കോവിഡ് വർധനയിൽ ഭയപ്പെടേണ്ടെന്ന് വിദഗ്ധർ; വന്നുപോകുന്നത് ജലദോഷപ്പനി പോലെ
തിരുവനന്തപുരം: മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം കോവിഡ് കേസുകളിൽ നേരിയ വർധന കണ്ടുതുടങ്ങിയെങ്കിലും അമിതമായി ഭയപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യവിദഗ്ധർ. രോഗസ്ഥിരീകരണ നിരക്ക് 10 പിന്നിട്ടെങ്കിലും അധികപേരിലും ജലദോഷപ്പനി പോലെ വന്നുപോവുകയാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. കേസുകൾ വർധിക്കുന്നുണ്ടെങ്കിലും ആശുപത്രിയിലാകുന്നവരുടെ എണ്ണം കൂടിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
എല്ലാ പാൻഡമിക്കുകളും (മഹാമാരി) കെട്ടടങ്ങിയാലും എൻഡമിക്കായി (പ്രാദേശികമായി പതിവായി കണ്ടുവരുന്ന രോഗം) നിലനിൽക്കുമെന്നും ഇത്തരം വൈറസുകളെ വാക്സിനും ജീവിതരീതികളും മാസ്ക്, സാമൂഹികഅകലം പോലുള്ള ശീലങ്ങളും കൊണ്ടേ നിയന്ത്രിച്ച് നിർത്താനാകൂവെന്നും സർക്കാർ നിയോഗിച്ച കോവിഡ് വിദഗ്ധ സമിതി അധ്യക്ഷൻ ഡോ.ബി. ഇക്ബാൽ 'മാധ്യമ'ത്തോട് പറഞ്ഞു. മനുഷ്യരിൽ മാത്രം നിലനിൽക്കുന്ന വൈറസുകളെയേ വാക്സിനിലൂടെ പൂർണമായും നിർമാർജനം ചെയ്യാൻ കഴിയൂ. അങ്ങനെ രണ്ട് വൈറസുകളേയുള്ളൂ. പോളിയോയും വസൂരിയും. മറ്റ് വൈറസുകൾ മനുഷ്യരിലോ മറ്റ് ജീവജാലങ്ങളിലോ ചുറ്റുപാടിലോ നിലനിൽക്കും.