Breaking News

മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ അന്വേഷണം വേണം, പുതിയ മൊഴി നല്‍കാം'; സ്വപ്നയുടെ സത്യവാങ്മൂലം


കൊച്ചി: സ്വപ്‌ന സുരേഷ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ കസ്റ്റംസ് കേസില്‍ മൊഴി നല്‍കിയിരുന്നെങ്കിലും ഇതില്‍ അന്വേഷണം ഉണ്ടായില്ലെന്നും തന്റെ മൊഴിയില്‍ ഉള്ളവരേക്കുറിച്ച് അന്വേഷണം വേണമെന്നും സ്വപ്ന സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു.


കഴിഞ്ഞ ദിവസം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് സ്വപ്‌ന സത്യവാങ്മൂലം നല്‍കിയത്. സത്യവാങ്മൂലത്തില്‍ കസ്റ്റംസിനെതിരേയാണ് പ്രധാനമായും വിമര്‍ശനമുള്ളത്. കസ്റ്റംസ് കേസില്‍ മൊഴി നല്‍കിയെങ്കിലും അതില്‍ കൃത്യമായ അന്വേഷണമുണ്ടായില്ല. ഇതില്‍ വിശദമായ അന്വേഷണത്തിനായി പുതിയ മൊഴി നല്‍കാന്‍ തയ്യാറാണെന്നും എല്ലാ കാര്യങ്ങളും കോടതിയില്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.


സ്വര്‍ണക്കടത്ത് കേസില്‍ നല്‍കിയ രഹസ്യമൊഴിയില്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പങ്കാളിത്തത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതില്‍ അന്വേഷണം ഉണ്ടായില്ല. തന്റെ ജീവന് ഭീഷണിയുണ്ട്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ സത്യം പുറത്തുവരാത്ത അവസ്ഥയുണ്ടാകും. അതുകൊണ്ട് ഇക്കാര്യത്തില്‍ നീതിപൂര്‍വമായ അന്വേഷണം വേണം. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.


നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ. അറസ്റ്റുചെയ്തശേഷം സ്വപ്നയുടെ രഹസ്യമൊഴി ശേഖരിച്ചിരുന്നു. പിന്നീട് അന്വേഷണം ശക്തമാക്കിയ കസ്റ്റംസ് ഈ മൊഴി ആവശ്യപ്പെട്ടെങ്കിലും എന്‍.ഐ.എ. കോടതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് 2020 ഡിസംബര്‍ ആദ്യവാരം കസ്റ്റംസ് കേസില്‍ സ്വപ്ന എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിയില്‍ രഹസ്യമൊഴി നല്‍കി. കസ്റ്റംസ് കേസിന് പിന്‍ബലമേകുന്നതായിരുന്നു സ്വപ്നയുടെ രഹസ്യമൊഴി. കസ്റ്റംസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍നിന്ന് ഇക്കാര്യം വ്യക്തമാണ്. ഈ രഹസ്യമൊഴി ഇ.ഡി. അന്വേഷണസംഘം കസ്റ്റംസിനോട് ആവശ്യപ്പെട്ടെങ്കിലും 2021 മാര്‍ച്ചില്‍ ഇ.ഡി.യുടെ ആവശ്യം കോടതി തള്ളുകയായിരുന്നു.


എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ അന്തിമകുറ്റപത്രം നല്‍കാനിരിക്കെയാണ് സ്വപ്‌നയുടെ പുതിയ മൊഴി. ഇത് ഇഡിയുടെ കേസിന് പിന്‍ബലമാകുമെന്നാണ് കരുതുന്നത്. സ്വപ്‌നയുടെ മൊഴി പകര്‍പ്പ് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നുതന്നെ കോടതിയെ സമീപിക്കും. സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരിക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിക്കുക.

No comments