അഞ്ച് ഗോളടിച്ച് വിമര്‍ശകരുടെ വായടപ്പിച്ച് മെസ്സി
സെവിയ: സൂപ്പര്‍താരം ലയണല്‍ മെസ്സി ഗോളടിച്ചുകൂട്ടിയ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ എസ്തോണിയയെ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്കാണ് അര്‍ജന്റീന തകര്‍ത്തത്. അഞ്ച് ഗോളും മെസ്സിയാണ് നേടിയത്. ഇതോടെ അര്‍ജന്റീന പരാജയമറിയാതെ 33 മത്സരം പിന്നിട്ടു.എട്ടാം മിനിറ്റില്‍ പെനാല്‍ട്ടിയില്‍നിന്ന് ആദ്യഗോള്‍ നേടിയ മെസ്സി 45, 47, 71, 76 മിനിറ്റുകളിലും ലക്ഷ്യംകണ്ടു. കരിയറില്‍ രണ്ടാംതവണയാണ് മെസ്സി അഞ്ചു ഗോള്‍ നേടുന്നത്. 2012-ല്‍ സ്പാനിഷ് ക്ലബ്ബ് എഫ്.സി. ബാഴ്സലോണയ്ക്കായി ബയേര്‍ ലേവര്‍ക്യൂസനെതിരേയാണ് ആദ്യം നേട്ടം കൈവരിച്ചത്.
അഞ്ച് ഗോള്‍ നേടിയതോടെ മെസ്സി അന്താരാഷ്ട്ര ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാമതെത്തി. അര്‍ജന്റീനയ്ക്കായി മെസ്സിയുടെ ഗോള്‍ നേട്ടം 86 ആയി ഉയര്‍ന്നു. ഇതോടെ ഇതിഹാസതാരം പുസ്‌കാസിനെ മറികടന്ന് ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ മെസ്സി നാലാമതെത്തി. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആണ് ഒന്നാമത്.