Featured Posts

Breaking News

യു.പിയിൽ 17കാരൻ മരിച്ചു; പൊലീസ് മർദനമെന്ന് ബന്ധുക്കൾ


ലഖ്നോ: ഉത്തർപ്രദേശിലെ ലഖീംപൂരിൽ 17കാരന്റെ മരണം പൊലീസ് മർദനത്തെ തുടർന്നെന്ന് ആരോപണവുമായി കുടുംബം. അമ്മാവന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നാരോപിച്ച് കൗമാരക്കാരനെ പൊലീസ് മർദിച്ചുവെന്നാണ് ആരോപണം. ലഖ്നോവിൽ നിന്ന് 230 കിലോമീറ്റർ അകലെ സമ്പൂർണ നഗറിലാണ് സംഭവം.

സംഭവത്തിൽ ഒരു സബ് ഇൻസ്പെക്ടറെയും രണ്ടുകോൺസ്റ്റബിൾമാരെയും അന്വേഷണ വിധേയമായി സസ്‍പെൻഡ് ചെയ്തിട്ടുണ്ട്.


എന്നാൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് കുട്ടിയുടെ ചോദ്യം ചെയ്തതെന്നും അതിനുശേഷം വിട്ടയച്ചതായും ലഖിംപൂർ പൊലീസ് മേധാവി അവകാശപ്പെട്ടു. അമ്മാവനാണ് ആക്രമണത്തിന് പിന്നിലെന്ന് വീട്ടുകാർ ആദ്യം കുറ്റപ്പെടുത്തിയെങ്കിലും പിന്നീട് മൊഴി മാറ്റിയതായി അദ്ദേഹം പറഞ്ഞു.

'ഈ മാസം 17ന് കുട്ടി ഫോൺ മോഷ്ടിച്ചെന്ന് അമ്മാവൻ ആരോപിച്ചു. പരാതിയെ തുടർന്ന് 19ന് കുട്ടിയുടെ കുടുംബത്തെയും ഗ്രാമത്തലവനെയും പൊലീസ് സ്‌റ്റേഷനിൽ വിളിച്ചുവരുത്തി. എല്ലാവരുടെയും മുന്നിൽ വെച്ച് അവരെ ചോദ്യം ചെയ്തു'-പൊലീസ് തലവൻ സഞ്ജീവ് സുമൻ പറഞ്ഞു.

തുടർന്ന് ഇവർ ഒത്തുതീർപ്പിലെത്തിയ രേഖയും തങ്ങളുടെ പക്കലുണ്ടെന്ന് പോലീസ് പറഞ്ഞു. സ്‌റ്റേഷനിൽ നിന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അവർ മടങ്ങിയത്. കഴിഞ്ഞ ദിവസം രാവിലെ കുട്ടിയുടെ മാതാവ് സ്റ്റേഷനിലെത്തി 20ന് രാത്രി മകനെ അമ്മാവനും മറ്റുചിലരും ചേർന്ന് മർദിച്ചതായി പറഞ്ഞു.

'അന്ന് രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി പിറ്റേ ദിവസം രാവിലെ മരിച്ചു. പിന്നാലെയാണ് പൊലീസ് മർദനത്തെ തുടർന്നാണ് കുട്ടി മരിച്ചതെന്ന് ആരോപണവുമായി കുടുംബാംഗങ്ങൾ രംഗത്തെത്തിയത്. ആരോപണത്തെ കുറിച്ച് അന്വേഷിക്കും. പൊലീസുകാർ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ശിക്ഷാനടപടികൾ സ്വീകരിച്ചും'- സുമൻ പറഞ്ഞു.

No comments