Featured Posts

Breaking News

തദ്ദേശഭരണ സ്ഥാപനങ്ങള്‍ വരവും കുടിശ്ശികയും നിയമസഭയെ അറിയിക്കണം


തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ വരവിന്റെയും കുടിശ്ശികയുടെയും കണക്കുകള്‍ നിയമസഭയെ അറിയിക്കണമെന്ന സംസ്ഥാന ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. സര്‍ക്കാരാണ് ഈ വിശദാംശങ്ങള്‍ തയ്യാറാക്കി സഭയെ അറിയിക്കേണ്ടത്. തദ്ദേശസ്ഥാപനങ്ങളുടെ സാമ്പത്തിക കെടുകാര്യസ്ഥത ഒഴിവാക്കാന്‍ നിയമസഭയുടെ മേല്‍നോട്ടം ഉറപ്പുവരുത്താനാണ് ഈ നടപടി
25 ശതമാനത്തോളം നികുതി തദ്ദേശസ്ഥാപനങ്ങള്‍ പിരിച്ചെടുക്കുന്നില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്.
കുടിശ്ശിക എത്രയെന്ന് വ്യക്തമാക്കുന്ന രജിസ്റ്റര്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളും തയ്യാറാക്കണം. നികുതിപിരിവ് മൂന്നുമാസത്തിലൊരിക്കല്‍ ഗ്രാമ, വാര്‍ഡ് സഭകളില്‍ അവലോകനംചെയ്യണം.

മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് അധ്യക്ഷനായ ആറാം സംസ്ഥാന ധനകാര്യ കമ്മിഷന്‍ തദ്ദേശസ്ഥാപനങ്ങളുടെ സാമ്പത്തിക പരിപാലനത്തില്‍ ചില മാറ്റങ്ങള്‍ ശുപാര്‍ശചെയ്തിരുന്നു. അവയാണ് സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവിറക്കിയത്. തദ്ദേശസ്ഥാപനങ്ങളുടെ സാമ്പത്തികപുരോഗതി ഉറപ്പുവരുത്താനാണ് ഈ മാറ്റങ്ങള്‍.

പിരിച്ചെടുക്കാത്ത നികുതി എത്രയെന്ന് ആര്‍ക്കും തിട്ടമില്ലാത്ത സ്ഥിതിയാണിപ്പോള്‍. എത്ര പിരിക്കണം, അതില്‍ എത്രപിരിച്ചു എന്നകണക്ക് മുമ്പ് തദ്ദേശസ്ഥാപനങ്ങളില്‍ സൂക്ഷിക്കുമായിരുന്നു. എന്നാല്‍, കണക്കുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയതോടെ ആരും ഇത്തരം രജിസ്റ്റര്‍ തയ്യാറാക്കാതായി.

കെട്ടിടനികുതിയും പ്രൊഫണല്‍നികുതിയും ഒക്കെ പിരിച്ചെടുക്കാത്തവയിലുണ്ട്. വന്‍ വരുമാനച്ചോര്‍ച്ചയാണ് ഇതിലൂടെ ഉണ്ടാകുന്നത്. ഇതിന് അറുതിവരുത്താനാണ് പുതിയ നിര്‍ദേശം.

നിയമസഭയില്‍ ലോക്കല്‍ഫണ്ട്സ് അക്കൗണ്ട്‌സ് കമ്മിറ്റി നിലവിലുണ്ട്. ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പ് ചൂണ്ടിക്കാട്ടുന്ന തദ്ദേശസ്ഥാപനങ്ങളുടെ ഓഡിറ്റ് റിപ്പോര്‍ട്ടാണ് ഈ സമിതിക്കുമുന്നിലെത്തുന്നത്. പുതിയ തീരുമാനമനുസരിച്ച് ഇനി സര്‍ക്കാര്‍ തയ്യാറാക്കുന്ന വരവ്, കുടിശ്ശിക റിപ്പോര്‍ട്ടും ഈ സമിതിയുടെ മുമ്പിലെത്തും. കുടിശ്ശിക പിരിച്ചെടുക്കാന്‍ വീഴ്ചവരുത്തിയാല്‍ ആ തദ്ദേശസ്ഥാപനത്തിന്റെ സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഈ കമ്മിറ്റിക്ക് സ്വീകരിക്കാം.

തദ്ദേശസ്ഥാപനങ്ങളെടുത്ത വായ്പ, അതിലെ തിരിച്ചടവ് എന്നിവയുടെയും കണക്കുകള്‍ ഭരണസമിതിയോഗങ്ങളിലും ഗ്രാമസഭകളിലും വാര്‍ഡ് കമ്മിറ്റികളിലും അവലോകനം ചെയ്യണം. നികുതി വരുമാനക്കണക്ക് മൂന്നുമാസത്തിലൊരിക്കല്‍ ഭരണസമിതിയില്‍ ഹാജരാക്കി ചര്‍ച്ചചെയ്യാനും സര്‍ക്കാര്‍ ഉത്തരവിട്ടു.

No comments