Featured Posts

Breaking News

ചിക്കന്‍ കൊണ്ടാട്ടം


ഊണിനൊപ്പം ഒരടിപൊളി ചിക്കന്‍ കൊണ്ടാട്ടം ആയോലോ? നല്ല എരിവുള്ള ഈ സ്‌പെഷ്യല്‍ വിഭവം എളുപ്പത്തില്‍ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ചേരുവകകള്‍

ചിക്കന്‍(എല്ലില്ലാത്തത്)- 500 ഗ്രാം
സവാള അരിഞ്ഞത്- ഒരു കപ്പ്
കറിവേപ്പില - ഒരു തണ്ട്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടേബിള്‍ സ്പൂണ്‍
കശ്മീരി മുളക് പൊടി - 2 ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്‌ളോര്‍- 2 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി- ഒരു ടീസ്പൂണ്‍
ചെറുനാരങ്ങാ നീര്- ഒരു ടേബിള്‍ സ്പൂണ്‍
വറ്റല്‍ മുളക് - അഞ്ച് എണ്ണം
സോയ സോസ്
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് വൃത്തിയായി കഴുകിയ ചിക്കനെടുക്കുക. ഇതിലേക്ക് ചെറുനാരങ്ങാ നീര്, സ്വല്‍പം ഉപ്പ്, മുളക് പൊടി, അര ടീസ്പൂണ്‍ കുരുമുളക് പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കോണ്‍ഫ്‌ളവര്‍ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ത്ത് വെക്കുക. ചിക്കനില്‍ ഈ കൂട്ട് നന്നായി ചേര്‍ന്നിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഈ ചിക്കന്‍ അരമണിക്കൂര്‍ നേരം മാറ്റിവെക്കുക. അതിനുശേഷം ഒരു പാന്‍ എടുത്ത് മസാല പുരട്ടിവെച്ച ചിക്കന്‍ അതില്‍ വറുത്തെടുക്കുക. രണ്ടുവശവും ചെറുതീയില്‍ നന്നായി വറത്തെടുക്കണം.

മറ്റൊരു പാന്‍ എടുത്ത് അതില്‍ കറിവേപ്പില, വറ്റല്‍ മുളക്, ബാക്കിയുള്ള ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, സവാള എന്നിവയിട്ട് വറുത്തെടുക്കണം. സവാള ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കണം. ഇതിലേക്ക് ബാക്കിയുള്ള മുളക് പൊടി, കുരുമുളക് പൊടി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. ഇത് നന്നായി ചേര്‍ത്തിളക്കുക. അതിനുശേഷം സോയ സോസ് ഇതിലേക്ക് ചേര്‍ക്കുക. മസാല വല്ലാതെ വരണ്ടിരിക്കുന്നു എന്ന് തോന്നുണ്ടെങ്കില്‍ ഇതിലേക്ക് സ്വല്‍പം വെള്ളം ചേര്‍ത്തു കൊടുക്കാം. നേരത്തെ വറുത്തുവെച്ചിരിക്കുന്ന ചിക്കനിലേക്ക് മസാലക്കൂട്ട് ചേര്‍ത്തതിനുശേഷം പത്ത് മിനിറ്റ് നേരം വേവിക്കുക. ഉച്ചയ്ക്കത്തെ ഊണിന് ചിക്കന്‍ കൊണ്ടാട്ടം ചൂടോടെ വിളമ്പാം.

No comments