Featured Posts

Breaking News

ആരോടും പ്രതികാരം ചെയ്യില്ല, സ്ത്രീകള്‍ക്ക് ഇസ്ലാം അനുശാസിക്കുന്ന എല്ലാ അവകാശങ്ങളുംനല്‍കും- താലിബാന്‍


കാബൂള്‍: ആര്‍ക്കും ഭീഷണികള്‍ ഉണ്ടാവില്ലെന്നും ആരോടും പ്രതികാരം ചെയ്യില്ലെന്നും താലിബാന്‍. സ്ത്രീകളോട് വിവേചനം ഉണ്ടാവില്ലെന്നും അവര്‍ക്കിഷ്ടമുള്ള ജോലി ചെയ്യാന്‍ അവസരമുണ്ടാകുമെന്നും താലിബാന്‍ വ്യക്തമാക്കി. അഫ്ഗാനിസ്താന്‍ നിയന്ത്രണത്തിലായ ശേഷം ആദ്യമായി താലിബാന്‍ വക്താവ് കാബൂളില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ലോകത്തിലെ ഒരു രാജ്യത്തിനും അഫ്ഗാനിസ്താനില്‍നിന്ന് ഒരുതരത്തിലുള്ള ഭീഷണിയും ഉണ്ടാവില്ലെന്ന് ലോകരാജ്യങ്ങള്‍ക്ക് മുഴുവന്‍ ഉറപ്പ് നല്‍കുന്നതായി താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പത്രസമ്മേളനത്തില്‍ പറഞ്ഞു. അഫ്ഗാനിസ്താനില്‍ ഉടന്‍തന്നെ ഒരു മുസ്ലിം സര്‍ക്കാര്‍ നിലവില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഞങ്ങള്‍ക്ക് ആരോടും ശത്രുതയില്ല. ഞങ്ങളുടെ നേതാക്കളുടെ നിര്‍ദേശപ്രകാരം ഞങ്ങള്‍ എല്ലാവരോടും പൊറുത്തിരിക്കുന്നു. വിദേശ ശക്തികള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച സൈനികാംഗങ്ങളോട് അടക്കം ആരോടും പ്രതികാരം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകളോട് ഒരു വിവേചനവും ഉണ്ടാവില്ല. ഇസ്ലാം അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും സ്ത്രീകള്‍ക്കുണ്ടായിരിക്കും. സ്ത്രീകള്‍ക്ക് വേണമെങ്കില്‍ ആരോഗ്യ മേഖലയിലും മറ്റു മേഖലകളിലും ജോലിചെയ്യാം.

അതേസമയം, മൂല്യങ്ങള്‍ക്കനുസരിച്ചുള്ള നിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കാന്‍ അഫ്ഗാനിസ്താനിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഈ നിയമങ്ങളെ മറ്റു രാജ്യങ്ങള്‍ ബഹുമാനിക്കണമെന്നും താലിബാന്‍ വക്താവ് ആവശ്യപ്പെട്ടു.

No comments