തിങ്കളാഴ്ച ജിയോളജിസ്റ്റിനോട് പരിശോധിച്ച് റിപ്പോർട്ട് നൽകാനും നിർദേശിച്ചു.
വെള്ളിയാഴ്ച രാവിലെമുതൽ വീടിനുള്ളിലെ സിമിന്റുതറ വീണ്ടുകീറി ഇതിനുള്ളിൽ നിന്നു കല്ല് മുകളിലേക്ക് തെറിക്കാൻ തുടങ്ങി. തുടർന്ന് പഞ്ചായത്ത് അധികൃതരെത്തി ഇവരെ ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. അദ്‌ഭുത പ്രതിഭാസം നേരിൽ കാണാൻ ഒട്ടേറെ പേരാണ് ഇവിടേക്ക് എത്തുന്നത്.
Tags: Rocks fall on the roof of the house in kerala