അന്താക്ഷരി മുതല്‍ ക്രിക്കറ്റ് വരെ; ആഡംബര ഹോട്ടലില്‍ തിരക്കിലാണ് രാജസ്ഥാനിലെ മുഴുവന്‍ എംഎല്‍എമാരും
ന്യൂഡല്‍ഹി: രാജ്യസഭാതിരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കാനിരിക്കേ രാജസ്ഥാനില്‍ കുതിരക്കച്ചവടനീക്കം തകൃതി. എന്നാല്‍ കുതിരക്കച്ചവടം ഭയന്ന് ആഡംബര റിസോര്‍ട്ടുകളില്‍ അടച്ച എംഎല്‍എമാര്‍ കിട്ടിയ അവസരം പരമാവധി ആഘോഷിച്ച് മുതലാക്കുകയാണ്. പരസ്പരം ഭയന്ന് കോണ്‍ഗ്രസും ബിജെപിയും തങ്ങളുടെ എംഎല്‍എമാരെ ഹോട്ടലുകളില്‍ അടച്ചിട്ടിട്ടുണ്ട്.
ഉദയ്പുരിലുള്ള താജ് ആരവലി പഞ്ചനക്ഷത്ര ഹോട്ടലിലാണ് കോണ്‍ഗ്രസ് എംഎല്‍എമാരുള്ളത്. ജൂണ്‍ രണ്ടിനാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ ഇങ്ങോട്ടേക്ക് മാറ്റിയത്. നാളെ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഇന്ന് ഉച്ചയോടെ ഇവരെ തലസ്ഥാനമായ ജയ്പുരിലെത്തിക്കും. തുടര്‍ന്ന് ജയ്പുരിലെ ഹോട്ടലിലായിരിക്കും തങ്ങുക.
കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാര്‍ക്കൊപ്പം പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന സ്വതന്ത്ര അംഗങ്ങളേയും റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ട്. താജ് ആരവലിയില്‍ അന്താക്ഷരി മുതല്‍ ക്രിക്കറ്റ് വരെ കളിച്ചും സ്വാദിഷ്ഠമായ ഭക്ഷണങ്ങള്‍ രുചിച്ചുമാണ് സമയം ചെലവിടുന്നത്.
ജയ്പൂരിലെ ജാംഡോളിയിലെ ദേവി രതന്‍ ഹോട്ടലിലേക്ക് ബിജെപി എംഎല്‍എമാരെ മാറ്റിയിട്ടുണ്ടെങ്കിലും പാര്‍ട്ടി അതിനെ 'പരിശീലന ക്യാമ്പ്' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. എംഎല്‍എമാരെ പാട്ടിലാക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങളെ തടയിടാന്‍ കോണ്‍ഗ്രസും ചില കരുനീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന സൂചനകളെ തുടര്‍ന്നാണ് ബിജെപി എംഎല്‍എമാരെ മാറ്റിയത്.