നയന്‍താര-വിഘ്നേഷ് ശിവന്‍ വിവാഹം വ്യാഴാഴ്ച
ചെന്നൈ: കോളിവുഡിലെ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രണയജോടിയായ നടി നയന്‍താരയും സംവിധായകനും നിര്‍മാതാവുമായ വിഘ്നേഷ് ശിവനും വ്യാഴാഴ്ച വിവാഹിതരാകും. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോര്‍ട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകള്‍. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക. ക്ഷണക്കത്തിന്റെ ആനിമേറ്റഡ് വീഡിയോ വൈറലാണ്
ചടങ്ങ് നടക്കുന്നിടത്തേക്ക് മാധ്യമങ്ങള്‍ക്കും പ്രവേശനമില്ല. പകരം, വ്യാഴാഴ്ച ഉച്ചയോടെ വിവാഹചിത്രങ്ങള്‍ പുറത്തുവിടുമെന്ന് വിഘ്നേഷ് ശിവന്‍ അറിയിച്ചു. സിനിമാ മേഖലയിലുള്ളവരടക്കമുള്ള പ്രമുഖര്‍ക്കുവേണ്ടി സത്കാരവും നടത്തുന്നുണ്ട്. ശനിയാഴ്ച ഇരുവരും മാധ്യമങ്ങളെ കാണും. വിവാഹസത്കാരത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, തമിഴിലെ സൂപ്പര്‍ താരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നാണ് വിവരം. വിവാഹച്ചടങ്ങുകള്‍ ഡോക്യുമെന്ററി പോലെ ചിത്രീകരിക്കുന്നുണ്ട്. സംവിധായകന്‍ ഗൗതം മേനോനാണ് ഇതിന്റെ സംവിധാനം നിര്‍വഹിക്കുന്നതെന്നാണ് സൂചന. വിവാഹച്ചടങ്ങിന്റെ സംപ്രേഷണാവകാശം ഒ.ടി.ടി. പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ളിക്‌സിനാണ്.
വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത 'നാനും റൗഡിതാന്‍' എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും അടുക്കുന്നത്. ആറുവര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം.