Featured Posts

Breaking News

മലയാളി യുവതികള്‍ ഉള്‍പ്പെടെ ഐഎസ് തടവുകാരെ മോചിപ്പിച്ച് താലിബാന്‍


കാബൂള്‍:  മലയാളി യുവതികൾ അടക്കം, ഇന്ത്യക്കാരായ ഐഎസ് തടവുകാരെ അഫ്ഗാനിസ്ഥാനിലെ ജയിലില്‍നിന്ന് താലിബാൻ മോചിപ്പിച്ചു. സോണിയ സെബാസ്റ്റ്യന്‍ എന്ന ആയിഷ, റാഫീല, മെറിന്‍ ജേക്കബ് എന്ന മറിയം, നിമിഷ എന്ന ഫാത്തിമ ഇസാ എന്നിവരടക്കം മോചിപ്പിക്കപ്പെട്ടതായാണ് വിവരം. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കാബൂളിലെത്തി ഇവരെ ചോദ്യം ചെയ്തിരുന്നു. തടവുകാരിലെ വിധവകളെ താലിബാന്‍ ഭീകരര്‍ക്കു വിവാഹം കഴിച്ചു കൊടുത്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

2016 ല്‍ ഐഎസിൽ ചേരാൻ ഭർത്താക്കന്മാർക്കൊപ്പം രാജ്യം വിട്ട ഇവർ അഫ്ഗാനിലെത്തിയിരുന്നു. പിന്നീട് അഫ്ഗാൻ സൈന്യത്തിനു കീഴടങ്ങുകയായിരുന്നു. കാബൂളിലെ ഫുലെ ചര്‍കി, ബദാം ബാഗ് എന്നീ ജയിലുകളില്‍നിന്നാണ് ഇന്ത്യക്കാരുൾപ്പെടെയുള്ള ഐഎസ് തടവുകാരെ താലിബാൻ മോചിപ്പിച്ചതെന്നും ഇതിൽ 9 മലയാളികളുണ്ടെന്നുമാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ച വിവരം. ഇവര്‍ മറ്റേതെങ്കിലും രാജ്യം വഴി ഇന്ത്യയിലെത്താന്‍ ശ്രമിക്കുമെന്ന് ആശങ്കയുള്ളതിനാൽ കനത്ത ജാഗ്രതയിലാണെന്ന് അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

25 ഓളം ഇന്ത്യക്കാരാണ് കാബൂളിലെ വിവിധ ജയിലുകളിലുണ്ടായിരുന്നത്. ഇവരെ പരിശീലിപ്പിച്ച് ഇന്ത്യയിലേക്ക് അയച്ച് ആക്രമണം നടത്താന്‍ താലിബാന്‍ ഉപമേധാവി സിറാജുദീന്‍ ഹഖാനി ശ്രമിക്കുമെന്നും ഇന്ത്യന്‍ ഏജന്‍സികള്‍ ആശങ്കപ്പെടുന്നു.

ഐഎസ് ഭീകരരെ വിവാഹം ചെയ്ത സ്ത്രീകളെയും അവരുടെ കുട്ടികളെയും തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി തീരുമാനമെടുത്തിരുന്നില്ല. ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ഇന്‍ ഖൊറാസന്‍ പ്രൊവിന്‍സില്‍ (ഐഎസ്‌കെപി) ചേരാന്‍ 4 പേരുടെയും ഭര്‍ത്താക്കന്മാര്‍ അഫ്ഗാനിലേക്കു കടന്നപ്പോഴാണ് ഇവര്‍ ഒപ്പം പോയത്. 2013 നും 2018 നും ഇടയില്‍ ഐഎസില്‍ ചേരാനായി സിറിയയിലേക്കും ഇറാഖിലേക്കും പോയവരില്‍ മറ്റു രാജ്യങ്ങളുടെ 52,808 പൗരന്മാരുണ്ടെന്നാണു ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. ഇവരില്‍ പുരുഷന്മാരിലേറെയും ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടിരുന്നു.


No comments