തുടർച്ചയായി എട്ട് പരാജയങ്ങൾ, പുതിയ ചിത്രം ഒ.ടി.ടി.യിൽ റിലീസ് ചെയ്യാൻ കങ്കണ
സിനിമകളുടെ തുടർച്ചയായ പരാജയങ്ങൾ മറികടക്കാൻ ഒ.ടി.ടി. പരീക്ഷണത്തിനൊരുങ്ങി നടി കങ്കണ റണൗട്ട്. പുതിയ ചിത്രം ‘തേജസ്’ ഒ.ടി.ടി. റിലീസ് ആയിരിക്കുമെന്നാണ് റിപ്പോർട്ട്. ബോളിവുഡ് പ്രതീക്ഷയോടെ കണ്ട ‘ധാക്കഡ്’ എന്ന ചിത്രത്തിന്റെ ദയനീയ പരാജയമാണ് ഈ തീരുമാനത്തിന് പിന്നിൽ. പ്രേക്ഷകരെ ആകർഷിക്കാൻ തേജസിന്റെ ചില ഭാഗങ്ങൾ വീണ്ടുംചിത്രീകരിക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്.വ്യോമസേനയിലെ ഫൈറ്റർ പൈലറ്റിന്റെ വേഷത്തിലാണ് കങ്കണ തേജസിൽ എത്തുന്നത്. സർവേഷ് മേവാരയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. അൻഷുൽ ചൗഹാൻ, സങ്കല്പ് ഗുപ്ത, വരുൺ മിത്ര എന്നിവർ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വലിയ കാൻവാസിൽ ഒരുങ്ങിയ ആക്ഷൻ സ്പൈ ത്രില്ലർ ചിത്രമായിരുന്നു ധാക്കഡ്. 100 കോടി ബജറ്റ്. തിയേറ്ററുകളിലെത്തിയ ചിത്രം പക്ഷേ ബോക്‌സ് ഓഫീസിൽ വൻ പരാജയമായി. ബോക്‌സ് ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം ലഭിച്ച ഓപ്പണിങ് കളക്ഷൻ 50 ലക്ഷത്തിനടുത്തായിരുന്നു. ആദ്യ വാരാന്ത്യദിനങ്ങളിൽനിന്ന് ചിത്രത്തിന് രണ്ടുകോടിപോലും നേടാനായില്ല.