Featured Posts

Breaking News

പെട്രോള്‍ വില കുറച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തും: കെ. സുരേന്ദ്രന്‍


തിരുവനന്തപുരം: ഇന്ധന വിലയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ മാതൃകയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേന്ദ്രത്തെ മാതൃകയാക്കി സംസ്ഥാനത്ത് പെട്രോള്‍ നികുതി കുറയ്ക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഇന്ധന വില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെ പഴി ചാരി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രത്തെ കുറ്റം പറഞ്ഞ് ഇനിയും രക്ഷപ്പെടാന്‍ കഴിയില്ലെന്നും സര്‍ക്കാരിന്റെ അടവുകള്‍ പൊളിഞ്ഞെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

അതേസമയം കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വിലയിലെ എക്‌സൈസ് തീരുവ കുറച്ചതിനെ തുടര്‍ന്നുള്ള വിലക്കുറവ് കേരളത്തില്‍ പ്രാബല്യത്തില്‍ വന്നു. സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 6.07 രൂപയും ഡീസലിന് 12.37 രൂപയുമാണ് കുറഞ്ഞത്. കേന്ദ്രത്തെപ്പോലെ കേരളവും നികുതി കുറയ്ക്കണമെന്നാണ് പ്രതിപക്ഷവും ആവശ്യപ്പെടുന്നത്.

അതേസമയം കേരളം നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമാണെന്നും കോവിഡ് കാരണം സര്‍ക്കാരിന് മേലുള്ളത് അധികഭാരമാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

No comments