Featured Posts

Breaking News

യഥാര്‍ഥ ശത്രു നാറ്റോ, യുദ്ധം യുക്രൈനോട്‌; റഷ്യയുടെ ആ പേടിക്ക് പതിറ്റാണ്ടുകളുടെ പഴക്കം


നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ അഥവാ നാറ്റോ ആണ് റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ മൂല കാരണം. 1949-ലാണ് നാറ്റോ നിലവില്‍ വന്നത്. യുക്രൈന്‍ നാറ്റോയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുകയും റഷ്യ അതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നതോടെയാണ് കാര്യങ്ങള്‍ വഷളായി തുടങ്ങിയത്.

യുക്രൈന്‍ നാറ്റോയില്‍ ചേര്‍ന്നാല്‍ നാറ്റോ സൈന്യം യുക്രൈന്‍-റഷ്യ അതിര്‍ത്തിയിലെത്തുമെന്ന് റഷ്യ ഭയപ്പെടുന്നു. എന്തുകൊണ്ടാണ് റഷ്യയുടെ ഈ നാറ്റോ ഫോബിയ ഇത്രയും വലിയ യുദ്ധത്തിലേക്ക് നയിച്ചത്? റഷ്യയ്ക്ക് എന്തിനാണ് നാറ്റോയോട് ഇത്രയും വെറുപ്പ്?

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കിഴക്കന്‍ യൂറോപ്പില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ സോവിയറ്റ് യൂണിയന്‍ വിസമ്മതിക്കുകയും 1948-ല്‍ ജര്‍മനിയെ വളയുകയും ചെയ്തു. ഇതാണ് നാറ്റോ രൂപീകരണത്തിലേക്ക് നയിച്ച പ്രധാന സംഭവം.

1949 ഏപ്രില്‍ 4-ന് നാറ്റോ രൂപീകരിച്ച് സോവിയറ്റ് വിപുലീകരണത്തെ ചെറുക്കാന്‍ യുഎസിനെ പ്രേരിപ്പിച്ചത് സോവിയേറ്റിന്റെ ഈ നീക്കമാണ്. നാറ്റോ രൂപീകരിക്കുമ്പോള്‍ 12 അംഗരാജ്യങ്ങളുണ്ടായിരുന്നത്. യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ, ഇറ്റലി, നെതര്‍ലന്‍ഡ്സ്, ഐസ്ലാന്‍ഡ്, ബെല്‍ജിയം, ലക്‌സംബര്‍ഗ്, നോര്‍വേ, പോര്‍ച്ചുഗല്‍, ഡെന്‍മാര്‍ക്ക് എന്നിവരായിരുന്നു അന്ന് അംഗങ്ങളായി ഉണ്ടായിരുന്നത്. ഇന്ന് നാറ്റോയ്ക്ക് 30 അംഗരാജ്യങ്ങളുണ്ട്.

ഒരു പൊതു സുരക്ഷാനയത്തില്‍ പ്രവര്‍ത്തിക്കുന്ന സൈനിക സഖ്യമാണ് നാറ്റോ. ഒരു നാറ്റോ അംഗരാജ്യത്തെ ആക്രമിക്കുകയാണെങ്കില്‍, ഇത് എല്ലാ നാറ്റോ അംഗരാജ്യങ്ങളുടെയും അധിനിവേശമായി കണക്കാക്കും. എല്ലാ നാറ്റോ അംഗരാജ്യങ്ങളും അധിനിവേശത്തിനെതിരെ ആയുധമെടുക്കും.

സോവിയേറ്റ് യൂണിയന്‍ തകര്‍ന്നതോടെ 1991 ഡിസംബര്‍ 25-ന് 15 പുതിയ രാജ്യങ്ങള്‍ രൂപപ്പെട്ടു: അര്‍മേനിയ, അസര്‍ബൈജാന്‍, ബെലാറസ്, എസ്‌തോണിയ, ജോര്‍ജിയ, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ലാത്വിയ, ലിത്വാനിയ, മോള്‍ഡോവ, റഷ്യ, താജിക്കിസ്താന്‍, തുര്‍ക്ക്‌മെനിസ്താന്‍, യുക്രൈന്‍, ഉസ്‌ബെകിസ്താന്‍.

