Featured Posts

Breaking News

ഒമിക്രോണ്‍: സംസ്ഥാനത്ത് 30 മുതല്‍ ജനുവരി രണ്ടുവരെ രാത്രികാല നിയന്ത്രണം


തിരുവനന്തപുരം: നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ച് ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടു വരെ രാത്രികാല നിയന്ത്രണങ്ങള്‍ (രാത്രി 10 മുതല്‍രാവിലെ അഞ്ച് വരെ) ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.

പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 31ന് രാത്രി 10ന് ശേഷം അനുവദിക്കില്ല. ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരുും.

പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുളള ബീച്ചുകള്‍, ഷോപ്പിംഗ് മാളുകള്‍, പബ്ലിക് പാര്‍ക്കുകള്‍, തുടങ്ങിയ പ്രദേശങ്ങളില്‍ ജില്ലാ കളക്ടര്‍മാര്‍ മതിയായ അളവില്‍ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറല്‍ മജിസ്ട്രേറ്റുകളെ വിന്യസിക്കും. കൂടുതല്‍ പോലീസിനെ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിക്കും.

ഒമിക്രോണ്‍ വൈറസ് ബാധ തടയുന്നതിനായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കാന്‍ യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ജില്ലകളിലെ കോവിഡ് വ്യാപനത്തെപ്പറ്റിയും നിയന്ത്രണപ്രവര്‍ത്തനങ്ങളെ പറ്റിയും ജില്ലാ കളക്ടര്‍മാര്‍ വിശദീകരിച്ചു.

ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടുതലുള്ള തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ കൂടുതല്‍ ജനിതക സീക്വന്‍സിങ്ങ് നടപ്പിലാക്കാന്‍ ജില്ലാ കളക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ജനുവരി അവസാനത്തോടെ കോവിഡ് ബാധിതരുടെ എണ്ണം കൂടാനുള്ള സാധ്യത പരിഗണിച്ചു ഓക്‌സിജന്‍ ഉത്പ്പാദനശേഷിയുള്ള ആശുപത്രികളെല്ലാം ഓക്‌സിജന്‍ ഉത്പ്പാദനവും, സംഭരണവും വര്‍ദ്ധിപ്പിക്കുന്നുവെന്ന് ജില്ലാ കളക്ടര്‍മാര്‍ ഉറപ്പു വരുത്തേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

No comments