കുവൈത്തി സ്ത്രീയുടേയും ഏജന്റിന്റെയും പീഡനം; മനുഷ്യക്കടത്ത് അന്വേഷണം കൂടുതല്‍ യുവതികളിലേക്ക്
കൊച്ചി: കുവൈത്തിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ സംഘത്തിനെതിരേ മനുഷ്യക്കടത്ത് കുറ്റം കൂടി ചേര്‍ത്തതോടെ കൂടുതല്‍ യുവതികളിലേക്ക് അന്വേഷണം നീളുന്നു. കൊച്ചി സ്വദേശിയായ യുവതി നല്‍കിയ പരാതിയില്‍ എടുത്ത കേസിലാണ് പുതിയ വകുപ്പ് ചേര്‍ത്തത്. ഈ യുവതിയുടെ പരാതിയില്‍ കൊല്ലം, തൃക്കാക്കര എന്നിവിടങ്ങളില്‍നിന്നുള്ള രണ്ടു യുവതികള്‍ സമാന തട്ടിപ്പ് നേരിട്ടതായി പറഞ്ഞിരുന്നു. ഇവരടക്കം കൂടുതല്‍ പേര്‍ മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.
പുതിയ വകുപ്പ് ചേര്‍ത്തതോടെ കേസ് അന്വേഷണം എന്‍.ഐ.എ. ഏറ്റെടുക്കാനുള്ള നീക്കത്തിനു വേഗം കൂടി. നേരത്തേ പോലീസ് മനുഷ്യക്കടത്തു കുറ്റങ്ങള്‍ക്കുള്ള വകുപ്പായ ഐ.പി.സി. 370 ചുമത്താതിരുന്നതിനാല്‍ അന്വേഷണം ഏറ്റെടുക്കുന്നതില്‍ എന്‍.ഐ.എ.ക്ക് തടസ്സമുണ്ടായിരുന്നു. കേസിലെ മുഖ്യ പ്രതി കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മജീദ്, ഇയാളുടെ ഏജന്റായ എറണാകുളം സ്വദേശി അജുമോന്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ഇതില്‍ അജുമോന്‍ കഴിഞ്ഞ ദിവസം പോലീസില്‍ കീഴടങ്ങിയിരുന്നു.
റിമാന്‍ഡിലായ അജുമോനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അടുത്ത ദിവസം പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കേസിലെ നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഇപ്പോള്‍ വിദേശത്തുള്ള മുഖ്യ പ്രതി മജീദിനെ കണ്ടെത്തുന്നതിലും അജുമോന്‍ നല്‍കുന്ന വിവരങ്ങള്‍ നിര്‍ണായകമാകും.
രക്ഷപ്പെട്ട് എത്തിയത് മഹാദുരിതങ്ങള്‍ താണ്ടി
കൊച്ചി: ചെരിപ്പുകൊണ്ടുള്ള അടി മുതല്‍ ഭീകര സംഘടനയായ ഐ.എസിനു വില്‍ക്കുമെന്ന ഭീഷണി വരെയായി ഒരുപാടു പ്രതിസന്ധികള്‍ അതിജീവിച്ച് മനുഷ്യക്കടത്ത് കേസിലെ ഇര. മലയാളിയായ റിക്രൂട്ടിങ് ഏജന്റും 'മാമ' എന്നു വിളിക്കുന്ന കുവൈത്തി സ്ത്രീയുമാണ് യുവതിയെ പല രീതിയില്‍ പീഡിപ്പിച്ചത്. കുവൈത്തില്‍ കുട്ടികളെ പരിചരിക്കുന്ന ജോലി വാഗ്ദാനം ചെയ്താണ് മജീദും സംഘവും യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്. പരസ്യം കണ്ടാണ് റിക്രൂട്ടിങ് ഏജന്‍സിയില്‍ എത്തിയതെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