സോവിയേറ്റ് യൂണിയന്‍ തകര്‍ന്നതോടെ യുഎസ് ലോകത്തിലെ ഒരേയൊരു സൂപ്പര്‍പവറായി മാറി. അമേരിക്കയുടെ നേതൃത്വത്തില്‍ നാറ്റോ വിപുലീകരണം കാര്യമായി തന്നെ നടന്നു. സോവിയറ്റ് യൂണിയനില്‍ നിന്ന് പുറത്തുവന്ന രാജ്യങ്ങള്‍ നാറ്റോയില്‍ ചേരാന്‍ തുടങ്ങി. എസ്‌തോണിയ, ലാത്വിയ, ലിത്വാനിയ എന്നിവ 2004-ല്‍ നാറ്റോയില്‍ ചേര്‍ന്നു. ജോര്‍ജിയയ്ക്കും യുക്രൈനും 2008-ല്‍ നാറ്റോ അംഗത്വം വാഗ്ദാനം ചെയ്തിരുന്നെങ്കിലും സൈനിക സഖ്യത്തില്‍ ചേരാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല.

''മിസൈലുകളുമായി അമേരിക്ക നമ്മുടെ പടിവാതില്‍ക്കലാണ്. കാനഡയിലോ മെക്സിക്കോയുടെ അതിര്‍ത്തികളിലോ റഷ്യ മിസൈലുകള്‍ വിന്യസിച്ചാല്‍ അമേരിക്കയുടെ പ്രതികരണം എന്തായിരിക്കും?'' യുക്രൈനിന്റെ നാറ്റോ അംഗത്വത്തെ സംബന്ധിച്ച് 2021 ഡിസംബറില്‍ പുതിന്‍ നടത്തിയ പ്രതികരണമാണ് ഇത്.

നാറ്റോയുടെ വിപുലീകരണത്തെ പുതിന്‍ എന്നും ശക്തമായി എതിര്‍ത്തിരുന്നു. എന്നും നാറ്റോയെ റഷ്യ വലിയ സുരക്ഷാ ഭീഷണിയായിട്ടായിരുന്നു കണ്ടിരുന്നത്. അതിനാല്‍ തന്നെ നാറ്റോ വിഷയങ്ങളില്‍ റഷ്യ യാതൊരു വിട്ടുവീഴ്ചയും നടത്തിയിരുന്നില്ല. യുക്രൈന്‍ നാറ്റോ അംഗമായാല്‍ റഷ്യ പൂര്‍ണ്ണമായും വലയം ചെയ്യപ്പെടും. ഇത് പുടിനും റഷ്യയ്ക്കും ഒട്ടും സ്വീകാര്യമായിരുന്നില്ല.

യുക്രൈനും നാറ്റോയും

1917ന് മുമ്പ് റഷ്യയും യുക്രൈനും റഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. റഷ്യന്‍ വിപ്ലവത്തെത്തുടര്‍ന്ന് റഷ്യന്‍ സാമ്രാജ്യം വീണപ്പോള്‍ യുക്രൈന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചെങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അവര്‍ സോവിയറ്റ് യൂണിയനില്‍ ചേരുകയായിരുന്നു.

സോവിയറ്റ് യൂണിയന്‍ വീണതിന് ശേഷം 1991-ല്‍ യുക്രൈന്‍ സ്വാതന്ത്ര്യം നേടി. യുക്രൈന്റെ കിഴക്കന്‍ ഭാഗത്ത് താമസിക്കുന്ന യുക്രൈനികള്‍ റഷ്യയുമായി കൂടുതല്‍ അടുപ്പമുള്ളവരാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ പടിഞ്ഞാറന്‍ ഭാഗത്തുള്ളവര്‍ യൂറോപ്യന്‍ യൂണിയനോട് താത്പര്യമുള്ളവരാണ്. ഇവര്‍ തികഞ്ഞ റഷ്യ വിരുദ്ധരുമാണ്.

റഷ്യയുടെ പിന്തുണയുള്ള വിമതര്‍ക്ക് കിഴക്കന്‍ യുക്രൈനിലെ പ്രദേശങ്ങളുടെ വലിയൊരു ഭാഗത്തിന്റെ നിയന്ത്രണമുണ്ടായിരുന്നു. 2014-ല്‍ റഷ്യ ക്രിമിയയെ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അടുത്തിടെ റഷ്യ ഡൊനെറ്റ്‌സ്‌കിനെയും ലുഹാന്‍സ്‌കിനെയും പ്രത്യേക രാഷ്ട്രങ്ങളായി അംഗീകരിക്കുകയും ചെയ്തിരുന്നു. അത് തന്നെ നേരിട്ടുള്ള ഒരു യുദ്ധ പ്രഖ്യാപനത്തിന് സമാനമായിരുന്നു.

