Featured Posts

Breaking News

താലിബാന്‍ തീവ്രവാദികളില്‍ നിന്ന് മൂന്ന് ജില്ലകള്‍ തിരിച്ച് പിടിച്ച് പ്രതിരോധ സേന


കാബൂൾ: താലിബാന്‍ പിടിച്ചടക്കിയ മൂന്ന് ജില്ലകള്‍ തിരിച്ചുപിടിച്ച് താലിബാന്‍ വിരുദ്ധ സേന. ബാനു, പോള്‍ ഇ ഹസര്‍, ദേ സലാഹ് എന്നീ ജില്ലകളാണ് താലിബാന്റെ നിയന്ത്രണത്തില്‍ നിന്ന് താലിബാന്‍ വിരുദ്ധ സേന തിരിച്ചു പിടിച്ചത്. മൂന്ന് ജില്ലകള്‍ തിരിച്ചു പിടിക്കാനുള്ള സേനയുടെ പോരാട്ടത്തില്‍ 60 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തു.

ഈ മൂന്ന് ജില്ലകള്‍ക്കായി താലിബാന്‍ തീവ്രവാദികളും താലിബാന്‍ വിരുദ്ധ സേനയും തമ്മില്‍ നടത്തിയ പോരാട്ടത്തിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരിക്കുന്നുണ്ട്.

പ്രവിശ്യയിലെ ഏറ്റുമുട്ടലിനെക്കുറിച്ച് അഫ്ഗാനിലെ മുന്‍ സര്‍ക്കാര്‍ പ്രതിനിധിയും ഇറാന്‍ ഇന്റര്‍നാഷണല്‍ എന്ന് പേരുള്ള യുകെ ആസ്ഥാനമായുള്ള പേര്‍ഷ്യന്‍ ടിവി സ്റ്റേഷന്റെ മുതിര്‍ന്ന ലേഖകനുമായ താജുദന്‍ സോറൗഷ് നിരവധി ട്വീറ്റുകള്‍ പങ്കിട്ടിട്ടുണ്ട്.

"ബാഗ്ലാന്‍ പ്രവിശ്യയിലെ താലിബാന്‍ വിരുദ്ധ പ്രാദേശിക പ്രതിരോധ സേന ബാനു, പോള്‍-ഇ-ഹസര്‍ ജില്ലകള്‍ താലിബാനില്‍ നിന്ന് തിരിച്ചുപിടിച്ചു. അവര്‍ ദേ സലാഹ് ജില്ലയിലും മുന്നേറ്റം നടത്തുന്നുണ്ട്. ഈ പോരാട്ടത്തില്‍ 60 ഓളം താലിബാന്‍ പോരാളികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്", താജുദന്‍ ട്വീറ്റ് ചെയ്തു.

അതേസമയം താലിബാനും താലിബാന്‍ വിരുദ്ധ പ്രതിരോധ സേനയും തമ്മിലുള്ള പോരാട്ടത്തെക്കുറിച്ച് വൈരുദ്ധ്യമുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

താലിബാനെതിരായ പ്രതിരോധത്തിന്റെ ഒടുവിലത്തെ കേന്ദ്രം രാജ്യ തലസ്ഥാനമായ കാബൂളിന് വടക്കുഭാഗത്തുള്ള പഞ്ച്ഷിര്‍ താഴ്വരയിലാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ഉള്ള ഈ സ്ഥലം തീവ്രവാദത്തിനും അധിനവേശ ശക്തികള്‍ക്കുമെതിരെയുള്ള കേന്ദ്രമായി ദീര്‍ഘകാലമായി നിലകൊള്ളുന്നതാണ്.

ഹിന്ദു കുഷ് മലനിരകളാല്‍ ചുറ്റപ്പെട്ട പഞ്ച്ഷീര്‍ പൊതുവെ അഫ്ഗാന്‍ മണ്ണിന്റെ പ്രതിരോധ കോട്ടയായാണ് അറിയപ്പെടുന്നത്. സോവിയറ്റ്-അഫ്ഗാന്‍ യുദ്ധത്തിലും താലിബാനുമായുള്ള ആഭ്യന്തര യുദ്ധത്തിലും സൈനിക കമാന്‍ഡര്‍ അഹ്മദ് ഷാ മസൂദ് നടത്തിയ പ്രതിരോധം വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു 2001 ല്‍ അദ്ദേഹം മരിക്കുന്നത്.

No comments