ക്രൂഡ് വില താഴുന്നു; ഡീസലില്‍ കുറവ്, പെട്രോളിനില്ല; വില കുറയ്‌ക്കാതെ എണ്ണക്കമ്പനികളുടെ കൊള്ളക്കച്ചവടം
കൊച്ചി: രാജ്യാന്തര എണ്ണവില തുടര്‍ച്ചയായി ഇടിയുകയാണെങ്കിലും പെട്രോള്‍ വില അല്‍പം പോലും കുറയ്‌ക്കാതെ എണ്ണക്കമ്പനികളുടെ കൊള്ളക്കച്ചവടം. ഡീസല്‍ വിലയില്‍ നേരിയ കുറവ് വരുത്തിയിട്ടുണ്ട്.
കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് ഡീസല്‍ വില 61 പൈസ കുറച്ചു. കൊച്ചിയിലെ ഡീസല്‍വില 94.82 എന്ന സര്‍വകാലഉയരത്തില്‍ നിന്ന് 94.21 രൂപയിലേക്ക് താഴ്‌ന്നു. അതേസമയം പെട്രോള്‍ വില 102.06 രൂപയില്‍ നിശ്‌ചലം നില്‍ക്കുന്നു.
രാജ്യാന്തര അസംസ്‌കൃത എണ്ണവിലയില്‍ ഇടിവുണ്ടായത് ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യക്കു ശുഭസൂചകമാണ്. കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും മനസുവച്ചാല്‍ പെട്രോള്‍ വിലയും കുറയ്‌ക്കാവുന്നതാണെന്നതു പകല്‍ പോലെ വ്യക്‌തം. ഇന്ത്യ ഇറക്കുമതിചെയ്യുന്ന ബ്രെന്റ് ക്രൂഡിന് ബാരലിന് രണ്ടു ഡോളര്‍ താഴ്‌ന്ന് 66 ഡോളറിലേക്ക് എത്തിയിട്ടുണ്ട്.
ജൂലൈ 30ന് ബ്രെന്റ് ക്രൂഡിന് 75 ഡോളറും അമേരിക്കന്‍ ക്രൂഡിന് 73 ഡോളറുമായിരുന്നു വില. അമേരിക്കന്‍ ക്രൂഡിന് കഴിഞ്ഞ ദിവസം മൂന്നുഡോളറിനടുത്ത് കുറഞ്ഞ് ബാരലിന് 63 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. കഴിഞ്ഞ നാലുമാസത്തെ ഏറ്റവും കുറഞ്ഞ ക്രൂഡ് നിരക്കാണിത്.
രാജ്യാന്തര തലത്തില്‍ കോവിഡ് വ്യാപനം കൂടുന്നത് എണ്ണ ഉപയോഗം കുറയ്‌ക്കുമെന്ന ആശങ്കയിലാണ് വില താഴുന്നത്. വിവിധ എണ്ണ ഇറക്കുമതി രാജ്യങ്ങളില്‍ നിന്ന് ഡിമാന്‍ഡ് കുറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അഫ്‌ഗാന്‍ പ്രതിസന്ധിയും എണ്ണവിലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.