ആഡംബര കപ്പലിലെ മയക്കുമരുന്ന് പാർട്ടി; ഷാരൂഖിന്റെ മകൻ ആര്യൻ ഉൾപ്പെടെ എൻസിബി പിടിയിൽ
മുംബൈ ∙ ആഡംബര കപ്പലിൽനടന്ന ലഹരി പാർട്ടിക്കിടെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) നടത്തിയ പരിശോധനയിൽ മൂന്ന് യുവതികൾ ഉൾപ്പെടെ 11 പേർ പിടിയിൽ. മുംബൈ തീരത്തെ പാർട്ടിക്കിടയിൽ പിടിയിലായവരിൽ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനും ഉൾപ്പെട്ടിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആര്യനെതിര കുറ്റം ചുമത്തുകയോ അറസ്റ്റു ചെയ്യുകമോ ചെയ്തിട്ടില്ലെന്നും ചോദ്യം ചെയ്യുകയാണെന്നും എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ അറിയിച്ചു.
കപ്പലിൽനിന്ന് കൊക്കെയ്ൻ, ഹഷീഷ്, എംഡിഎംഎ ഉൾപ്പെടെ നിരവധി നിരോധിത ലഹരിമരുന്നുകൾ പിടിച്ചെടുത്തെന്ന് എൻസിബി അറിയിച്ചു. രണ്ടാഴ്ച മുൻപ് ഉദ്ഘാടനം ചെയ്ത കോർഡില ക്രൂസ് എന്ന ആഡംബര കപ്പലിലാണ് എൻസിബി പരിശോധന നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, ശനിയാഴ്ച യാത്രക്കാരുടെ വേഷത്തിൽ കപ്പലിൽ കയറുകയായിരുന്നെന്ന് സമീർ വാങ്കഡെ അറിയിച്ചു. മുംബൈ തീരത്തുനിന്ന് നടുക്കടലിൽ എത്തിയപ്പോഴാണ് പാർട്ടി ആരംഭിച്ചത്. തുടർന്ന് കപ്പലിൽ ഉണ്ടായിരുന്ന എൻസിബി ഉദ്യോഗസ്ഥർ പാർട്ടിക്കിടെ പരസ്യമായി ലഹരിമരുന്ന് ഉപയോഗിച്ചവരെ അറസ്റ്റു ചെയ്തു
7 മണിക്കൂറോളമാണ് പരിശോധന നീണ്ടത്. നിരവധി മുറികൾ പരിശോധിച്ചെങ്കിലുും ഇനിയും കൂടുതൽ പരിശോധന നടത്താനുണ്ടെന്നാണു വിവരം. പരിശോധനയ്ക്കു ശേഷം കപ്പൽ മുംബൈ രാജ്യാന്തര ടെർമിനലിൽ എത്തും. പിടിയിലായവർക്കെതിരെ നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോതെറാപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം കേസെടുത്തു കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.
ഒക്ടോബർ രണ്ടു മുതൽ നാലു വരെയാണ് കപ്പലിൽ പാർട്ടി തീരുമാനിച്ചിരുന്നതെന്നാണ് വിവരം. സംഗീത പരിപാടി എന്ന നിലയിലാണ് സംഘടിപ്പിച്ചത്. നൂറോളം ടിക്കറ്റ് വിറ്റുപോയി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുമായി ചേർന്ന് ഫാഷൻ ടിവിയാണ് പരിപാടി ആസൂത്രണം ചെയ്തതെന്നാണ് വിവരം.