മാസം 60,000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണ് മജീദിന്റെ റിക്രൂട്ടിങ് ഏജന്‍സി ആകര്‍ഷിച്ചത്. ഓഫീസിലെത്തിയപ്പോള്‍ ഫ്രീ ടിക്കറ്റും വിസയും തരാമെന്നും പറഞ്ഞു. ഇതിനുമുമ്പ് ജോലിക്ക് അയച്ചവരെല്ലാം നല്ല നിലയിലാണെന്നു പറഞ്ഞ് ഫോണില്‍ ചിലരുടെ ചിത്രങ്ങളും കാണിച്ചു. നെടുമ്പാശ്ശേരിയിലെ ഒരാളില്‍നിന്ന് ടിക്കറ്റും മറ്റു രേഖകളും കൈപ്പറ്റി ആദ്യം ദുബായിയില്‍ എത്തി. അവിടെ വെച്ച് ഒരാള്‍ വന്ന് പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ടെന്നും നല്‍കില്ലെന്നു പറഞ്ഞപ്പോള്‍ ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
ദുബായിയില്‍നിന്നാണ് യുവതിയെ പിന്നീട് കുവൈത്തിലെ മജീദിന്റെ ഓഫീസില്‍ എത്തിച്ചത്. അവിടെ മറ്റു ചില സ്ത്രീകളെയും സമാന രീതിയില്‍ കണ്ടിരുന്നു. പിന്നീട് മാമ എന്നു വിളിക്കുന്ന കുവൈത്തി സ്ത്രീ വന്ന് കൂട്ടിക്കൊണ്ടുപോയി. യുവതിയെ കൈമാറിയപ്പോള്‍ മജീദിനു മൂന്നര ലക്ഷം രൂപയോളം ലഭിച്ചതായും പരാതിയിലുണ്ട്.
മാമയുടെ വീട്ടില്‍ വെള്ളവും രണ്ട് കുബ്ബൂസുമാണ് ഭക്ഷണമായി നല്‍കിയിരുന്നത്. കുട്ടികളെ നോക്കാനാണെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും കഠിന ജോലികളാണ് ചെയ്യേണ്ടി വന്നത്. രാവിലെ തുടങ്ങുന്ന ജോലി അര്‍ധരാത്രി വരെ നീളും. കുട്ടികളുടെ കാര്യങ്ങള്‍ നോക്കുന്നതിനൊപ്പം വീട്ടിലെ എല്ലാ പണിയും ചെയ്യേണ്ടി വന്നു. ഇതിനെ എതിര്‍ത്തപ്പോള്‍ മര്‍ദിച്ചതായും പരാതിയുണ്ട്. പിന്നീടും എതിര്‍പ്പ് തുടര്‍ന്നപ്പോഴാണ് 'മാമ' മജീദിനെ വിളിച്ച് യുവതിയെ അയാള്‍ക്കൊപ്പം വിട്ടത്. ഇക്കാര്യങ്ങളെല്ലാം അറിഞ്ഞ് തന്നെ നാട്ടിലേക്കു തിരിച്ചയയ്ക്കാന്‍ ഭര്‍ത്താവ് പറഞ്ഞപ്പോള്‍ മൂന്നര ലക്ഷം രൂപ വേണമെന്ന് മജീദ് ആവശ്യപ്പെട്ടതായി പരാതിയിലുണ്ട്. പണം നല്‍കിയില്ലെങ്കില്‍ ഭീകര സംഘടനയായ ഐ.എസിനു വില്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
പരാതി കൊടുത്ത കൊച്ചി സ്വദേശിക്കു പുറമേ കൊല്ലം സ്വദേശിയായ യുവതിയും തൃക്കാക്കര സ്വദേശിയായ യുവതിയും ഇവരുടെ തട്ടിപ്പില്‍ അകപ്പെട്ടിരുന്നതായും പരാതിയില്‍ പറയുന്നുണ്ട്. കുവൈത്തിലെ അസോസിയേഷന്റെ ഇടപെടല്‍ കൊണ്ടാണ് പ്രതികള്‍ക്ക് യുവതികളെ ഐ.എസിലേക്കു വില്‍ക്കാന്‍ പറ്റാതെ പോയതെന്നും പരാതിയില്‍ പറയുന്നു. മൂന്നു യുവതികളെയും പിന്നീട് നാട്ടിലേക്കു തിരിച്ചയയ്ക്കുകയായിരുന്നു.