മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്ക് വിലക്കിയതിൽ ഡി.ജി.പി വിശദീകരണം തേടി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുപ്പിന് വിലക്കേർപ്പെടുത്തിയ നടപടിയിൽ ഡി.ജി.പി അനിൽ കാന്ത് വിശദീകരണം തേടി. മാസ്ക് അഴിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് വിശദീകരണം ആവശ്യപ്പെട്ടത്. കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളുടെ പൊലീസ് മേധാവിമോരോടാണ് വിശദീകരണം തേടിയത്.
കരിങ്കൊടി പ്രതിഷേധം ഭയന്നാണ് മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുത്ത മാസ്കിനും വസ്ത്രത്തിനും വിലക്കേർപ്പെടുത്തിയത്. പരിപാടികളിൽ കറുത്ത മാസ്ക് ധരിച്ചെത്തിയവരുടെ മാസ്ക് മാറ്റി നൽകുകയും കറുത്ത വസ്ത്രം ധരിച്ചവർക്ക് പ്രവേശനം നിഷേധിക്കുകയുമെല്ലാം ചെയ്തത് രൂക്ഷ വിമർശനത്തിന് ഇടയാക്കിയിരുന്നു. പ്രതിപക്ഷ പാർട്ടികളെ കൂടാതെ, സമൂഹ മാധ്യമങ്ങളും പത്ര-ദൃശ്യ മാധ്യമങ്ങളും ഈ നടപടിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
അതിന് പിന്നാലെ കറുപ്പിന് വിലക്കില്ലെന്നും കറുത്ത വസ്ത്രങ്ങളും മാസ്കും ധരിച്ച് ആർക്കും എവിടെ വേണമെങ്കിലും പോകാമെന്നും മുഖ്യമന്ത്രി തന്നെ വിശദീകരിച്ച് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കറുത്ത മാസ്ക് വിലക്കരുതെന്ന് അറിയിച്ചിട്ടും വിലക്കേർപ്പെടുത്തിയതായി വാർത്തകളുണ്ടായി. ഈ സാഹചര്യത്തിലാണ് പൊലീസ് മേധാവിമാരോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.