''സിപിഎം-ജോജു ഒത്തുകളി' ആരോപിച്ച് കോണ്‍ഗ്രസ്: ടോണി ചമ്മിണി അടക്കമുള്ള പ്രതികള്‍ കീഴടങ്ങി
കൊച്ചി: നടന്‍ ജോജു ജോര്‍ജിന്റെ വാഹനം അടിച്ചുതകര്‍ത്ത കേസില്‍ കൊച്ചി മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ ടോണി ചമ്മിണി കീഴടങ്ങി. ടോണി ചമ്മിണി, യൂത്ത് കോണ്‍ഗ്രസ് നേതാവ് സി ഐ ഷാജഹാന്‍ തുടങ്ങി അഞ്ച് നേതാക്കളാണ് പ്രകടനമായി എത്തി മരട് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. മരട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ പ്രമുഖ നേതാക്കളോടൊപ്പം പ്രകടനമായി എത്തിയാണ് പ്രതികള്‍ പോലീസിന് മുന്നില്‍ ഹാജരായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നത്. പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ജോജു ജോര്‍ജിന്റെ കോലം കത്തിച്ചു.
അതേസമയം തനിക്കെതിരെ വ്യാജ പരാതിയിലാണ് പോലീസ് കേസെടുത്തതെന്ന് ടോണി ചമ്മിണി പ്രതികരിച്ചു. നിയമപരമായും രാഷ്ട്രീയപരമായും നേരിടും. അധികൃതരേയും ജനങ്ങളേയും അറിയിച്ച ശേഷമുള്ള സമരമാണ് ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയത്. സാധാരണക്കാരനെ ബാധിക്കുന്ന വിഷയമായതിനാലും തീക്ഷണ വിഷയമായതിനാലും സമരവും തീക്ഷണമായിരുന്നു. സമരത്തെ അലങ്കോലപ്പെടുത്താന്‍ ജോജു ശ്രമിച്ചെന്നും ഇതില്‍ പ്രകോപിതരായാണ് പ്രവര്‍ത്തകര്‍ പ്രതികരിച്ചതെന്നും ടോണി ചമ്മിണി പറഞ്ഞു.
കേസില്‍ നേരത്തെ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ ചില്ലാണ് അക്രമികള്‍ അടിച്ചുതകര്‍ത്തത്. പോലീസ് എഫ്.ഐ.ആര്‍ പ്രകാരം ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് കാറിനുണ്ടാക്കിയിരിക്കുന്നത്. കേന്ദ്രം വില കുറച്ചിട്ടും കേരളം ഇന്ധനവിലയിലെ നികുതി കുറയ്ക്കാന്‍ തയ്യാറായില്ല. കോണ്‍ഗ്രസിന്റെ അടുത്ത സമരം സംസ്ഥാന സര്‍ക്കാരിനെതിരെയാണെന്ന് മനസ്സിലാക്കിയപ്പോള്‍ സിപിഎം ജനശ്രദ്ധ തിരിച്ചുവിടാന്‍ നടത്തിയ ഒത്തുകളിയാണിതെന്നും ടോണി ചമ്മിണി ആരോപിച്ചു.
ജോജു ജോര്‍ജ് സിപിഎമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഗതാഗതക്കുരുക്ക് കണ്ട ശേഷം ആരുടെ സമരം എന്ന് ചോദിച്ച ശേഷമാണ് ജോജു പുറത്തിറങ്ങിയത്. കോണ്‍ഗ്രസിന്റെ സമരമായതിനാലാണ് ജോജു പ്രതികരിച്ചത്. സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും സിപിഎമ്മും ചേര്‍ന്നാണ് കേസിലെ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ അട്ടിമറിച്ചതെന്നും ടോണി ചമ്മിണി ആരോപിച്ചു.
ഏതൊരാള്‍ക്കും രാഷ്ട്രീയമാകാം. പക്ഷേ ഒരു പാര്‍ട്ടിയുടെ ചട്ടുകമായി മാറി മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ വിഷയത്തില്‍ ഇടപെടുന്നത് ശരിയല്ല. ബി ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. സിപിഎമ്മിന് കുഴലൂതുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും ടോണി ചമ്മിണി കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ സമരത്തെ അലങ്കോലമാക്കിയ ജോജു സിപിഎം ജില്ലാ സമ്മേളന റാലകളില്‍ ജനങ്ങളുടെ ഗതാഗതം തടസ്സപ്പെടുമ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുമോയെന്നും ചമ്മിണി ചോദിച്ചു. സിപിഎം റാലിക്കെതിരെ പ്രതികരിച്ചാല്‍ ജോജുവിന്റെ അനുശോചനയോഗം നടത്തേണ്ടിവരുമെന്നും അദ്ദേഹം പരിഹസിച്ചു.
പരസ്യമായി എതിര്‍ക്കുന്നത് പോയിട്ട് ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് ഇടാന്‍ പോലും ജോജുവിന് ധൈര്യമുണ്ടാകില്ല. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും മത സമുദായ സംഘടനകളും ഗതാഗതം തടസ്സപ്പെടുത്തി നടത്തുന്ന പരിപാടികള്‍ക്കെതിരെ കൂടി പ്രതികരിച്ചാല്‍ മാത്രമേ ജോജു ജോര്‍ജ് കോണ്‍ഗ്രസ് സമരത്തില്‍ പ്രകടിപ്പിച്ചത് തന്റെ പൊതുനിലപാടാണെന്ന് കരുതാനാകൂവെന്നും ടോണി ചമ്മിണി പറഞ്ഞു. അല്ലെങ്കില്‍ കോണ്‍ഗ്രസ് സമരത്തെ അലങ്കോലമാക്കാന്‍ നടത്തിയ ശ്രമമാണെന്ന ആരോപണം സത്യമാണെന്ന് പൊതുസമൂഹത്തിന് മനസ്സിലാകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.