ഇന്നും പ്രതിഷേധം കനക്കും; സംഘർഷ സാധ്യത, കരിദിനവുമായി കോൺഗ്രസ്
തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധമുണ്ടായതിനു പിന്നാലെ, ഇന്നലെ രാത്രി മുതൽ ആരംഭിച്ച വ്യാപക പ്രതിഷേധവും സംഘർഷവും ഇന്നും തുടരാൻ സാധ്യത. ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കോൺഗ്രസ് കരിദിനം ആചരിക്കുന്നുണ്ട്.
ഇന്നലെ വൈകുന്നേരം വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രിതിഷേധിച്ചതിന് പിന്നാലെ സംസ്ഥാന വ്യാപകമായാണ് സംഘർഷങ്ങളുണ്ടായത്. കണ്ണൂർ, കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് സംഘർഷമുണ്ടായത്. പലയിടത്തും കോൺഗ്രസ്-സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.രാത്രി ഏഴരയോടെ മുതിർന്ന നേതാവ് എ.കെ. ആന്റണി ഓഫിസിൽ ഉണ്ടായിരുന്നപ്പോഴാണ് ഒരു സംഘം സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ തിരുവനന്തപുരത്ത് കോൺഗ്രസ് ആസ്ഥാനമായ ഇന്ദിര ഭവനു നേരെ അക്രമം അഴിച്ചുവിട്ടത്. കാർ ഉൾപ്പെടെ മൂന്ന് വാഹനങ്ങളുടെ ചില്ലുകൾ തകർത്തു. ഓഫിസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സുകളും തകർത്തു. അക്രമവുമായി സി.പി.എം മുന്നോട്ടുപോയാൽ പ്രതിരോധിക്കേണ്ടി വരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാർട്ടി ആസ്ഥാനത്തിന് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച കരിദിനം ആചരിക്കുന്നത്.