Featured Posts

Breaking News

കരിങ്കൊടി, ചെളിയേറ്: പശ്ചിമ യു.പിയിലെ ഗ്രാമങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രതിഷേധം


ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പശ്ചിമ യുപിയിലെ ഗ്രാമങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ പ്രതിഷധം. കരിങ്കൊടി കാണിക്കല്‍, കല്ലേറ്, ചെളി വാരിയെറിയല്‍ എന്നിങ്ങനെയുള്ള പ്രതിഷേധങ്ങളാണ് അരങ്ങേറുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടുചെയ്തു.

ശിവല്‍ഖാസ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി മനീന്ദര്‍പാല്‍ സിങ്ങിനു നേരെ കല്ലേറുണ്ടായി. അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലെ ഏഴോളം കാറുകള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

ചപ്രോളിയിലെ സ്ഥാനാര്‍ഥി സഹേന്ദ്ര രമാലയ്ക്ക് നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. വോട്ട് ചോദിക്കാനായി നിരുപദ ഗ്രാമത്തില്‍ അദ്ദേഹത്തെ ജനങ്ങള്‍ പ്രവേശിപ്പിച്ചില്ല.

അതേസമയം, ജനങ്ങളല്ല പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തകരാണ് ബിജെപിക്കെതിരെ നടക്കുന്ന സംഘടിത നീക്കങ്ങള്‍ക്ക് പിന്നിലെന്ന് ബിജെപി ആരോപിക്കുന്നു. ഫെബ്രുവരി 10, 14 തീയതകളിലാണ് യുപിയിലെ ആദ്യ രണ്ട് ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.

2017-ല്‍ ബിജെപി തൂത്തുവാരിയ പശ്ചിമ യുപിയില്‍ ഇത്തവണ കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്നാണ് റിപ്പോർട്ട്. ജാട്ട് സമുദായത്തിന് വ്യക്തമായ മേല്‍കൈയുള്ള ഈ പ്രദേശത്ത് കര്‍ഷക പ്രക്ഷോഭം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എസ്പി- ആര്‍എല്‍ഡി സഖ്യം പ്രചാരണ വിഷയമാക്കിയിട്ടുണ്ട്.

സഖ്യത്തെ തുടര്‍ന്ന് യാദവ, മുസ്ലീം ജാട്ട് സമുദായങ്ങളുടെ വോട്ടുകളില്‍ ഏകീകരണമുണ്ടായാല്‍ അത് ബിജെപിക്ക് തിരിച്ചടിയാകും. തിരിച്ചടിക്കുള്ള സാധ്യത മുന്നില്‍ക്കണ്ട് അമിത് ഷായുടെ നേതൃത്വത്തിലാണ് ഇവിടെ പ്രചാരണ പരിപാടികള്‍ പുരോഗമിക്കുന്നത്. സമുദായ നേതാക്കളുമായി ഷാ നേരിട്ട് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

No comments