ലോക്ക്ഡൗണ്‍ കഴിഞ്ഞാലും സ്‌കൂള്‍ പഠനത്തിന് ടാബ് അനിവാര്യം
തിരുവനന്തപുരം: ഇപ്പോള്‍ മൊബൈലിനെ കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈന്‍ പഠനം ലാപ്‌ടോപ്പിലേക്കും ടാബിലേക്കും മാറ്റാനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍. ലോക്ക്ഡൗണ്‍ കഴിഞ്ഞാലും സ്‌കൂള്‍ പഠനത്തിന് ടാബ് ഉപയോഗപ്പെടുത്തി ലോകോത്തര പഠന മികവിലേക്ക് കേരളത്തെ ഉയര്‍ത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ക്ലാസ് നടത്താനുള്ള പൊതു പ്ലാറ്റ്‌ഫോമായ ഗൂഗിള്‍ വര്‍ക്ക്‌സ്‌പേസിന് ഇവയാണ് കൂടുതല്‍ അനുയോജ്യം എന്ന നിരീക്ഷണത്തിലാണിത്. കോവിഡ്കാലം കഴിഞ്ഞും ഓണ്‍ലൈനിലെ വിദ്യാഭ്യാസ പ്രക്രിയ സമാന്തരമായി കൊണ്ടുപോവുക എന്ന കാഴ്ചപ്പാടും ഇതിനു പിന്നിലുണ്ട്. ടാബ് അല്ലെങ്കില്‍ ലാപ്‌ടോപ്പ് ഇതില്‍ ഏതെങ്കിലും ഒന്ന് ഇല്ലാത്തവരുടെ കണക്കെടുപ്പുകൂടി ഉടനെയുണ്ടാവുമെന്നാണ് സൂചന.
സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളില്‍ നിലവിലുള്ള 40 ലക്ഷത്തോളം വിദ്യാര്‍ഥികളില്‍ ടാബ് അല്ലെങ്കില്‍ ലാപ്‌ടോപ്പ് സൗകര്യമുള്ളത് പരമാവധി ഒരുലക്ഷം മാത്രമാണെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ നിഗമനം. ബാക്കി കുട്ടികള്‍ക്കെല്ലാം ഇവ ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.
ഒരു കുട്ടിയെ ഒരു യൂണിറ്റായി കണക്കാക്കുമ്പോള്‍, ആ കുട്ടിക്ക് സ്വന്തമായി ടാബ് അല്ലെങ്കില്‍ ലാപ്‌ടോപ്പ് വേണ്ടിവരും. കുട്ടിക്ക് എങ്ങനെയാണോ പാഠപുസ്തകം എന്ന മട്ടിലുള്ള രീതിതന്നെയാണ് ഉദ്ദേശിക്കുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മാറ്റമാണ് ഉദ്ദേശിക്കുന്നതെങ്കിലും തുടങ്ങാന്‍ വൈകരുതെന്നാണ് നിര്‍ദേശം.
ഇപ്പോള്‍ സംസ്ഥാനത്തെ 90 ശതമാനം കുട്ടികളും ക്ലാസുകള്‍ കാണുന്നത് മൊബൈലുകളിലാണ്. ഗൂഗിള്‍ വര്‍ക്ക്‌സ്‌പേസ് പൂര്‍ണ അര്‍ഥത്തില്‍ ഉപയോഗപ്പെടണമെങ്കില്‍ മൊബൈല്‍ പോരാ, എന്ന് വിദഗ്ധര്‍തന്നെ പറയുന്നു. സ്‌ക്രീന്‍ ഷെയറിങ്, അസൈന്‍മെന്റുകള്‍, ക്ലാസ് പരീക്ഷകള്‍ തുടങ്ങിയവ മൊബൈല്‍ ഫോണില്‍ പൂര്‍ണമായും പ്രായോഗികമാവില്ല.
സ്‌കൂള്‍തലം മുതല്‍ സംസ്ഥാനതലം വരെയുള്ള സമിതികള്‍ ഇനി ടാബ്, ലാപ് എന്നിവയെത്തിക്കുന്ന കാര്യത്തിലാവും ശ്രദ്ധിക്കുക. ഉപകരണങ്ങള്‍ എത്ര മാറ്റിയാലും കണക്ടിവിറ്റി മെച്ചപ്പെട്ടില്ലെങ്കില്‍ കാര്യമില്ലെന്ന യാഥാര്‍ഥ്യവും സര്‍ക്കാരിനു മുന്നിലുണ്ട്.
ലാപ്‌ടോപ്പ് ഉപയോഗിക്കണമെങ്കില്‍ ബ്രോഡ്ബാന്‍ഡോ ഫൈബര്‍ കണക്ഷനോ ആണ് അനുയോജ്യം. അല്ലെങ്കില്‍ മൊബൈലിലെ ഹോട്ട്‌സ്‌പോട്ട് വേണ്ടിവരും. കണക്ടിവിറ്റിയുടെ കാര്യത്തില്‍ ഒരുകൊല്ലംകൊണ്ട് സംസ്ഥാനത്ത് വലിയ അദ്ഭുതങ്ങളൊന്നും സംഭവിച്ചിട്ടുമില്ല.
Tags: Online Educatin in Kerala after Covid 19