റഷ്യയെ അപേക്ഷിച്ച് യുക്രൈനിയന്‍ സൈന്യം ഒരു ഭീഷണിയല്ല. റഷ്യയില്‍ 8.5 ലക്ഷം സജീവ സൈനികരുള്ളപ്പോള്‍ യുക്രൈനില്‍ 2 ലക്ഷം സജീവ സൈനികര്‍ മാത്രമാണുണ്ടായിരുന്നത്. റഷ്യയുടെ പ്രതിരോധ ബജറ്റ് യുക്രൈനിന്റെ 10 മടങ്ങാണ്. അത്തരമൊരു സാഹചര്യത്തില്‍ യുക്രൈനിന് സംരക്ഷണം ഉറപ്പുനല്‍കാന്‍ കഴിയുന്ന നാറ്റോ പോലെ ഒരു സൈനിക സംഘടനയുടെ കവചം ആവശ്യമാണ്. അതുകൊണ്ടുതന്നെ യുക്രൈനിന് നാറ്റോയേക്കാള്‍ മികച്ച ഒരു ഓപ്ഷന്‍ ഉണ്ടായിരുന്നില്ല.

റഷ്യയ്ക്ക് വേണ്ടത്

കിഴക്കന്‍ യൂറോപ്പില്‍ ഇനിയും നാറ്റോയുടെ വ്യാപനം അനുവദിച്ചാല്‍ അത് തങ്ങള്‍ക്ക് അത്ര നല്ലതല്ല എന്ന ബോധ്യം റഷ്യയ്ക്കുണ്ട്. ഇത് അവസാനിപ്പിക്കണമെന്നതാണ് റഷ്യയുടെ പ്രധാന അജണ്ട. യുക്രൈന് അംഗത്വം നല്‍കില്ലെന്ന് നാറ്റോ ഉറപ്പ് നല്‍കണമെന്നതായിരുന്നു പുതിന്‍ ആവശ്യപ്പെട്ടത്. നാറ്റോ 1997-ന് മുമ്പുള്ള നിലയിലേക്ക് പിന്മാറണമെന്നും റഷ്യയുടെ അയല്‍പക്കത്ത് ആയുധങ്ങള്‍ വിന്യസിക്കുന്നത് നിര്‍ത്തണമെന്നും റഷ്യ ആവശ്യപ്പെടുന്നുണ്ട്.

കൂടാതെ, 1955-ല്‍ നാറ്റോ രൂപീകരണത്തിന് മറുപടിയായി ഒപ്പുവച്ച വാര്‍സോ ഉടമ്പടിയുടെ ഭാഗമായ 14 രാജ്യങ്ങളുടെ നാറ്റോ അംഗത്വത്തെ റഷ്യ വെല്ലുവിളിക്കുകയും ചെയ്തു. അംഗരാജ്യങ്ങള്‍ക്ക് സൈനിക സംരക്ഷണം നല്‍കുക എന്നതായിരുന്നു ഈ ഉടമ്പടിയുടെയും ലക്ഷ്യം. എന്നാല്‍ സോവിയേറ്റ് യൂണിയന്‍ തകര്‍ന്നതോടെ ഈ ഉടമ്പടിക്ക് തന്നെ അര്‍ഥമില്ലാത്തതായി.

നാറ്റോ - റഷ്യ സംഘര്‍ഷമുണ്ടായാല്‍?

സൈനിക ശക്തിയുടെ കാര്യത്തിലാണെങ്കിലും പ്രതിരോധ ചെലവിന്റെ കാര്യത്തിലായാലും റഷ്യയും നാറ്റോയും തമ്മില്‍ താരതമ്യം ചെയ്യാന്‍ പോലുമാകില്ല. അത്രയ്ക്ക് ശക്തരാണ് നാറ്റോ സേന. നാറ്റോയുടെ കണക്കനുസരിച്ച് 2021-ല്‍ 30 അംഗരാജ്യങ്ങളുടെയും പ്രതിരോധ ബജറ്റ് 1,174 ബില്യണ്‍ ഡോളറാണ്. മറുവശത്ത് റഷ്യ 2020ല്‍ പ്രതിരോധത്തിനായി ചിലവഴിച്ചത് 61.7 ബില്യണ്‍ ഡോളര്‍ മാത്രമാണ്.

