പരിസ്ഥിതി പ്രവൃത്തി സൂചിക: 180 രാജ്യങ്ങളില്‍ 180-ാം സ്ഥാനത്ത് ഇന്ത്യ
ന്യൂഡൽഹി: 180 രാജ്യങ്ങള്‍ അണിനിരന്ന ലോക പരിസ്ഥിതി പ്രവൃത്തി സൂചികയില്‍ (Environment performance Index) ഏറ്റവും പിന്നിലായി ഇന്ത്യ. ലോകത്തെ ഏറ്റവും സുസ്ഥിര രാജ്യമായി ഡെന്‍മാര്‍ക്കിനെ അടയാളപ്പെടുത്തിയ പട്ടികയില്‍ 180ാം സ്ഥാനത്താണ് ഇന്ത്യ. ഏറ്റവും പുതിയ ശാസ്ത്രീയ പാരിസ്ഥിതിക സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും കുറഞ്ഞ സ്‌കോറുകളോടെ ഇന്ത്യ എല്ലാ രാജ്യങ്ങളുടെയും ഏറ്റവും പുറകിലാണെന്നാണ് ഇപിഐ പറയുന്നത്. 2012ല്‍ 19.5 പോയിന്റുമായി 179ാം സ്ഥാനത്തായിരുന്ന ഇന്ത്യ പത്ത് വര്‍ഷം കൊണ്ട് .6 പോയിന്റ് കുറഞ്ഞാണ് ഏറ്റവും ഒടുവലത്തെ സ്ഥാനത്തെത്തിയത്. 2020-ല്‍ 168ാം സ്ഥാനമുണ്ടായിരുന്ന ഇന്ത്യ 2021ല്‍ 177ാം സ്ഥാനത്തേക്കും 2022-ല്‍ ഏറ്റവും പിന്നിലായി 180ാം സ്ഥാനത്തേക്കും പിന്തള്ളപ്പെടുകയായിരുന്നു.
ഒരു രാജ്യത്തിന്റെ കാലാവസ്ഥാ നയം, ആവാസവ്യവസ്ഥയുടെ ചൈതന്യം, ആരോഗ്യം എന്നീ മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പരിസ്ഥിതി പ്രവൃത്തി സൂചിക കണക്കാക്കുന്നത്. 2002-ലാണ് ഈ സൂചിക കണക്കാക്കിത്തുടങ്ങിയത്. വായു മലിനീകരണം, ജല മലിനീകരണം, പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കായുള്ള മുതല്‍മുടക്ക്, പരിഗണന എന്നിവ കൂടി പരിഗണിച്ചാണ് പരിസ്ഥിതി പ്രവൃത്തി സൂചിക തയ്യാറാക്കുന്നത്.