Featured Posts

Breaking News

അഞ്ച് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു; മണ്ണിനടിയില്‍ ഏറെയും കുട്ടികള്‍


തിരുവനന്തപുരം: തെക്കന്‍ ജില്ലകളില്‍ അതിതീവ്രമഴയും മലവെള്ളപ്പാച്ചിലും ഉരുള്‍പ്പൊട്ടലും സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് തിരിച്ചുവരാൻ പാടുപെടുകയാണ് കേരളം. കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുമ്പോള്‍ അവിചാരിതമായി മൃതദേഹങ്ങൾ കണ്ടെടുക്കുന്നത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കുന്നു. കാണാതായവരുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത രണ്ടു മൃതദേഹങ്ങളാണ് ഞായറാഴ്ച കണ്ടെടുത്തത്.

കോട്ടയം ഇളംകോട് സ്വദേശിയായ ഷാലറ്റ് (29) എന്നയാളുടെ മൃതദേഹമാണ് ഞായറാഴ്ച ആദ്യം കണ്ടെടുത്തത്. മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടാണ് ഇയാള്‍ മരിച്ചതെന്നാണ് വിവരം.

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളിലായി ഒരു കുഞ്ഞിന്റേത് ഉൾപ്പടെ വിവിധയിടങ്ങളില്‍ നിന്നായി അഞ്ചുപേരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച കണ്ടെടുത്തത്. ഇതില്‍ പലരുടേയും ശരീരഭാഗങ്ങള്‍ മാത്രമാണ് കണ്ടെടുത്തതെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. വലിയ പാറകളും മണ്ണും അടിഞ്ഞുകൂടിയത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്.

കോട്ടയം കൂട്ടിക്കലില്‍ കഴിഞ്ഞ ദിവസം മൂന്ന് പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇന്ന് കൂട്ടിക്കലിലെ കാവാലിയിലും പ്ലാപ്പള്ളിയിലുമായി നാലുപേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. കൊക്കയാറില്‍ കാണാതായ എട്ട് പേരില്‍ അഞ്ചു പേരും കുട്ടികളാണ് എന്നാണ് വിവരം.

കൊക്കയാറില്‍ ഏഴ് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. ഇവിടെ രക്ഷാ പ്രവര്‍ത്തനത്തിനായി ഡോഗ് സ്‌ക്വാഡിനേയും എത്തിച്ചിട്ടുണ്ട്. കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളും എത്തിക്കുന്നുണ്ട്.

കൊക്കയാറില്‍ നേരത്തെ ഏഴ് പേരേയാണ് കാണാതായതെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ ഇവിടെ എട്ട് പേരെയാണ് കാണാതായിട്ടുള്ളത്. പെരുവന്താനത്ത് നിന്ന് ഒരാളുടെ മൃതദേഹവും കണ്ടെടുത്തിണ്ടെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു.

ഇന്നലെ ലഭിച്ചതില്‍ നിന്നും വ്യത്യസ്തമാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന കണക്കുകളെന്ന് മന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചു. മന്ത്രിമാരായ കെ.രാജന്‍, വി.എന്‍.വാസവന്‍, റോഷി അഗസ്റ്റി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി വിലയിരുത്തുന്നുണ്ട്.

കേരളത്തില്‍ പൊതുവേ മഴ കുറഞ്ഞുവരുന്നതായാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഇടിയോട് കൂടിയ മഴക്കും 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലവസ്ഥാ വകുപ്പ് ഏറ്റവും ഒടുവിലായി നല്‍കിയിരിക്കുന്ന അറിയിപ്പ്.

No comments