നാറ്റോ നേരിട്ട് യുദ്ധത്തില്‍ പങ്കെടുത്താല്‍ 33 ലക്ഷത്തിലധികം സൈനികര്‍ അവര്‍ക്കുവേണ്ടി പോരാടാന്‍ സജ്ജരാണ്. റഷ്യയ്ക്കാകട്ടെ 8 ലക്ഷം സജീവ സൈനികരുള്‍പ്പെടെ 12 ലക്ഷം സൈനികര്‍ മാത്രമാണ് ഉണ്ടാകുക. ഇതെല്ലാമാണ് റഷ്യയുടെ ആധിക്ക് കാരണം. യുക്രൈന്‍ നാറ്റോ അംഗമാകുന്നതിന് മുന്‍പ് അവരെ വരുതിയിലാക്കിയില്ലെങ്കില്‍ വന്‍ സുരക്ഷാ ഭീഷണിയാണ് തങ്ങള്‍ക്കുണ്ടാകുക എന്ന കൃത്യമായ ബോധ്യമാണ് ഇപ്പോള്‍ ഒരു യുദ്ധം പ്രഖ്യാപിച്ച് അധിനിവേശത്തിലേക്ക് കടക്കാന്‍ റഷ്യയെ പ്രേരിപ്പിച്ചത്.

ഇനിയെന്ത്?

യുദ്ധം ആരംഭിച്ച് 48 മണിക്കൂര്‍ ആകുന്നതിന് മുന്‍പ് തന്നെ യുക്രൈന്‍ തലസ്ഥാനമായ കീവിന്റെ നിയന്ത്രണം റഷ്യ ഏറ്റെടുത്ത് കഴിഞ്ഞു. അതിനാല്‍ തന്നെ അധിക നേരം യുക്രൈന് പിടിച്ചുനില്‍ക്കാനാകുമെന്ന് കരുതാനാകില്ല. എന്നാല്‍ യുക്രൈന്‍ റഷ്യയുടെ ഭാഗമാക്കാന്‍ അവര്‍ ശ്രമിക്കാനിടയില്ല. സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന രാജ്യത്തെ ഏറ്റെടുക്കുന്നത് ഈ സമയത്ത് റഷ്യയ്ക്ക് ഒരു ബാധ്യതയാകും. യുക്രൈന്‍ കീഴടങ്ങിയാല്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് പുതിന്‍ ഇതിനോടകം തന്നെ പറഞ്ഞിരുന്നു.

തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ഒരാള്‍ പ്രസിഡന്റായാല്‍ യുദ്ധത്തില്‍ നിന്ന് പിന്‍മാറുമെന്നതായിരിക്കാം ഒരു പക്ഷേ റഷ്യ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്ന്. മറ്റൊന്ന് ഇനി ഒരിക്കലും നാറ്റോയില്‍ അംഗം ആകില്ലെന്നുള്ള ഉടമ്പടിയുമാകുമെന്നത് വ്യക്തമാണ്. എന്തായാലും യുക്രൈന്റെ നാറ്റോ മോഹം അവസാനിക്കാതെ റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യത വളരെ വിരളമാണ്.

ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പുതിന്‍ പറയുമ്പോഴും പുതിന്‍ നടത്തുന്ന പ്രസ്താവനകള്‍ ആശങ്കയോടെയാണ് ലോകം നോക്കി കാണുന്നത്. യുക്രൈന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യുക്രൈനിയന്‍ സൈനികരോട് ആഹ്വാനം ചെയ്തതാണ് ഏറ്റവുമൊടുവിലത്തെ ഉദാഹരണം. ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍ യുക്രൈനിയന്‍ സൈന്യത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു പുതിന്റെ ആഹ്വാനം.

യുക്രൈന്‍ നേതാക്കളെ 'ഭീകരവാദികള്‍' എന്നും 'മയക്കുമരുന്നിന് അടിമകളായവരുടെയും നവ നാസികളുടെയും ഒരു സംഘം' എന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ചര്‍ച്ചയ്ക്ക് തയാറാണെന്ന് പറയുന്ന സമയത്തും ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിലൂടെ ഒരു സമാധാനം ഇനി റഷ്യ ആഗ്രഹിക്കുന്നില്ലെന്നുള്ളതാണ് വ്യക്തമാകുന്നത്.

No comments